Saturday 06 January 2018 03:16 PM IST : By സ്വന്തം ലേഖകൻ

മലയാളിക്ക് ലോകത്ത് എവിടെയും ഭംഗിയായി ഒരുങ്ങാൻ സാരി സഹായിക്കുമെന്ന് പൂർണിമ

fashion_notes1 പൂര്‍ണിമ ഇന്ദ്രജിത് , മോഡല്‍: ശിവദ

എല്ലാ കണ്ണുകളിലുംവിസ്മയം വിടർത്താൻ ട്രെൻഡിയായി വസ്ത്രം ധരിക്കണം, നിർദ്ദേശങ്ങളും സംശയങ്ങൾക്ക് മറുപടിയും നൽകാൻ പൂർണിമ ഇന്ദ്രജിത്. വനിതയിലെ പുതിയ പംക്തി ഫാഷന്‍ നോട്സ് വായിക്കാം.

മൂന്നു മാസം മുന്‍പ് ഞാന്‍ പാരീസിലേക്കൊന്നു പറന്നു. പാരീസ് ഇന്റർനാഷനൽ ഫാഷൻ വീക്ക് ആസ്വദിക്കാനായിരുന്നു ഈ യാത്ര. അവിടെ രാഹുൽ മിശ്രയെന്ന ഇന്ത്യൻ ഡിസൈനറുടെ പിന്നണി സഹായിയാകാൻ കഴിഞ്ഞത് ഭാഗ്യമായി. പാരീസ് തരുന്ന പൊസിറ്റീവ് എനർജി പറഞ്ഞറിയിക്കാനാകില്ല. തെരുവുകളിലൂടെ നടക്കുമ്പോൾ കാണാം, എല്ലാവരുടെയും വസ്ത്രങ്ങൾക്ക് സ്പെഷാലിറ്റീസ് ഉണ്ടെന്ന്. ഫാഷൻ രക്തത്തില്‍ അലിഞ്ഞ് എല്ലാവർക്കുമൊപ്പം ഉണ്ടെന്നു തോന്നും.

ഇവന്റിന് സാരിയുടുക്കാനായിരുന്നു എന്റെ തീരുമാനം. ആ കൊടും തണുപ്പിൽ വെസ്റ്റേൺ വിന്റർ ഉടുപ്പുകളാണ് കൂടുതൽ സൗകര്യം. പക്ഷേ, നമ്മളെന്താണെന്നുള്ളതിന്റെ എക്സ്പ്രഷനാണ് വസ്ത്രം. അതുകൊണ്ട് നമ്മുടെ സ്വന്തം കലംകാരി സാരിയാണ് തിരഞ്ഞെടുത്തത്. ഒപ്പം ഫുൾസ്ലീവ് വിന്റേഴ്സും ബൂട്സുമിട്ട് ഒരു സേഫ്റ്റി പിന്നിന്റെ പോലും സഹായമില്ലാതെ ഞാൻ അവിടെ പാറി നടന്നു. സാരിക്കൊപ്പം ബൂട്സിടണമെന്ന കാലങ്ങളായുള്ള ആഗ്രഹവും അന്നു സാധിച്ചു. മനസ്സുനിറയെ കോംപ്ലിമെന്റ്സ് കിട്ടി അന്ന്. എന്തിട്ടാലും പൂർണമായി ഭംഗി തോന്നണമെങ്കിൽ കോൺഫിഡൻസോടെ അണിയണമെന്ന് ഒന്നുകൂടി ഉറപ്പിച്ച ദിവസമായിരുന്നു അത്.

Q:ഒാരോ സ്കിൻ ടോണിനും ഏറ്റവും യോജിച്ച നിറങ്ങൾ പറയാമോ?

A:നിറങ്ങള്‍ക്ക് നമ്മുടെ സ്കിൻ ടോൺ കൂടുതൽ ഭംഗിയാക്കാൻ കഴിയില്ല. ധരിക്കുന്ന നിറത്തിന്റെ പ്രതിഫലനം സ്കിൻ ഷെയ്ഡ് ഡൾ ആക്കുമോ, ബ്രൈറ്റ് ആക്കുമോ എന്നതാണ് പ്രധാനം. ഇത് അനുഭവത്തിലൂടെ സ്വയം മനസ്സിലാക്കിയെടുക്കണം. ഏതു നിറം ധരിക്കുന്നതാണോ മനസ്സിന് കൂടുതല്‍ ഇഷ്ടം എന്നു തോന്നുന്നത്, ആ നിറം തിരഞ്ഞെടുക്കുക. മാത്രമല്ല, പോകുന്ന സന്ദർഭത്തിനനുസരിച്ച് നിറങ്ങളെ റീ കൺസിഡർ ചെയ്യണം. പാത്രമറിഞ്ഞ് വിളമ്പണമെന്ന പോലെ സഭയറിഞ്ഞ് വേണം ഒരുങ്ങാൻ. ട്ര‍ഷനൽ വിവാഹ വിരുന്നിന് പീകോക്ക് ബ്ലൂ, പിങ്ക്, വാടാമല്ലി തുടങ്ങിയ ജ്വൽ ടോണുകൾ മാറ്റിനിർത്താനാവില്ല.

Q: ഗ്ലോബൽ മലയാളിക്ക് നാട്ടിലും വിദേശത്തും ഒരുപോലെ അണിയാൻ കഴിയുന്ന വസ്ത്രങ്ങൾ ഏതെല്ലാം ?

A: സാരിെയന്ന ഒാപ്ഷനാണ് ആദ്യം മനസ്സിലേക്കു വരുന്നത്. ഏതു സന്ദർഭത്തിൽ അണിഞ്ഞാലും എത്ര ഭംഗിയുണ്ടാകുമെന്നോ എലഗന്റ് ആയ ഒരു സിൽക്ക് സാരിക്ക്. കുറച്ച് പരീക്ഷണങ്ങൾ നടത്താൻ താൽപര്യവും കോൺഫിഡൻസും ഉള്ളവർ ഇവ കൂടി കരുതി വച്ചോളൂ. കറുത്ത പ്ലെയ്ൻ ടി ഷർട്ട്, കാഞ്ചീപുരം സ്കർട്ട്, പ്ലെയ്ൻ ഷർട്ട്, എത്‌നിക് പ്രിന്റുള്ള ജാക്കറ്റ്, സ്കാർഫുകൾ എംബ്രോയ്ഡറിയുള്ള ദുപ്പട്ട...

നാട്ടിലാണെങ്കിൽ പരമ്പരാഗത രീതിയിലും വിദേശത്തോ മെട്രോ സിറ്റികളിലോ ആയിരിക്കുമ്പോൾ വ്യത്യസ്തമായ, ഇന്നൊവേറ്റീവ് സ്റ്റൈലിങ് രീതികളിലും ഉപയോഗിക്കാം. ആഭരണങ്ങളിൽ ജുംക, ബ്രേസ്െലറ്റ്, ചെറിയ സ്റ്റഡ്സ് എന്നിവ എപ്പോഴുംകരുതാം.

സ്വത്താണ് പഴയ സാരികൾ

∙പഴയ സാരി കളയുകയേ അരുത്. സ്കർട്ടാക്കി മാറ്റാം. സാരിയിൽ ബോർഡറുണ്ടെങ്കിൽ അതു തന്നെ സ്കർട്ടിനും ഉപയോഗിക്കാം. പല്ലുവിന്റെ ഭാഗം ടോപ്പാക്കാം. വേണമെങ്കിൽ ഇതേയുടുപ്പ് സ്ലീവ് ‍െലസ് ബസ്റ്റിയർ ടോപ്പുകളാക്കാം. ഒപ്പം ടോപ്പിനിണങ്ങും സിംഗിൾ കളർ ഷ്രഗ് ഇട്ടാൽ മതി.

∙ സാരിയെ എളുപ്പത്തിൽ കഫ്താനാക്കി മാറ്റാം. അല്ലെങ്കിൽ കുർത്തിയോ നീളം കുറഞ്ഞ ടോപ്പോ ഉണ്ടാക്കാം. പല്ലുവിന്റെ ഭാഗം യോക്കാക്കി നല്ലൊരു അനാർക്കലി തുന്നാൻ പഴയൊരു സാരി ധാരാളം.

∙ ഇൻഡോ വെസ്റ്റേൺ ഗൗൺ, ഡ്രസ് എന്നിവയ്ക്ക് സാരി ഉപയോഗിക്കാം. പല്ലു ഉപയോഗിച്ച് ആകർഷകമായ ജാക്കറ്റുകളും തുന്നാം.