Saturday 06 January 2018 03:04 PM IST : By രാഖി റാസ്

വധുവായി അണിഞ്ഞൊരുങ്ങാൻ പ്രയാഗയ്‌ക്ക് ഇഷ്ടമാണ്

Prayaga Martin
ഫോട്ടോ: ശ്യാം ബാബു

തൂവെള്ള നിറത്തിൽ കാറ്റിനോട് കിന്നാരം പറയുന്ന ഗൗൺ, മുഖം പാതി മറയ്ക്കുന്ന വിധത്തിൽ തലയിലണിഞ്ഞ നെറ്റ്,  കാതിലും കഴുത്തിലും വജ്രത്തിളക്കം... പഞ്ചാര മണലിലൂടെ, തിരകളുടെ താളത്തിനൊപ്പിച്ച് അവന്റെ ഉറപ്പുള്ള, ഇളംചൂടുള്ള കൈകളിൽ കോർത്തു പിടിച്ച്, അലതല്ലി ചിരിച്ച് അവർ ഓടുന്നു... ഇത് പ്രയാഗയുടെ ഏറ്റവും സുന്ദരമായ സ്വപ്നങ്ങളിലൊന്നാണ്. വിവാഹത്തിനുള്ള പ്രായമായിട്ടില്ലെങ്കിലും സ്വപ്നം കണ്ടുതുടങ്ങാൻ തനിക്ക് പ്രായമായി എന്ന് തെളിയിക്കുന്ന മനോഹരമായ സ്വപ്നം.
‘‘ബീച്ച് വെഡ്ഡിങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫാമിലി ഫ്രണ്ട്സിന്റെ ബീച്ച് വെഡ്ഡിങ്ങുകളിൽ പങ്കെടുത്തിട്ട് വന്ന ഒരു ഇഷ്ടമല്ല ഇത്. ബീച്ച് പണ്ടു മുതലേ എനിക്ക് ഇഷ്ടമുള്ള സ്ഥലമാണ്. നമുക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്ത് വച്ച് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നടക്കുന്നത് എത്ര രസകരമായിരിക്കും അല്ലേ...?

My Lovely Remembrance

ഒരുപാട് കല്യാണങ്ങൾ കൂടിയിട്ടുള്ള കുട്ടിയാണ് ഞാൻ . അപ്പയുടെ വീട്ടിലെ ഏറ്റവും മൂത്ത മകനാണ് അപ്പ. അമ്മയുടെ വീട്ടിലെ മൂത്തയാൾ ആണ് അമ്മ. ഇവരുടെ വിവാഹമാണ് അപ്പയുടെയും അമ്മയുടെയും കുടുംബത്തിലെ ഒരു കാലത്തെ ആദ്യ വിവാഹം. ഞാൻ ജനിച്ചു കഴിഞ്ഞ ശേഷമാണ് അപ്പയുടെയും അമ്മയുടെയും വീട്ടിലെ ആന്റിമാരുടെയും അങ്കിൾമാരുടെയും ഒക്കെ കല്യാണം. അതുകൊണ്ട് അപ്പയുടെയും അമ്മയുടെയും കല്യാണം ഒഴിച്ച് കുടുംബത്തിൽ നടന്ന എല്ലാ കല്യാണവും ഞാൻ കൂടിയിട്ടുണ്ട്..
ക്രിസ്ത്യൻ വിവാഹങ്ങളാണ് അധികവും കണ്ടിട്ടുള്ളത്. പക്ഷേ അല്പം വ്യത്യസ്തമായ വിവാഹവും കാണാൻ പറ്റി.

അപ്പയുടെ അനുജൻ ഒരു ബ്രാഹ്മണ കുട്ടിയെയാണ് വിവാഹം കഴിച്ചത്. ആ വിവാഹം ക്രിസ്ത്യൻ രീതിയിലും ബ്രാഹ്മണ രീതിയിലും നടത്തി. അത് എനിക്ക് എന്നും ഓർമയിൽ നിൽക്കുന്ന ഒരു അനുഭവമാണ്. ആ വിവാഹം നടക്കുമ്പോൾ വിവാഹത്തിന്റെ പ്രാധാന്യം അറിയാനുള്ള പ്രായമൊന്നുമില്ലല്ലോ. പതിവില്ലാത്ത വിധത്തിൽ മുതിർന്നവർ ചർച്ച ചെയ്യുന്നു, ടെൻഷനടിക്കുന്നു, സമാധാനപ്പെടുത്തുന്നു.. ഇത്രയ്ക്കൊക്കെ ടെൻഷൻ അടിക്കുന്നതെന്തിനാ ഒരു കല്യാണത്തിന് എന്നായിരുന്നു അന്നത്തെ വിചാരം. ഇന്നറിയാം വിവാഹം ഒരു വ്യക്തിക്ക് എത്രമാത്രം പ്രധാനമാണെന്ന്...

Movies And Marriages

വീട്ടിലെ വിവാഹങ്ങൾ കഴിഞ്ഞാൽ ഞാൻ ഏറ്റവും ആസ്വദിച്ചിട്ടുള്ളത് സിനിമയിലെ വിവാഹക്കാഴ്ചകളാണ്. സിനിമയിലെ കല്യാണക്കാഴ്ചകളിൽ എന്നെ കൊതിപ്പിച്ച ഒന്നാണ് അലൈപായുതേയിലെ യാരോ..യാരോടീ... എന്ന പാട്ട്. പാട്ട് പാടി, നൃത്തമാടി, കുസൃതി കാട്ടി വളരുന്ന ഒരു പ്രണയമുണ്ട് ആ വിവാഹപ്പാട്ടിൽ. അതിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. അങ്ങനെയാരു കല്യാണം കൂടാൻ എനിക്ക് ശരിക്കും   കൊതിയുണ്ട്. സിനിമയ്ക്കു വേണ്ടി ആയാലും മാഗസിൻ ഷൂട്ടുകൾക്കു വേണ്ടി ആയാലും ബ്രൈഡ് ആയി വേഷം ധരിക്കാൻ എനിക്ക് ഇഷ്ടമാണ്. എന്റെ പുതിയ ചിത്രം ഫുക്രിയിൽ ഒരു മുസ്‌ലിം ബ്രൈഡ് ആയി  വേഷം ധരിക്കാൻ എനിക്ക് പറ്റി. ജീവിതത്തിൽ എനിക്ക് കിട്ടാൻ ഒരു സാധ്യതയുമില്ലാത്ത വേഷം.

prayaga3

സാധാരണ മുസ്‌ലിം വധുക്കൾ പച്ചയുടെ ഷേയ്ഡ്സ് ഒക്കെയായിരിക്കും വിവാഹത്തിന് കൂടുതൽ സെലക്റ്റ് ചെയ്യുക. പക്ഷേ ഫുക്രിയിലെ വിവാഹ വേഷം വ്യത്യസ്തമായിരുന്നു. പിങ്കിന്റെ ഷെയ്ഡിലുള്ള ലഹെങ്ക സാരിയായിരുന്നു അത്. കണ്ടാൽ ലെഹങ്ക പോലെയിരിക്കും, പക്ഷേ സാരിയാണ്.
സാരി എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വേഷമാണ്.  പക്ഷേ ഞാൻ സാരി ഉടുക്കാറില്ല. കാരണം സാരിയുടുക്കാൻ അൽപം മെച്വരിറ്റി വേണമെന്നാണ് എന്റെ തോന്നൽ. മെച്വരിറ്റി ഉണ്ടെങ്കിലേ സാരിക്ക് ശരിക്കും ഭംഗി വരൂ എന്നാണ് വിശ്വാസം. എന്റെ വിവാഹത്തിന് സാരിയും ഗൗ ണും ധരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

Can’t Think of an arranged marriage

എനിക്ക് അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്ന് എനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തിൽ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം.  എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവർ അന്ന് മുതൽ ഇന്നു വരെ പ്രണയത്തിലാണ്. പരസ്പരം പിരിഞ്ഞിരിക്കാൻ അവർക്ക് കഴിയുകയേയില്ല. രണ്ട് കുടുംബത്തിൽ നിന്നു വന്ന രണ്ട് വ്യക്തികൾ തമ്മിൽ ഇത്രയേറെ ബോണ്ടിങ് ഉണ്ടാകുന്നത് ശരിക്കും എനിക്ക് അതിശയം തന്നെയാണ്. എന്നോട് സെറ്റിലൊക്കെ പലരും ചോദിക്കാറുണ്ട് അമ്മയുടെയും അപ്പയുടെയും വിവാഹം ലൗ മാര്യേജ് ആയിരുന്നോ എന്ന്. അത് അവരുടെ ലക്ക് ആണ്. പക്ഷേ വളരെ അപൂർവംപേർക്കേ ഇത്തരം ലക്ക് കിട്ടൂ എന്നാണ് തോന്നുന്നത്.

അപ്പയുടെയും അമ്മയുടെയും കാലത്ത് ലക്ക് ആയിരുന്നു പ്രധാനമെങ്കിൽ ഇന്ന് നമ്മുടെ ഡിസിഷൻ ആണ് പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്.  നമുക്ക് പറ്റിയ ആളെ കണ്ടെത്തുന്നതിൽ പിഴവ് പറ്റാതിരുന്നാൽ ഡിവോഴ്സിന്റെയും മറ്റും ആവശ്യം വരില്ല. അതിന് അല്പം മെച്വർ ആയിക്കഴിഞ്ഞ്, നമ്മൾ സ്വയം എന്താണ് എന്ന് നമുക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞ് പ്രണയിക്കുന്നതാണ് നല്ലത്.

I say No to that Question

‘ഷാൽ വീ ട്രൈ ദിസ് ഔട്ട്...? ’ പ്രണയത്തിൽ ഈ ചോദ്യം എനിക്കിഷ്ടമല്ല. പരീക്ഷിച്ചു നോക്കി തോന്നേണ്ട ഒന്നല്ല പ്രണയം. നല്ല സൗഹൃദത്തിലൂടെ നമ്മൾ പോലുമറിയാതെ രൂപപ്പെടുന്ന ഒന്നാണ് എനിക്ക് പ്രണയം. ന്യൂ ജനറേഷൻ പ്രണയങ്ങൾ വിവാഹത്തിലെത്തിയാൽ ഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷേ അത്തരം ന്യൂ ജനറേഷൻ പ്രണയ സങ്കല്പമല്ല എന്റേത്. വിവാഹത്തിലേക്ക് നയിക്കാൻ പറ്റും എന്നു തോന്നുന്ന റിലേഷനെയേ ഞാൻ പ്രണയത്തിലേക്ക് എടുക്കൂ. അക്കാര്യത്തിൽ ഞാൻ അൽപം കടുംപിടുത്തം ഉള്ളയാളാണ്.

prayaga4

ഞാൻ പ്രണയത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടായിരിക്കാം ഇപ്പോൾ എനിക്ക് പ്രണയത്തിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്. കാരണം ഇപ്പോൾ ശ്രദ്ധ കരിയർ, പഠനം ഇതിലൊക്കെയാണ്. പ്രണയത്തിൽ എനിക്ക് സ്വയം ഡെഡിക്കേറ്റ് ചെയ്യണം എന്നുണ്ട്. അതിന് സമയം കിട്ടുമ്പോൾ തീവ്രമായി പ്രണയിക്കാനാണ് എനിക്ക് ഇഷ്ടം. നല്ല ഫ്രണ്ട്ഷിപ്പുകൾ തീർച്ചയായും എനിക്ക് ഉണ്ട്. ഇനിയും ഉണ്ടാകും...ഇപ്പോൾ എന്റെ സുഹൃത്തായിരിക്കുന്ന ആളെയായിരിക്കാം ഞാൻ നാളെ പ്രണയിക്കാൻ പോകുന്നത്. അല്ലെങ്കിൽ അങ്ങനെയൊരാൾ വരാൻ പോകുന്നതേയുണ്ടാകൂ..

Its a greater responsibility

ജീവിതത്തിൽ ഒരു വ്യക്തിക്ക് ഏറ്റെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടു തന്നെ വളരെ ആലോചിച്ച് മാത്രമേ ഞാൻ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോൾ മോഡൽ അച്ഛനും അമ്മയും തന്നെയാണ്. അമ്മ അപ്പയോട് പെരുമാറുന്നതു പോലെ എന്റെ പങ്കാളിയായി വരുന്ന ആളോട് പെരുമാറാനാണ് എനിക്കിഷ്ടം. ആ ആളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് അപ്പ അമ്മയ്ക്ക് കൊടുക്കുന്ന കെയറും സ്നേഹവും ഒക്കെത്തന്നെ ആയിരിക്കും.

I Love to be a Bride

എല്ലാത്തരം ബ്രൈഡൽ കൊസ്റ്റ്യൂംസും എനിക്ക് ഇഷ്ടമാണ്. ബീച്ച് വെഡ്ഡിങ് പോലെ തന്നെ എനിക്ക് ആഗ്രഹമുള്ള കാര്യമാണ് ട്രഡീഷനൽ ആയി സാരി ഉടുത്ത് പൂവും പൊട്ടും വച്ച്, നിറയെ സ്വർണാഭരണങ്ങളിട്ട ഹിന്ദു സ്റ്റൈലിൽ  വിവാഹത്തിനൊരുങ്ങുക എന്നത്. ബീച്ച് വെഡ്ഡിങ്ങും ട്രഡീഷനൽ ഹിന്ദു വെഡ്ഡിങ്ങും ഒക്കെ കൂടി നടക്കുമോ എന്ന് തോന്നാം. ഇന്ന് അതൊക്കെ നടക്കും. മതപരമായ വേർതിരിവുകളൊന്നും ഇന്ന് ആഘോഷങ്ങൾക്കില്ല. ഒരു വെഡ്ഡിങ് തന്നെ രണ്ട് തീമിൽ നടത്താൻ ഇന്ന് ഒരു പ്രയാസവുമില്ല.
ഇതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരിഷ്ടവും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

വെറുതേ മുടി അഴിച്ചിട്ട്, ഒരു മേക്കപ്പും ഇല്ലാതെ, പരിശുദ്ധിയുടെ നിറമായ വെള്ള സിംപിൾ ഗൗൺ അണിഞ്ഞ്  പള്ളിയിൽ പോയി അങ്ങോട്ടും ഇങ്ങോട്ടും സമ്മതം പറഞ്ഞ് ഒരു കല്യാണം. അത് സ്വപ്നങ്ങളിലേ നടക്കൂ... എന്നാലും എനിക്ക് ആ സ്വപ്നത്തെ താലോലിക്കാൻ  എന്തെന്നില്ലാത്ത ഇഷ്ടമുണ്ട്.

If i am a guest

വിവാഹങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത് രസകരമായ കാര്യമാണ്. അവസരത്തിനൊത്ത് ഒരുങ്ങുന്നതിനോടാണ് എനിക്ക് ഇഷ്ടം. എന്റെ ക്ലോസ് ഫ്രണ്ടിന്റെ വിവാഹമാണെങ്കിൽ ഞാൻ റോയൽ ലുക്കിൽ ഒരുങ്ങുമെന്നതിന് ഒരു സംശയവും വേണ്ട. പക്ഷേ ഫാമിലി ഫ്രണ്ട്സിന്റെ വിവാഹത്തിനാണെങ്കിൽ കുറച്ചു കൂടി സിംപിൾ ആയ ഒരുക്കമായിരിക്കും ഞാൻ ചെയ്യുക.

prayaga2

മിക്കവാറും തനിയേ ഒരുങ്ങുന്നതാണ് എന്റെ പതിവ്. അത്യാവശ്യമാണെങ്കിൽ മാത്രമേ മേക്കപ്പ് പേഴ്സണെ ഉപയോഗിക്കൂ. ഓരോ വിവാഹത്തിനും പുതിയ വസ്ത്രം വേണം എന്ന നിർബന്ധമൊന്നും എനിക്കില്ല. ആവശ്യമായത് പർച്ചെയ്സ് ചെയ്യുകയാണ് പതിവ്.  ഭംഗിക്കൊപ്പം കംഫർട്ടബിൾ കൂടിയാകണം ആക്സസറീസ് എന്ന് എനിക്ക് നിർബന്ധമാണ്. ഹൈ ഹീൽസ്,  വാച്ചസ്, ബാഗ്സ് തുടങ്ങിയ ആക്സസറികളുടെ തരക്കേടില്ലാത്ത ഒരു കളക്‌ഷൻ എനിക്കുണ്ട്.

When I become a Bride

സുന്ദരിയായ വധുവായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഞാനും അതു പോലെ ആയിരിക്കാൻ തന്നെ ആഗ്രഹിക്കുന്നു. സുന്ദരിയായിരിക്കുക എന്നാൽ ഏറ്റവും ട്രെൻഡി ആയതെല്ലാം ചെയ്യുക എന്നല്ല ഉദ്ദേശിക്കുന്നത്. നമ്മുടെ ഐഡന്റിറ്റിയെ മറയ്ക്കാത്ത വിധം സുന്ദരിയായിരിക്കുകയാണ്. വധുവായിരിക്കുന്ന ദിവസം എല്ലാവരുടെയും ശ്രദ്ധ തീർച്ചയായും എന്നിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  നമ്മളെ ഏറ്റവും സുന്ദരിയായിക്കാണാൻ അവസരം ലഭിക്കുന്നതുകൊണ്ടായിരിക്കാം വിവാഹങ്ങൾ എല്ലാവർക്കും ഇത്രമേൽ പ്രിയപ്പെട്ടതാകുന്നത്.