Thursday 06 September 2018 02:00 PM IST

അമളികൾ പറ്റാതെ നോക്കാം; ഓൺലൈൻ, സ്‌ട്രീറ്റ്‌ ഷോപ്പിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Shyama

Sub Editor

vanitha-shopping-art

പയറ് – അര കിലോ
വെളിച്ചെണ്ണ – നൂറ്
ഉള്ളി – കാൽ കിലോ
പച്ചമുളകും വേപ്പിലേം ഇഞ്ചീം – 2 രൂപയ്ക്ക്
പച്ചരി – അര കിലോ
പുഴുക്കലരി – ഒരു കിലോ
പിന്നെ രണ്ടു രാധാസും.

ഒരു നോട്ടു ബുക്കിന്റെ ചുളുങ്ങിയ കഷണമോ അല്ലെങ്കിൽ പഴയ നോട്ടീസിന്റെ മറുപുറത്ത് പെൻസിൽ കൊണ്ട് കഷ്ടപ്പെട്ടെഴുതിയ കുറിപ്പോ പിടിച്ച് പലചരക്കു കടയുടെ മുന്നിൽ നിന്നിരുന്ന ആ നിൽപ്! അതൊക്കെ ഒാർക്കുമ്പോൾ... എന്തു രസമായിരുന്നു ആ കാലം... മതി. നൊസ്റ്റാൾജിയ ഇതിൽക്കൂടുതൽ വേണമെന്നില്ല. കാരണം, ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ളവ ഒരു കുട ക്കീഴിൽ നിന്നു വാങ്ങാൻ കിട്ടുന്ന ഈ കാലത്ത്, അല്ലെങ്കി ൽ അവയെല്ലാം ലോകത്തിന്റെ ഏതു കോണിൽ നിന്നും സഞ്ചരിച്ച് നമ്മുടെ വീടിന്റെ ഉമ്മറത്ത് എത്തുന്ന ഈ കാലത്ത്, ടൈം സേവിങ്, കംഫർട്... തുടങ്ങിയ വാക്കുകൾ  വന്ന് നിങ്ങൾ മടക്കി പോക്കറ്റിലിട്ടിരിക്കുന്ന നൊസ്റ്റാൾജിയയെ നോക്കി ചുമ്മാ പുച്ഛിച്ചു ചിരിക്കുകയേ ഉള്ളൂ.

സമയവും കാലവും ഹു കെയേഴ്സ്?

ഓണത്തിന്, ക്രിസ്മസിന്, പെരുന്നാളിന്... ആറ്റുനോറ്റിരുന്നു വർഷത്തിൽ ഒന്നോ രണ്ടോ മാത്രം നടത്തിയിരുന്ന ഉടുപ്പെടുക്കൽ മഹാമഹം ഇന്നിപ്പോ എല്ലാ വീക്കെൻഡിലും ജോളിയായി നടക്കുന്നു. ലാപ്ടോപിന്റെ മുന്നിലും ഫോണിലും കുത്തിയിരുന്ന് ചിക്കി ചികയുന്നത് വെറുതെയല്ല, ഗ്ലോബിന്റെ ഏതോ ഭാഗത്ത് ആരോ ഉണ്ടാക്കുന്ന ഉടുപ്പുകളൊക്കെ കപ്പലു കയറ്റി ഇങ്ങേത്തലയ്ക്കൽ എത്തിക്കാനുള്ള തത്രപ്പാടുകളാണ്. ജബോങ്, മിന്ത്ര, ഫ്‌ളിപ്കാർട്, ആമസോൺ... ഓൺലൈൻ സൈറ്റുകൾ പെറ്റുപെരുകുകയാണ്. കണ്ടില്ലേ...?

‘‘ഇതിപ്പോ ഈസിയല്ലേ... ഷോപ്പിങ്ങിന് പുറത്തേക്ക് ഇറങ്ങുകയേ വേണ്ട. ഫോണിൽ നോക്കുക, ഇഷ്ടപ്പെടുക, ഓർഡർ ചെയ്യുക. എന്നിട്ട് ഒാർഡർ ചെയ്തത് വന്ന് വാതിലിൽ മുട്ടുമ്പോൾ പ്രശ്നങ്ങളുണ്ടെങ്കിൽ മാറ്റി വാങ്ങുക, അതുമല്ലെങ്കിൽ കൊടുത്ത പണം തിരികെ കിട്ടും. ഞാൻ എനിക്കുതന്നെ തരുന്ന സമ്മാനങ്ങളായിട്ടാണ് ഓരോ സാധനവും ഡെലിവറി ബോയ് കൊണ്ടുവരുമ്പോൾ തോന്നാറ്..’’ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിചെയ്യുന്ന അപർണ ഓൺലൈൻ ഷോപ്പിങ്ങിന്റെ വൻ ഫാനാണെന്ന് ഫ്രണ്ട്സ് എല്ലാവരും സമ്മതിക്കുന്നു.

‘‘ഓഫറുകൾ വരുമ്പോഴാണ് കൂടുതലും ഓൺലൈനായി വസ്ത്രം വാങ്ങാറ്.’’ അപർണയുടെ സുഹൃത്ത് റീത്ത. ‘‘ കിടിലൻ ഡിസ്ക്ക‍ൗണ്ടുകൾ വരുമ്പോൾ പിന്നെ, ഒന്നും നോക്കില്ല. നാലഞ്ചെണ്ണം ചറപറ വാങ്ങും. ഉടുപ്പുകൾ കൂടാതെ ഫാൻസി വാച്ചുകൾ ചെരുപ്പുകൾ ഒക്കെ വാങ്ങാറുണ്ട്. ഓഫർകാലം മാക്സിമം യൂട്ടിലൈസ് ചെയ്യും.’’ കൈയിൽ കാശില്ലെങ്കിൽ കാശുള്ളവർ വാങ്ങുന്നതു കണ്ട് നിരാശരായി കടൽ കരയിൽ ഇരുന്നു പാട്ടുപാടിയിരുന്ന ചെറുപ്പക്കാരൊക്കെ ഏതു കാലത്താണ്? ദാ, കേട്ടോളൂ,‘‘വാച്ചുകളും ബ്രാൻഡഡ് ഷൂസുമാണ് എനിക്കു ക്രെയ്സ്. നല്ലതു കണ്ടാൽ എന്റെ പോക്കറ്റു കാലിയാണെങ്കിലും ഒപ്പം താമസിക്കുന്നവന്റെ പോക്കറ്റ് കണ്ടങ്ങു വാങ്ങും. വാച്ചിപ്പോ ഇടയ്ക്ക് അവനും ഇടാല്ലോ. ചെരുപ്പും വേണേൽ ഡ്രസ്സിനു മാച് ചെയ്യുന്നെങ്കിൽ അവനിട്ടോട്ടേ. കാശു തിരികെ ചോദിക്കാതിരുന്നാ മതി.’’ രാഹുലും സഹമുറിയൻ സഞ്ജയ്‌യും കൊച്ചിക്കാരാണ്. ഒരാള‍്‍ ഐടി പ്രഫഷനലും ഒരാൾ എച്ച്ആർ മാനേജറും.

‘‘കാശായിട്ട് തരേണ്ട, ഈ മാസത്തെ കറന്റ് ബില്ലും വാട്ടർ ബില്ലും വാടകയും അങ്ങു കൊടുത്തു സഹായിച്ചാ മതി അളിയാ.. ’’എന്നു സഞ്ജയ്. ‘‘എനിക്ക് വാച്ചായാലും ചെരുപ്പായാലും നേരിട്ട് കണ്ട് ഇട്ടു നോക്കിയിട്ടൊക്കെ വാങ്ങാനാണ് ഇഷ്ടം. അതിപ്പോ വാങ്ങണം എന്നു തോന്നിയാ മാളിൽ തന്നെ പോകും, മാളാണെങ്കിൽ രാത്രിയാണോ പകലാണോ കട അടച്ചുകാണുമോ തുടങ്ങിയ ടെൻഷൻ ഒന്നും വേണ്ടല്ലോ. എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോ അങ്ങിറങ്ങും. ആഗ്ര‍ഹം തോന്നിയാൽ പിന്നെ, ഷോപ്പിങ് മാറ്റിവയ്ക്കുന്ന പരിപാടിയേ ഇല്ല. ഞങ്ങളുടെ തലമുറയിൽ കൂടുതൽ പേരും ഇങ്ങനെ തന്നെയാണെന്നാ തോന്നുന്നത്.’’

ഞാനാണ് എന്റെ സെലിബ്രിറ്റി

ആലിയ ലുക്കിങ് കൂൾ ഇൻ കാഷ്വൽ ഡെനിം, പരിനീതീസ് ന്യൂ സ്കർട്, സോനം കപൂർസ് ഡാഷിങ് ഹോട്ട് ലിപ്സ്റ്റിക് ... ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സെലിബ്രിറ്റികളുടെ പോസ്റ്റുകൾ സ്ഥിരമായി ഫോളോ ചെയ്യുന്നത് എന്തിനാണെന്നാ കരുതിയത്? ആരാധനകൊണ്ടൊന്നുമല്ല. അവർ ഉപയോഗിക്കുന്ന ആക്സസറിസും മേക്കപ് വസ്തുക്കളും വാങ്ങിയണിഞ്ഞ് അഭിമാനത്തോടെ കണ്ണാടിയുടെ മുന്നിൽ നിന്നു പറയും  ‘ഞാനാണ് എന്റെ സെലിബ്രിറ്റി’ എന്ന്. പിന്നല്ല!

കോഴിക്കോടു നിന്നു കൊച്ചിയിൽ വന്നു പഠിക്കുന്ന നിത പറയുന്നതു കേൾക്കണോ?‘‘സെലിബ്രിറ്റിസ് ഇടുന്ന ആക്സസറീസും വസ്ത്രങ്ങളും നന്നായി ശ്രദ്ധിക്കും. അതേപോലെയുള്ളവ തന്നെ ഓൺലൈനിൽ കിട്ടുന്ന സൈറ്റുകളുണ്ട്. അത് ഫോളോ ചെയ്യും. ആഗ്രഹിച്ചവ കണ്ടാൽ ഉടൻ വാങ്ങും. അപ്പോൾ വാങ്ങാൻ പറ്റിയില്ലെങ്കിൽ ലൈക് ചെയ്ത് ‘ആ‍ഡ് ടു കാർട്’ കൊടുക്കും. പൈസ ഒത്തുവരുമ്പോൾ കാർട്ടിലുള്ളത് അപ്പോഴും സ്റ്റോക്കുണ്ടെങ്കിൽ വാങ്ങും. ചിലതു സ്റ്റോക് ഔട്ട് എന്നു കാണുമ്പോൾ കരച്ചിൽ വരാറുണ്ട്.’’

കീർത്തി രാജേന്ദ്രൻ ഒരുപാടു യാത്ര ചെയ്യുന്ന റിസർച് സ്റ്റുഡന്റാണ്. ഷോപ്പിൽ പോയി നോക്കി വാങ്ങാൻ തന്നെയാണ് ഇഷ്ടം. ‘‘ബോഡി കെയർ ഷോപ്പുകളാണ് എന്റെ  ഫേവറിറ്റ് ഇടങ്ങൾ. നല്ല ബ്രാൻഡുകളുടെ ബോഡി ക്രീം, മോയ്സ്ചറൈസർ, ഹാൻഡ് വാഷ്, പെർഫ്യൂം ഒന്നും വിടില്ല. വിദേശ ബ്രാൻഡുകൾ എല്ലാം ഇപ്പോ നമ്മുടെ നാട്ടിലും കിട്ടുമല്ലോ.’’
തുണിത്തരങ്ങളായാലും കളിപ്പാട്ടങ്ങളായാലും ഭക്ഷണസാധനങ്ങളായാലും നാടനു നാടൻ, ഫോറിനു ഫോറിൻ. കേരളത്തിലെ ഏതു മുക്കിലും മൂലയിലുമുണ്ട് ഷോപ്പിങ് മാളുകൾ. അവിടെയെല്ലാമുണ്ട്. നാടൻ, വിദേശി തരംതിരിച്ചുള്ള പ്രൊഡക്ടുകളും. ഇതിനെല്ലാം ഇപ്പോൾ ഇഷ്ടംപോലെ ആവശ്യക്കാരുണ്ട്.

‘‘പാചകം ഇഷ്ടപ്പെടുന്ന ആളാണു ഞാൻ, കുട്ടികൾക്കൊക്കെ കേക്കും ബർഗറും കഴിക്കാനല്ലേ ഇഷ്ടം. പുറത്തു നിന്നു ഇതൊക്കെ എന്നും വാങ്ങി കഴിക്കുന്നതിനോട് യോജിപ്പുമില്ല.’’ ത‍ൃപ്പൂണിത്തുറയില്‍ താമസിക്കുന്ന ഉഷ.

‘‘പണ്ടൊക്കെ ചില കോണ്ടിനെന്റൽ റെസിപ്പീസ് ഉണ്ടാക്കാൻ നോക്കിയാൽ ചേരുവകൾ നാട്ടിൽ കിട്ടാൻ പാടായിരുന്നു. ഇന്നിപ്പോ ആ പ്രശ്നമേയില്ല. അവക്കാഡോ ഷെയ്ക് കുടിക്കാൻ തോന്നിയാൽ അതു വാങ്ങി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ചില സോസുകൾ, മസാലകൾ ഒക്കെ മാളുകളിൽ ഇരിക്കുന്നതു കാണുമ്പോഴേ സന്തോഷം വരും. ഷോപ്പിങ്ങ് കഴിഞ്ഞു വരുമ്പോൾ അയ്യോ, അതു കിട്ടിയില്ലല്ലോ എന്നു ചിന്തിച്ചു വിഷമിക്കേണ്ട അവസരങ്ങൾ ഇപ്പോൾ തീരെ കുറവാണ്.’’ ആരെയും നിരാശരാക്കാതെ മാളുകൾ ചുമ്മാ നിന്നു മന്ദഹസിക്കുന്നതു കണ്ടോ?

സെലിബ്രേഷനാണ് ഷോപ്പിങ്

‘‘ ഇടുക്കിയിലും  വയനാട്ടിലും  ഉള്ള  ഞങ്ങൾക്ക് ഷോപ്പിങ് ശരിക്കും ഒരാഘോഷമാണ്, കുടുംബത്തിൽ എല്ലാവരും കൂടി വെളുപ്പാൻകാലത്ത് തന്നെ വണ്ടിയിൽ കയറും. പിന്നെ, ടൂർ പോലെയാണ് ഷോപ്പിങ്ങിനു പോക്ക്. ശരിക്കും ഇതൊരു വലിയ റിലാക്സേഷൻ ആണ്’’ വീട്ടുകാർക്കൊപ്പം ഷോപ്പിങ് പൊടിപൂരമാക്കുകയാണ് സ്നേഹ.

വീട്ടുകാരനും വീട്ടുകാരിയും ഷോപ്പിങ്ങിൽ മുഴുകുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കളും കൂടി അവിടെ തന്നെയുള്ള റൈഡുകളിലും കളികളിലും ബോറഡിയില്ലാതെ രസിക്കുന്നുണ്ട്. പണ്ടൊക്കെ അമ്പലപ്പടവിലോ മൈതാനത്തോ കുളക്കടവിലോ ഒക്കെ റിലാക്സേഷന് സമയം കണ്ടെത്തിയിരുന്ന സീനിയർ സിറ്റിസൺ ഇപ്പോൾ ഷോപ്പിങ് മാളുകൾക്കും ഒാകെ പറയുന്നു. ആൾക്കൂട്ടം, ഒത്തുകൂടൽ, കാഴ്ചകൾ, വിസ്മയങ്ങൾ... എല്ലാം ഇവിടെയുമുണ്ടല്ലോ, പിന്നെന്തിന് ഒഴിവാക്കണം എന്ന ആറ്റിറ്റ്യൂഡ്.

‘‘കാലത്തിനൊത്ത് നമ്മളും മാറണമെന്നാണ് എന്റെയൊരിത്. അല്ലാതെ മാളുകളെയും ഷോപ്പിങ്ങിനെയും ഒക്കെ മാറ്റി നിർത്തി പഴഞ്ചനാകുകയല്ല വേണ്ടത്. എല്ലായ്പ്പോഴും ട്രിപ് പോകാൻ പറ്റില്ലല്ലോ. പക്ഷേ, ആഗ്രഹിച്ചാൽ ഒരു കൊച്ച് ഷോപ്പിങ് ട്രിപ് നടത്താം.’’ കുട്ടികളുമൊത്ത് ഷോപ്പിങ്ങിന് ഇറങ്ങിയ മൃദുലും റാണിയും.

shopping001

‘‘കുട്ടികളെ കൂടി ഷോപ്പിങ്ങിനു കൂട്ടുമ്പോൾ അവർ അറിയാതെ പഠിക്കുന്ന പല കാര്യങ്ങളുമുണ്ട്. ബജറ്റ് പ്ലാനിങ്, ആവശ്യങ്ങൾ മനസ്സിലാക്കി സാധനങ്ങൾ തിരഞ്ഞെടുക്കൽ,  കൊച്ചു കൊച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ പഠിക്കുക അങ്ങനെ പലതും.’’

പക്ഷേ, ഞങ്ങൾക്ക് സ്ട്രീറ്റും ഇഷ്ടം

ഉടുപ്പിന്റെയും ബാഗിന്റെയും അറ്റത്തും മൂലയ്ക്കും ഒരു പേര്, അല്ലെങ്കിൽ ഒരക്ഷരം. ചോദിച്ചാൽ പറയും ബ്രാൻഡ് നെയിം ആണെന്ന്. അതു പോലെ തന്നെ അതേ നിറത്തിലും പാകത്തിലും ഉള്ളതു വിലക്കുറവിൽ കണിച്ചാൽ ‘എന്നോടതെടുക്കാൻ എങ്ങനെ നിങ്ങൾക്കു പറയാൻ തോന്നി’ എന്ന  മട്ടിൽ  കണ്ണുരുട്ടി നോക്കുന്നവരാണ് യങ് ജനറേഷൻ എന്നു കരുതരുത്. ബ്രാൻഡിനു പിറകേ കൊടുംപിരി കൊള്ളുന്ന പോലെ തന്നെ സ്ട്രീറ്റ് ഷോപ്പിങ്ങും ഇഷ്ടപ്പെടുന്നവരാണ് പിള്ളേർ. വില പേശിപ്പേശി അവസാനം വിൽക്കാൻ നിൽക്കുന്നവർ അങ്ങോട്ടു കാശു കൊടുക്കുന്ന അവസ്ഥയിൽ വരെ എത്തിക്കാൻ നാക്കുള്ളവർ ഇൻ പ്ലെന്റി.

കൊച്ചിയിലെ മേനക ജംക്‌ഷനിലും കോഴിക്കോട് എസ് എം സ്ട്രീറ്റിലും ബാംഗ്ലൂർ കൊമേഴ്‌സ്യൽ സ്ട്രീറ്റിലും പോയാൽ കിട്ടുന്നോരു ഒന്നൊന്നര സംതൃപ്തി വേറെവിടെയും കിട്ടില്ലെന്നു സ്ട്രീറ്റ് ഷോപ്പിങ്ങ് ചെയ്യുന്നവർ ആണയിടുന്നു. ‘‘സ്ട്രീറ്റിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കുമ്പോഴേക്കും വീട്ടിലേക്കുള്ള കട്ടിൽ മുതൽ ചവുട്ടി വരെ കുറഞ്ഞ വിലയ്ക്കു കിട്ടും.’’ നവീനും ശ്രുതിയും, കല്യാണം കഴിഞ്ഞ് പുതിയ ഫ്ലാറ്റിലേക്കു ചേക്കേറാനുള്ള തിരക്കിലാണ്. എം.ജി. റോഡ് മുഴുവൻ കാറിന്റെ ഡിക്കിയിലേക്കു കയറ്റിയ സന്തോഷമുണ്ട് രണ്ടാളുടേയും മുഖത്ത്. ‘‘ഇന്റീരിയർ അലങ്കാരങ്ങൾ, ഉടുപ്പിൽ എംബ്രോയിഡറിയും ബീഡ്  വർക്കും ചെയ്യാനുള്ള സാധനങ്ങൾ, ചെറിയൊരു പാർട്ടിക്കു വേണ്ടവ... അങ്ങനെ എല്ലാ സാധനങ്ങളും കിട്ടുന്ന മാജിക്ക് ബോക്സാണ് എസ്.എം.സ്ട്രീറ്റ്.’’ പറയുമ്പോളും വഴിയരികിലെ കല്ലുവച്ച വളകളിലാണ് ദിയയുടെ കണ്ണുടക്കി നിൽക്കുന്നത്.

ഇനിയിപ്പോ ഇതെല്ലാം കണ്ട് കണ്ണുതള്ളി ‘സ്ട്രീറ്റിലും മാളിലും ഒാൺലൈനിലുമൊക്കെയായി  എത്ര പണമാണ് ചെലവായിപ്പോകുന്നതെ’ന്ന് അവരോടു ചോദിച്ചേ പറ്റൂ എന്നാണെങ്കിൽ ചോദിച്ചോളൂ. ‘കുറച്ചു പണം ചെലവായാലെന്താ, ചിരിയും സന്തോഷവും സംതൃപ്തിയും കൂടെ വരുമെങ്കിൽ... ’എന്ന് അവർ തിരിച്ചു പറയും. സാരമില്ല, അപ്പോൾ പോക്കറ്റിലെ പഴ്സിൽ വെറുതേ തലോടി ഒന്ന് ആശ്വസിക്കാമല്ലോ.

ശ്രദ്ധിക്കാം, ഒാൺലൈൻ ഷോപ്പിങ്

∙ ഇന്റർനെറ്റിലൂടെ പരതിയാൽ ഒട്ടേറെ ഷോപ്പിങ് സൈറ്റുകൾ കാണാം. എന്നാൽ ഇവയെല്ലാം വിശ്വസ്തമായിരിക്കില്ല. പരിചയമുള്ള കേട്ടുകേൾവിയുള്ള സൈറ്റുകളിൽ നിന്നു മാത്രം പർചേസ് ചെയ്യുക. പുതിയ സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ കാഷ് ഓൺ ഡെലിവറി സംവിധാനം ഉപയോഗിക്കുക. https:// എന്ന സേഫ്റ്റി സിംബലിൽ തുടങ്ങുന്ന സൈറ്റുകളാണ് നല്ലത്.

∙ ബാങ്ക് അക്കൗണ്ടുമായി ചേർത്തിട്ടുള്ള ഇ–മെയിൽ ഐഡി ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് നടത്തുന്നത് സുരക്ഷിതമല്ല. പുതിയ ഇ–മെയിൽ അക്കൗണ്ട് ഉണ്ടാക്കുന്നതാണ് നല്ലത്. സൈറ്റിൽ സൈൻ അപ് ചെയ്യുമ്പോൾ പുതിയ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക. നിങ്ങളുടെ പാസ്‌വേർഡും സ്വകാര്യ വിവരങ്ങളും ഒരു കാരണവശാലും സൈറ്റ് ആവശ്യങ്ങൾക്കായി പങ്കുവയ്ക്കരുത്.

∙ സൈറ്റിൽ നിന്ന് അയയ്ക്കുന്ന സ്റ്റേറ്റ്മെന്റുകൾ (മെയിൽ വഴിയും മെസേജ് വഴിയും) കൃത്യമായി വായിച്ചു മനസ്സിലാക്കുക. റിട്ടേൺ, എക്സ്ചേഞ്ച് പോളിസി എന്നിവ ശ്രദ്ധിക്കണം. എന്തു വാങ്ങുമ്പോഴും അവ തിരിച്ചയയ്ക്കാമോ എന്നും എത്ര ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകണമെന്നും നോക്കി വയ്ക്കുക.

∙ പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറിൽ നിന്നും (ഓഫിസ്, ഇന്റർനെറ്റ് കഫേ) കഴിവതും ഷോപ്പിങ് നടത്താതിരിക്കുക. ഷോപ്പിങ് കഴിഞ്ഞാലുടൻ ലോഗ്‌ഔട്ട് ചെയ്യാം.

അമളികൾ പറ്റാതെ സ്ട്രീറ്റ് ഷോപ്പിങ്

∙ ഒരു വില പറഞ്ഞാൽ അതിൽ നിന്ന് ഒരുപാടു വ്യതിചലിക്കാതെ വേണം വീണ്ടുമൊരു വില പറയാൻ. ഒരു സാധനം ഇഷ്ടപ്പെട്ടെന്നറിഞ്ഞാൽ വിൽപനക്കാരൻ വില കൂട്ടി പറയാനുള്ള സാധ്യതയുണ്ട്.  

∙ ആദ്യം സ്ട്രീറ്റ് ഒന്നു നടന്നുകണ്ട് രീതികൾ മനസ്സിലാക്കാം. എന്നിട്ട് ഷോപ്പിങ് തുടങ്ങാം. ചിലപ്പോൾ ഒരേ സാധനം തന്നെ കുറഞ്ഞ വിലയ്ക്ക് മറ്റൊരിടത്തു കണ്ടേക്കാം.

∙ എക്സ്പോർട്ട് റിജക്റ്റഡ് ഉടുപ്പുകൾ നോക്കി വാങ്ങണം. പുറമേ കാണുന്ന തരത്തിലുള്ള കീറലും അഴുക്കു പാടുകളും തയ്യലിലെ പാളിച്ചയും ഉള്ളതൊക്കെ ഒഴിവാക്കാം.

∙ സ്ട്രീറ്റ് ഷോപ്പിങ്ങിനു പോകുമ്പോൾ  പണവും പഴ്സും ആഭരണങ്ങളും നന്നായി സൂക്ഷിക്കുക. നീളമുള്ള ബാഗുകളും പുറത്തു തൂക്കുന്ന തരം ബാഗുകളും ഒഴിവാക്കാം. ഹാന്‍ഡ് ബാഗിൽ പണം സൂക്ഷിക്കുന്നതാണ് നല്ലത്.

∙ ചെരിപ്പുകൾ ഇട്ടു നോക്കി അൽപം നടന്നശേഷം മാത്രം വാങ്ങുക. ഒരേ കടയിൽ നിന്ന് ഒന്നിലധികം സാധനങ്ങൾ വാങ്ങുന്നത് ലാഭം കൂട്ടും. ഇങ്ങനെ വാങ്ങുമ്പോൾ റിഡക്‌ഷൻ മടിക്കാതെ ചോദിച്ചു വാങ്ങണം.

shopping003