Thursday 31 March 2022 04:55 PM IST : By സ്വന്തം ലേഖകൻ

അടിവയറ്റില്‍ വേദന, സ്തനങ്ങളിൽ കല്ലിപ്പും അമിതക്ഷീണവും: ആർത്തവകാലത്തെ വേദനയ്ക്ക് പരിഹാരം ഇങ്ങനെ

menstrual-period-stops

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ ജീവിതത്തിന്റെ നിറം കെടുത്താതിരിക്കാൻ ആയുർവേദ പരിഹാരങ്ങൾ അറിയാം.

ആർത്തവം ആരോഗ്യകരമാക്കാം

ഒരു സ്ത്രീയുടെ ആരോഗ്യനിലവാരം നിർണയിക്കുന്നതി ൽ കൃത്യമായ ആർത്തവചക്രത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആഹാരം, വ്യായാമം, ജീവിതശൈലി തുടങ്ങിയവയ്ക്കൊക്കെ ആർത്തവക്രമീകരണത്തിൽ പ്രധാന പങ്കുണ്ട്. പതിനൊന്ന് –പതിനാറ് വയസ്സിന് ഇടയിലാണ് പെൺകുട്ടികളിൽ ആദ്യമായി ആർത്തവം ഉണ്ടാകുന്നത്. മാറിയ ഭ ക്ഷണശീലവും ജീവിതശൈലിയും ആർത്തവം നേരത്തെയാകാൻ കാരണമാകാറുണ്ട്.

ആരോഗ്യമുള്ള ഒരു സ്ത്രീയിൽ 21 മുതൽ 35 ദിവസം വരെയുള്ള ഇടവേളകളിലാണ് ആർത്തവമുണ്ടാകുക. ആ ഹാരം, വ്യായാമം, ജോലിയുടെ സ്വഭാവം, മാനസിക സമ്മർദം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചില മാസങ്ങളിൽ െചറിയ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. തുടർച്ചയായി 21 ദിവസത്തിന് മുൻപ് ആർത്തവം ഉണ്ടായാലും 35 ദിവസത്തിന് ശേഷം ആർത്തവം വരാതിരുന്നാലും വിദഗ്ധ പരിശോധന നടത്തണം. ആർത്തവത്തിന്റെ തുടക്കത്തിലും ആർത്തവ വിരാമത്തോടനുബന്ധിച്ചും ഉണ്ടാകുന്ന വ്യത്യാസങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

ഓേരാ മാസവും ഏകദേശം 30–80 മില്ലി രക്തമാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആർത്തവത്തിലൂടെ നഷ്ടപ്പെടുന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ നന്നായി രക്തസ്രാവമുണ്ടാകുകയും പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയും ചെയ്യാം. ആർത്തവം ആരംഭിച്ച് ആദ്യ ഒന്ന്– രണ്ട് വർഷത്തിനുള്ളിലാണ് ആർത്തവം ക്രമമാകുക. ഹോർമോൺ നില ക്രമമാകാൻ എടുക്കുന്ന സമയമാണിത്. അത് വരെ ഭൂരിഭാഗം പേരിലും രണ്ട്– മൂന്ന് മാസം കൂടുമ്പോഴാകാം ആർത്തവമുണ്ടാകുക. രണ്ട് വർഷത്തിനുള്ളിൽ പ്രത്യേക ചികിത്സയൊന്നുമില്ലാതെ തന്നെ ആർത്തവം ക്രമമാകുകയാണ് പതിവ്. ഈ സമയത്തിന് ശേഷവും ആർത്തവം ക്രമമായില്ലെങ്കിൽ ഡോക്ടറെ കണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം.

ആർത്തവം വൈകിയാൽ

ഏതെങ്കിലും കാരണങ്ങളാൽ ആർത്തവം ഉണ്ടാകാത്ത അ വസ്ഥയാണ് അനാർത്തവം അഥവാ അമിനോറിയ.

പ്രൈമറി അമിനോറിയ പതിനാറു വയസ്സിന് ശേഷവും ആർത്തവമുണ്ടായില്ലെങ്കി ൽ പ്രൈമറി അമിനോറിയ എന്ന അവസ്ഥയായി കണക്കാക്കാം. പോഷകാഹാരക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, ശരീരഘടനാപരമായ വൈകല്യങ്ങൾ എന്നിവയെല്ലാം അനാർത്തവത്തിന് കാരണമാകാറുണ്ട്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഇരുമ്പും മറ്റു പോഷകങ്ങളും അടങ്ങിയ ഭക്ഷണപദാർഥങ്ങളും പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം.

സെക്കൻഡറി അമിനോറിയ

കൃത്യമായി ആർത്തവം ഉണ്ടായിരുന്ന സ്ത്രീയ്ക്ക് ഇടയ്ക്ക് വച്ച് മൂന്ന്– ആറ് ആർത്തവചക്രങ്ങൾ വരാതിരിക്കുന്നതാണ് സെക്കൻഡറി അമിനോറിയ. ഗർഭാവസ്ഥ അല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി ചികിത്സ തേടണം. പിസിഒഡി, വിളർച്ച, തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം, ഹോർമോൺ വ്യതിയാനം ഇവ സെക്കൻഡറി അനാർത്തവത്തിന് കാരണമാകാം. മാനസികസമ്മർദം, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മൂലവും സെക്കൻഡറി അനാർത്തവമുണ്ടാകാം.കാരണം കണ്ടെത്തിയ ശേഷം ആയുർവേദ ചികിത്സയിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും.

ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ സി ഇവയുടെ കുറവ് മൂലമുള്ള വിളർച്ചയും അനാർത്തവത്തിന് കാരണമാകാം. ഇലക്കറികൾ, ഈന്തപ്പഴം, ഉണക്കമുന്തിരി, റാഗി, ബീറ്റ്റൂട്ട്, നെല്ലിക്ക തുടങ്ങിയവ ഭക്ഷണക്രമത്തിലുൾപ്പെടുത്താം. വാളൻപുളി, വിനാഗിരി, വറപൊരികൾ, അമിതമായ എരിവ്, ഉപ്പ്, പുളി ഇവ ഒഴിവാക്കുക. ചായ, കാപ്പി ഇ വ അമിതമായാൽ ഇരുമ്പിന്റെ ആഗിരണം തടയും. അവയും പരിമിതപ്പെടുത്തണം. മുതിര, എള്ള് എന്നിവയുടെ ഉപയോഗം ഈ അവസ്ഥയിൽ ഏറെ പ്രയോജനകരമാണ്. എള്ള് ഇടിച്ചു ശർക്കര ചേർത്ത് സേവിക്കുകയോ എള്ള് കഷായം കുടിക്കുകയോ െചയ്യാം.

ദ്രാക്ഷാരിഷ്ടം, ലോഹാസവം, അഭയാരിഷ്ടം, അശോകാരിഷ്ടം, സുകുമാരം നെയ്യ്, ചിരുവില്വാദി കഷായം, ഗ ന്ധർവഹസ്താദി കഷായം, കണാശതാഹ്വാദി കഷായം, കുലത്ഥാദി കഷായം, ചിത്രകഗ്രന്ധ്യാദി കഷായം, പുളിംകുഴമ്പ്, കല്യാണക്ഷാരം, ഏരണ്ടസുകുമാരം, അഷ്ടചൂർണം, രാജപ്രവർത്തിനി വടി, മണ്ഡൂരവടകം തുടങ്ങി നിരവധി ആയുർവേദ ഔഷധങ്ങൾ വിദഗ്ധ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുന്നത് ഗുണം ചെയ്യും.

വേദനയ്ക്ക് പരിഹാരമുണ്ട്

വേദനയോടെയുള്ള ആർത്തവമാണ് കൃചാർത്തവം അഥവാ ഡിസ്മെനോറിയ. ആർത്തവത്തിന്റെ തുടക്കത്തിൽ ചെറിയ തോതിൽ സഹിക്കാവുന്ന വയർവേദന, കാലുവേദന ഇവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പഠനത്തെയോ ജോലിയെയോ ദൈനംദിന പ്രവൃത്തിയെയോ ബാധിക്കുന്ന തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ വിദഗ്ധ ചികിത്സ വേണ്ടിവന്നേക്കാം.

പ്രൈമറി ഡിസ്മെനോറിയ കൗമാരക്കാരിലാണ് കൂടുതലായി കാണുന്നത്. ഗർഭാശയ സങ്കോചം കൂടുതലായതിനാലാണ് ഈ സമയത്ത് വേദന കൂടുതലാവുന്നത്. അടിവയറ്റിലും കാലുകളിലും വേദന, ചിലരിൽ തലവേദന, നടുവേദന, അമിതക്ഷീണം, ഓക്കാനം, ഛർദ്ദി, മലബന്ധം, തലകറക്കം, ഉറക്കക്കുറവ്, സ്തനങ്ങളിൽ കല്ലിപ്പ്, വിഷാദരോഗം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവത്തിന്റെ തുടക്കത്തിലെ ഒന്നോ രണ്ടോ ദിവസമാണ് വേദന അനുഭവപ്പെടുക. മുതിർന്ന വ്യക്തിയാകുമ്പോൾ പ്രസവശേഷം ചിലരിൽ ഈ വേദന കുറയും.

മറ്റെന്തെങ്കിലും രോഗങ്ങൾ കാരണം ആർത്തവം വേദനാജനകമാകുന്ന അവസ്ഥയാണ് സെക്കൻഡറി ഡിസ്മെനോറിയ. മധ്യവയസ്കരായ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്.

ഗർഭാശയരോഗങ്ങളായ ഫൈബ്രോയിഡ്, പിസിഒഡി, എൻഡിയോമെട്രിയോസിസ്, അഡിനോമയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസസ് തുടങ്ങിയ അവസ്ഥ വേദനയ്ക്ക് കാരണമാകാം. ആർത്തവത്തിന് നാല്– അഞ്ച് ദിവസം മുൻപ് തുടങ്ങുന്ന വേദന ആർത്തവം ആരംഭിക്കുന്നതോടെ ഇല്ലാതാകും.

ജീരകം, ഉലുവ എന്നിവ ചേർത്തു തയാറാക്കുന്ന കഷായവും വെളുത്തുള്ളി പാൽക്കഷായവും കുടിക്കാം. അടിവയറ്റിൽ ചൂടു വയ്ക്കുന്നത് ആശ്വാസമേകും. വൈറ്റമിൻ ഇ, വൈറ്റമിൻ സി, കാൽസ്യം, ഒമേഗ ഫാറ്റി ആസിഡ് ഇവ അടങ്ങിയ ആഹാരം കൂടുതലായി കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. പഴകിയതും എരിവ്, പുളി, മസാല, എണ്ണ ഇവ കൂടുതലുള്ളതുമായ ആഹാരം ഒഴിവാക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കുക. സപ്തസാരം കഷായം, സുകുമാരം കഷായം, ഹിംഗുവ ചാദി ചൂർണം, സുകുമാരം ഘൃതം, കുമാര്യാസവം, ജീരകാരിഷ്ടം, അശോകാരിഷ്ടം തുടങ്ങിയവ വിദഗ്ധ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുന്നത് ഗുണം ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സി. ഇ. ഷംന

സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ, ആയുഷ് ഗ്രാമം

ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, അമ്പലപ്പുഴ, ആലപ്പുഴ