Wednesday 24 August 2022 11:28 AM IST : By സ്വന്തം ലേഖകൻ

ചർമത്തിലെ കരിവാളിപ്പ് അകറ്റും ബദാംഎണ്ണ, സൺടാനും കറുത്ത പാടുകളും മാറ്റും കടുകെണ്ണ: അറിയാം ഗുണങ്ങൾ

beauty-oils-99

ബദാം എണ്ണ

∙ വൈറ്റമിൻ ഇ, പൊട്ടാസ്യം, സിങ്ക് എന്നിവയടങ്ങിയ ബദാം എണ്ണ ചർമത്തിന്റെ വരൾച്ച അകറ്റും. കരിവാളിപ്പ്, മൃതകോശങ്ങൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം എന്നിവയെ അകറ്റാൻ ബദാം എണ്ണ കൊണ്ട് നിത്യവും അരമണിക്കൂർ മസാജ് ചെയ്താൽ മതി.

∙ പാദങ്ങൾ മൃദുവാകാൻ രാത്രി ഉറങ്ങും മുൻപ് ബദാം എണ്ണ കാലിൽ പുരട്ടി മസാജ് ചെയ്യുക.‌ വിണ്ടുകീറിയ കാൽപാദമുള്ളവർ ഒലിവ് ഓയിൽ പുരട്ടിയശേഷം സോക്സ് അണിഞ്ഞ് ഉറങ്ങുക.

∙ മേക്കപ് റിമൂവറായും ബദാം എണ്ണ ഉപയോഗിക്കാം.

∙ പകുതി അവോക്കാഡോ, രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും ഒരു വലിയ സ്പൂൺ ബദാം എണ്ണയും ചേ ർത്ത് വരണ്ട മുടിയിൽ മസാജ് ചെയ്യാം. 45 മിനിറ്റിനുശേഷം കഴുകിക്കളയാം. മികച്ച ഹെയർപാക്കാണിത്.

∙ ബദാം എണ്ണ പപ്പായ ഉടച്ചതിലോ കട്ടത്തൈരിലോ യോജിപ്പിച്ച് മുഖത്തു പുരട്ടിയാൽ അമിത എണ്ണമയം മാറി, ചർമത്തിനു തിളക്കം കിട്ടും.

∙ ബദാം എണ്ണയും പഞ്ചസാരയും തേനും ചേർത്ത് ഫെയ്സ് പാക്കായും സ്ക്രബായും ഉപയോഗിക്കാം.

∙ സെൻസിറ്റീവ് ചർമമുള്ളവർക്ക് ബദാം എണ്ണ അലോസരമുണ്ടാക്കാം. മുഖക്കുരു അമിതമായി അലട്ടുന്നവരും ബദാം എണ്ണ മുഖത്തു പുരട്ടുന്നത് ഒഴിവാക്കാം. ട്രീനട്ട് അലർജിയുണ്ടെങ്കിൽ ബദാം എണ്ണ ഒഴിവാക്കണം.



ആവണക്കെണ്ണ

∙ മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ചർമത്തി ൽ നിന്ന് ഈർപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ ആവണക്കെണ്ണയ്ക്കാകും. മറ്റ് എണ്ണകളുമായി യോജിപ്പിച്ചാണ് ആവണക്കെണ്ണ ചർമത്തിൽ പുരട്ടേണ്ടത്. വെളിച്ചെണ്ണയോ ബദാം എണ്ണയോ ആയാൽ കൂടുതൽ നല്ലത്.

∙ നഖങ്ങളിൽ ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നഖങ്ങൾ നന്നായി വളരാൻ സഹായിക്കും.

∙ വെളിച്ചെണ്ണയിൽ ആവണക്കെണ്ണ യോജിപ്പിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത്, താരനെതിരെ ഫലപ്രദമാണ്. മുടി വളരുകയും ചെയ്യും.

∙ കൺപീലിയും പുരികവും നന്നായി വളരാൻ ആവണക്കെണ്ണ സഹായിക്കും. മൂന്നു തുള്ളി ആവണക്കെണ്ണയിൽ രണ്ടു തുള്ളി ബദാം എണ്ണ യോജിപ്പിച്ച് കൺപീലിയിലും പുരികത്തിലും പുരട്ടിയശേഷം ഉറങ്ങാം.

വെളിച്ചെണ്ണ

ആന്റി ഓക്സിഡന്റുകളും ഫൈറ്റോനൂട്രിയന്റസും ധാരാളമുള്ള വെളിച്ചെണ്ണ ചർമത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡും ലിനോലിയിക് ആസിഡും ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം കുറയ്ക്കാൻ വെളിച്ചെണ്ണയും വൈറ്റമിൻ ഇയും ചേർന്ന മിശ്രിതം പുരട്ടിയാൽ മതി. ചുളിവുകളും പാടുകവും മായ്ക്കാനും ഈ മിശ്രിതം നല്ലതാണ്.

∙ ആക്റ്റിവേറ്റഡ് ചാർക്കോളും വെളിച്ചെണ്ണയും ലയിപ്പിച്ച് മസ്കാര ബോട്ടിലിൽ നിറച്ചാൽ ശുദ്ധമായ ഹാൻഡ്മെയ്ഡ് മസ്കാര ലഭിക്കും. ഓൺലൈൻ സൈറ്റുക ൾ വഴി മസ്കാര ബോട്ടിലുകൾ ലഭ്യമാണ്.

∙ സിട്രസ് ഓയിലും പഞ്ചസാരയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം പുരട്ടുന്നത് മൃതകോശങ്ങളെ അകറ്റുന്നതിനൊപ്പം ചർമത്തിനു മൃദുത്വവും നൽകും. തേങ്ങ ചുരണ്ടിയതും നാരങ്ങാനീരും പഞ്ചസാരയും വെളിച്ചെണ്ണയും യോജിപ്പിച്ചും ചർമത്തിന് തിളക്കമേകും സ്ക്രബ് തയാറാക്കാം.

∙ വെളിച്ചെണ്ണ ഫ്രിജിൽ വച്ച് തണുപ്പിച്ച് നഖത്തിന്റെ വശങ്ങളില്‍ പുരട്ടുന്ന ക്യൂട്ടിക്കിൾ ക്രീമായി ഉപയോഗിക്കാം. ചർമം മൃദുവാകും.

∙ വെളിച്ചെണ്ണയും ഒലിവ് എണ്ണയും ബീസ്‌വാക്സും യോജിപ്പിച്ച് ലിപ് ബാമായി ഉപയോഗിക്കാം. ചുണ്ടുകൾക്ക് മൃദുത്വം ലഭിക്കുന്നതിനൊപ്പം ഭംഗിയുമേറും.

∙ തേനും വെളിച്ചെണ്ണയും സമം ചേർത്ത് ഫെയ്സ്പാക്കായി ഉപയോഗിക്കാം. ചുളിവുകളും കലകളുമകറ്റാൻ ഇതു സഹായിക്കും.

∙ വെളിച്ചെണ്ണ ബീറ്റ് ചെയ്ത് പതപ്പിച്ച് ക്രീം ആക്കിയാ ൽ ഉഗ്രൻ ബോഡി ബട്ടർ റെഡി. വൈറ്റമിൻ ഇ യും മറ്റ് എ സൻഷ്യൽ ഓയിലുകളും ചേർത്താൽ കൂടുതൽ നല്ലത്.

∙ ചർമത്തിലെ ചെറിയ ചൊറിച്ചിലും തടിപ്പുകളുമകറ്റാൻ കഴിവുള്ള വെളിച്ചെണ്ണ സെൻസിറ്റീവ് ചർമമുള്ളവർക്ക് ഏറ്റവും യോജിച്ചതാണ്. തേങ്ങാപ്പാൽ ഉരുക്കിയുണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണയാണ് വരണ്ട ചർമത്തിന് ഉത്തമം. എണ്ണമയമുള്ള ചർമമുള്ളവർ വെളിച്ചെണ്ണ അധികം ഉപയോഗിച്ചാൽ ചർമത്തിലെ എണ്ണമയം കൂടി മുഖക്കുരു വരാം.

∙ ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ചർമത്തിലെ അ ണുബാധ തടയാൻ കടുകെണ്ണ സഹായിക്കും.

കടുകെണ്ണ

∙ വൈറ്റമിൻ ഇ നിറഞ്ഞ കടുകെണ്ണ മുഖത്തു പുരട്ടിയാൽ സൺടാനും കറുത്ത പാടുകളും മാറും.

∙ മുഖകാന്തി കൂട്ടാൻ ഒരു വലിയ സ്പൂൺ വീതം കടുകെണ്ണ, തൈര്, കടലമാവ് എന്നിവ യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ കടുകെണ്ണയിൽ നാരങ്ങാനീരും ഉപ്പും ചേർത്ത് പല്ലു തേച്ചാൽ പല്ലുകൾ തിളങ്ങും.

∙ അമിതമായി കെമിക്കലുകൾ ഉപയോഗിച്ച് കേടുപാടുകൾ വന്ന മുടിക്ക് പുതുജീവൻ പകരാൻ കടുകെണ്ണ ശിരോചർമത്തിലും മുടിയിലും പുരട്ടാം.

∙ അകാലനര തടയാൻ കടുകെണ്ണ പതിവായി തലയോട്ടിയിൽ മസാജ് ചെയ്യാം.

∙ ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാൻ കടുകെണ്ണ പുരട്ടിയാൽ മതി.

വിവരങ്ങൾക്ക് കടപ്പാട്:

വിവരങ്ങൾക്കു കടപ്പാട്:
ഡോ.നീതു പ്രസാദ്,
ആയുർവേദ വിദഗ്ധ