Saturday 18 April 2020 05:17 PM IST : By സ്വന്തം ലേഖകൻ

കാപ്പി, കോള, ചായ തുടങ്ങിയവ ഒഴിവാക്കാം; നെഞ്ചെരിച്ചിൽ തടയാൻ ശീലിക്കാം ആരോഗ്യഭക്ഷണം!

acid-pic

നെഞ്ചിനും വയറിനു മുകളിലുമായി ഉണ്ടാകുന്ന എരിയുന്നത് പോലെയുള്ള  അനുഭവമാണ് നെഞ്ചെരിച്ചിൽ. ആേരാഗ്യകരമായ ഭക്ഷണക്രമത്തിലൂടെ നെഞ്ചെരിച്ചിൽ തടയാം.

ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം

അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്നത് ലോവർ ഈസോഫാഗൽഫിക്റ്റർ എന്ന മാംസപേശിയാണ്.  കഴിക്കുമ്പോൾ  ഈ മാംസപേശി വികസിച്ച് അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം കടത്തിവിടും. അല്ലാത്ത സമയങ്ങളിൽ ഇവ മുറുകി അടയും. ഈ മാംസപേശി ദുർബലമാകുമ്പോഴോ ഇടയ്ക്കിടെ വികസിക്കുമ്പോഴോ പാതി  ദഹിച്ച  ഭക്ഷണവും ദഹനരസങ്ങളും അന്നനാളത്തിലേക്ക് കയറിവരാം. ഇത് അന്നനാളത്തിൽ എരിച്ചിൽ ഉണ്ടാക്കാം.

ചിലതരം ഭക്ഷണം നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയോ വഷളാക്കുകയോ ചെയ്യാം. ചോക്‌ലേറ്റ്, കൊഴുപ്പ് കൂടിയ ഭക്ഷണം, മദ്യം തുടങ്ങിയവ സ്ഫിൻക്റ്റർ പേശിയെ അയയ്ക്കുകയും  ആമാശയത്തിൽ നിന്ന് ദഹനരസങ്ങൾ അന്നനാളത്തിലേക്ക് കയറാൻ ഇടയാകുകയും ചെയ്യും. കാപ്പി, കോള എന്നിവയും ദഹനരസങ്ങളുടെ അമ്ലസ്വഭാവം വർധിപ്പിച്ചു കൂടുതൽ തീവ്രമാക്കും. അസിഡിറ്റി കൂടുതലായി കാണുന്നവരിൽ  നെഞ്ചെരിച്ചിലും ഉണ്ടാകാറുണ്ട്. അമിതഭക്ഷണം കഴിക്കുന്നത് സ്വതവേ ബലം കുറഞ്ഞ സ്ഫിൻക്റ്റർ മസിലുകളിൽ കൂടുതൽ മർദം ചെലുത്തി അതു വികസിക്കാൻ ഇടയാക്കും.

കാപ്പി, കോള, ചായ തുടങ്ങി കഫീൻ അടങ്ങിയ ഭക്ഷണവസ്തുക്കൾ നിയന്ത്രിക്കുക. നെഞ്ചെരിച്ചിൽ ഉള്ളവർ െെവകുന്നേരത്തെ ഭക്ഷണശേഷം ഇവ ഉപയോഗിക്കരുത്. വറുത്തതും  പൊരിച്ചതും മസാല ചേർത്തതുമായ ഭക്ഷണം, കേക്ക്, ബിസ്കറ്റ്, ക്രീമുകൾ എന്നിവ പൂർണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. അസ്വസ്ഥത ഉണ്ടാകുന്നവർ വെളുത്തുള്ളി, ഒാറഞ്ച്, നാരങ്ങ പാനീയങ്ങൾ, തക്കാളി എന്നിവ ഒഴിവാക്കുക.

ദഹിക്കാൻ എളുപ്പമുള്ളതും ദഹനരസങ്ങളുടെ ഉൽപാദനം കുറയ്ക്കുന്നതുമായ ഭക്ഷണപദാർഥങ്ങളാണ് നെഞ്ചെരിച്ചിൽ ഉള്ളവർക്ക് നല്ലത്. ബ്ലാൻഡ് ഡയറ്റ് ഇത്തരക്കാർക്ക് അനുയോജ്യമാണ്. ഉരുളക്കിഴങ്ങ്, ബീൻസ്, അരി, ബാർലി, തവിട് നീക്കാത്ത ധാന്യങ്ങൾ എന്നിവയിലെ സങ്കീർണഘടനയോടു കൂടിയ അന്നജം എളുപ്പം ദഹിക്കും. കൊഴുപ്പ് കുറഞ്ഞ പാലും പാൽ ഉൽപന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ഏത്തപ്പഴവും പുഴുങ്ങി കഴിക്കാം. കോളിഫ്ലവർ, കാബേജ്, വെള്ളരിക്ക തുടങ്ങിയവ ഗ്യാസ് ഉണ്ടാക്കും. ഇവ ഒഴിവാക്കണം.

മുട്ട, മത്സ്യം ഇവ കഴിക്കാം. മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവയിലെ പ്രോട്ടീൻ ആമാശയത്തിനു മുകളിലുള്ള മസിലിനെ ദൃഢമാക്കാൻ സഹായിക്കും.  തേൻ, പഴച്ചാറുകൾ എന്നിവയും നല്ലതാണ്. കുരുമുളക്, ഗരംമസാലകൾ, വിനാഗിരി, കടുക് എന്നിവ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക. അസിഡിക് ഭക്ഷണമാണ്  നെഞ്ചെരിച്ചിൽ ഉണ്ടാക്കുക. ആൽക്കലൈൻ (ക്ഷാരഗുണമുള്ളവ) ഭക്ഷണം അസിഡിറ്റി കുറയ്ക്കും. ഇലക്കറികൾ, പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.ആപ്പിൾ, ആപ്രിക്കോട്ട്, ഈന്തപ്പഴം, വാഴപ്പഴം, ഒാറഞ്ച്, െെപനാപ്പിൾ, മുന്തിരി എന്നിവ മിതമായി കഴിക്കാം. ഭക്ഷണശേഷം മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം കിടക്കുക. ഇടതുവശം െചരിഞ്ഞു കിടക്കുന്നത് ദഹനരസങ്ങൾ അന്നനാളത്തിലേക്കു വരുന്നത് തടയും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ, കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്, തിരുവനന്തപുരം