Tuesday 05 January 2021 03:42 PM IST : By ഡോ. എസ്. എസ് സന്തോഷ് കുമാർ

കോവിഡ് മാറിയാലും ആരോഗ്യകാര്യങ്ങളില്‍ ഉണ്ടാകണം അതീവ ജാഗ്രത; ഡോക്ടർ നൽകുന്ന വിദഗ്ധ നിര്‍ദേശങ്ങൾ ഇതാ...

covid3322nnnnnnbb6555 ഡോ. എസ്. എസ് സന്തോഷ് കുമാർ, (തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട്, ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് സൗ‍ത്ത് ഏഷ്യ വൈസ് പ്രസിഡന്റ്)

കോവിഡ് വന്ന്, സുഖം പ്രാപിച്ചതിന്‍റെ ആശ്വാസത്തിലായിരുന്നു മുപ്പതുകാരനായ ആ മലയാളി യുവാവ്. ജോലി ആവശ്യത്തിനായി ചെന്നൈയിലാണ് താമസം. കോവിഡിനു ശേഷം സാധാരണ ജീവിതത്തിലേക്ക് എത്തിയെന്ന് എല്ലാവരും കരുതി. െപട്ടെന്നാണ് നെഞ്ചു‌വേദന തുടങ്ങിയത്. മുൻപ് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഹൃദയാഘാതത്തിലേക്കാണ് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞുമില്ല. ആശുപത്രിയിലെത്താൻ വൈകി. ജീവൻ പൊലിഞ്ഞു. നിനച്ചിരിക്കാത്ത നേരത്ത് മരണമെത്തിയ വാർത്തകള്‍ പലതും കണ്ടു, നമ്മള്‍ ഈ േകാവിഡ് കാലത്ത്. സംസ്ഥാന യുവജനക്ഷേമബോർഡ് ഉപാധ്യക്ഷൻ പി. ബിജുവിന്റെ വേർപാട് അടക്കം.

വിട്ടുമാറാത്ത ചുമ, ക്ഷീണം, കിതപ്പ്, ശരീരവേദനകള്‍ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും േകാവിഡ് വന്നു േപായവരില്‍ കണ്ടുവരുന്നുണ്ട്. ‘പോസ്റ്റ് കോവിഡ് സിൻ‍ഡ്രോം’ നമ്മുടെ സമൂഹത്തിൽ സജീവമാണെന്നതിന്‍റെ സൂചനയാണ് ഇവയെല്ലാം. ഇതിനെതിരേ ജാഗ്രതയല്ല അതീവ ജാഗ്രതയാണ് പുലർത്തേണ്ടത്. ഒരു രോഗലക്ഷണങ്ങളെയും അവഗണിക്കരുതെന്നതാണ് ആദ്യപാഠം. കോവിഡ് അനന്തര ഘട്ടത്തിൽ ശരീരത്തെ രോഗങ്ങള്‍ ബാധിക്കുന്നതെങ്ങനെ എന്നറിയാം.

പോസ്റ്റ് കോവിഡ് സിൻ‍ഡ്രോം എന്നാൽ?

കോവിഡ് വന്നു േപായവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് േപാസ്റ്റ് േകാവിഡ് സിന്‍ഡ്രോം എന്നു പറയുന്നത്. കോവിഡ് പൊസിറ്റീവ് ആയി ചികിത്സ തേടിയവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇത്. കോവിഡ് ബാധിച്ചത് അറിയാതെ പോയവരും ഇതിന്റെ പരിധിയിൽ പെടും. പൊസിറ്റീവ് ആയ കേസുകളുെട പല മടങ്ങ് വരും വന്നിട്ട് അറിയാതെ പോയവർ. ചെറുപ്പക്കാരിൽ പലപ്പോഴും യാതൊരു ലക്ഷണവും  ഇല്ലാതെ േകാവിഡ് വന്നുപോയിട്ടുണ്ടാകാം. ശരീരത്തെ കോവിഡ് ബാധിച്ചതു മൂലം പിന്നീടുണ്ടാകാവുന്ന ദോഷഫലങ്ങൾ അവർക്കും ഉണ്ടാകാം. അതുകൊണ്ട് തന്നെ ക്ഷീണം, സന്ധിവേദന, തലകറക്കം, ശ്വാസം മുട്ടൽ, നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ പൊതുവായ ലക്ഷണങ്ങൾ നിസ്സാരമായി തള്ളരുത്.

കോവിഡ് നെഗറ്റീവായ ശേഷം വീണ്ടും വൈറസ് രോഗകാരിയാകുന്നത് എങ്ങനെയാണ്?

കോവിഡ് സ്ഥീരികരിച്ചവർ, പിന്നീട് നെഗറ്റീവായവർ എന്ന മാനദണ്ഡം കണക്കാക്കേണ്ടതില്ല. കോവിഡ് ബാധിച്ച് അറിയാതെ പോയവരും ഇതിൽ പെടും. അതുകൊണ്ട് തന്നെ കോവിഡ് ബാധിച്ചവർക്ക് ശേഷം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്ന വിലയിരുത്തൽ ആകും ഉചിതം.

കോവിഡ് മുക്തരായ ആളുകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. എന്നാൽ രോഗമുണ്ടാക്കുന്ന രീതിയിൽ (പതോഫിസിയോളജി) പൊതുവായ ചില ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്തക്കുഴലുകളിൽ ചെറിയ തരി പോലെ രക്തം കട്ട പിടിക്കുന്ന (Microthrombi) സവിശേഷ അവസ്ഥ കോവിഡിനു ശേഷം പലരിലും കണ്ടുവരുന്നുണ്ട്. 

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനവുമായി വൈറസ് പ്രതിപ്രവർത്തിച്ചാണ് ഈ സ്ഥിതിയുണ്ടാകുന്നത്. രക്തം കട്ട പിടിച്ചുണ്ടാകുന്ന ഈ ചെറുതരികൾ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് വിവിധ അവയവങ്ങളിൽ എത്തും. ചിലപ്പോൾ ഇത് രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കും. വേണ്ടത്ര രക്തം എത്താതെ വരുമ്പോൾ ആ അവയവത്തിലെ കോശങ്ങൾ നശിക്കുകയും പ്രവർത്തനം തകരാറിലാകുകയും ചെയ്യും. വ്യക്തിയിൽ അത് വരെ പ്രകടമാകാതിരുന്ന രോഗാവസ്ഥകൾ തീവ്രമാകാനും ഇടയുണ്ട്.

ഓരോരുത്തരിലും ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കുമോ?

വ്യക്തിയുടെ ആരോഗ്യം ഇതിലെ ഘടകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ‘വൈറൽ ലോഡ്’. രോഗം ബാധിക്കുമ്പോൾ  ശരീരത്തിൽ കയറുന്ന വൈറസിന്റെ എണ്ണമാണ് ‘വൈറൽ ലോഡ്’. അതിന് അനുസരിച്ചാകും അനുബന്ധപ്രശ്നങ്ങളുടെ തീവ്രത. അതുപോലെ തന്നെ

രക്തം കട്ടപ്പിടിച്ചുണ്ടാകുന്ന ചെറുതരികൾ ഏത് അവയവത്തെയാണ് ബാധിക്കുന്നത് എന്നതനുസരിച്ചാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയാണ് ബാധിക്കുന്നതെങ്കിൽ ഹെമിപ്ലീജിയ (തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്ന അവസ്ഥ) ഉണ്ടാകാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെയാണ് ബാധിക്കുന്നതെങ്കിൽ ഹൃദയഘാതമോ മറ്റ് ഹൃദയസംബന്ധ പ്രശ്നങ്ങളോ ഉണ്ടാകാം.

ശ്വാസകോശത്തിലാണെങ്കിൽ ‘ലങ് ഫൈബ്രോസിസ്’ എന്ന അവസ്ഥ ഉണ്ടാകാം. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വരെ വേണ്ടി വരുന്ന അസുഖമാണിത്.

കോവിഡ് പൊസിറ്റീവ് ആകാത്തവർ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുമായി വരുമ്പോൾ ?

ആന്റിബോഡി ടെസ്റ്റിലൂടെ മൂന്നു മുതൽ ആറുമാസം മുൻപ് വരെ കോവിഡ് ബാധ തിരിച്ചറിയാം. ഒരു പക്ഷേ, അത്തരം ടെസ്റ്റുകൾ വ്യാപകമായി ചെയ്യേണ്ട സാഹചര്യം ഇനിയുണ്ടാകാം. ലക്ഷണങ്ങൾ ഉള്ളവർ അത് നിസ്സാരമായി കാണരുത്. തക്കസമയത്ത് കണ്ടെത്തിയാൽ ഏത് അവയവത്തെയാണ് തകരാറിലാക്കിയതെന്ന് മനസ്സിലാക്കാൻ കഴിയും. തുടർചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം. പ ക്ഷേ, സമയം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ജാഗ്രതയല്ല അതീവ ജാഗ്രതയാണ് ഇനി വേണ്ടതെന്ന് പറയുന്നത്.

ജീവിതശൈലി രോഗ  മരുന്നുകൾ കോവിഡ് അനന്തര ചികിത്സയിൽ സഹായകരമാകുന്നുണ്ടോ?

രക്തക്കുഴലുകളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന അവസ്ഥയാണ് പലപ്പോഴും അപകടമാകുന്നത്. രക്തത്തെ നേർപ്പിക്കുന്നതിനായി നൽകുന്ന മരുന്നുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിൽ ഗവേഷണങ്ങൾ നടന്നുവരുന്നതേയുള്ളൂ. ഹൃദ്രോഗബാധിതർക്ക് നൽകുന്ന ആസ്പിരിൻ പോസ്റ്റ് കോവിഡ് ചികിത്സയിൽ ഉപയോഗിക്കാമെന്ന് ഇംഗ്ലണ്ടിൽ നടന്ന പഠനം പറയുന്നു. ഹെപ്പാരിൻ, പ്ലേറ്റ്ലറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട ക്ലോപിഡോഗ്രൽ, കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻസ്  എന്നിവ രക്തത്തെ നേർപ്പിക്കാൻ സഹായിക്കുന്നവയാണ്. ഇ തേക്കുറിച്ച് ആധികാരികമായി പറയാൻ പഠനങ്ങൾ പൂർത്തിയാകുന്നതു വരെ കാത്തിരിക്കേണ്ടി വരും.

എന്നാൽ കേരളത്തിൽ മരണനിരക്ക് കുറഞ്ഞതിന്റെ കാ രണങ്ങളിലൊന്ന് ഇതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 45 വ യസ്സിനു മേൽ പ്രായമുള്ളവരിൽ ഭൂരിപക്ഷവും ജീവിതശൈലി രോഗങ്ങൾ പരിശോധനകളിലൂടെ കണ്ടെത്തിയവരാണ്. ഇ വർ ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് കഴിക്കുന്നവരുമാണ്. കോവിഡ് അനന്തര ഘട്ടത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാൻ ഇത് സഹായിച്ചിട്ടുണ്ട്.

കോവിഡിനു ശേഷമുള്ള പ്രശ്നങ്ങൾ ഏതു പ്രായക്കാരെയാണ് കൂടുതൻ ബാധിക്കുക?

കോവിഡ് അനന്തര ആഘാതം ഇന്ന പ്രായക്കാരിലാണ് കൂടുതൽ എന്ന് പറയാൻ കഴിയില്ല. മരണനിരക്ക് പരിശോധിക്കുമ്പോൾ 80 ശതമാനത്തിലധികവും 60 നു മേൽ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ കോവിഡ് അനന്തര പ്രശ്നങ്ങളും ആ പ്രായക്കാർക്കാണ് കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് പറയാം. ഇതിനർഥം ചെറുപ്പക്കാർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നല്ല. ജാഗ്രത എല്ലാവർക്കും വേണം. അതിനു പ്രായഭേദമില്ല.

പോസ്റ്റ് കോവിഡ് സിൻഡ്രോം ബാധിച്ചിട്ടില്ലെന്ന് ഉറപ്പിക്കാൻ ടെസ്റ്റുകൾ ഉണ്ടോ?

കോവിഡ് ആറു മാസത്തിനകം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ആന്റി ബോഡി ടെസ്റ്റ് മാത്രമാണുള്ളത്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ഡോക്ടറെ കാണുക. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ടെസ്റ്റുകൾ ഡോക്ടർ നിർദേശിക്കും. ഏത് അവയവത്തെ, അല്ലെങ്കിൽ ഏത് ഭാഗത്തെ ആണ് ബാധിച്ചതെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അതിനു അനുസരിച്ചുള്ള ചികിത്സയും നൽകും.

സർക്കാർ  കോവിഡ് അനന്തര ചികിൽസയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണ്?

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജ് ഇവയെല്ലാം ചേർത്താണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം.

ക്ഷീണം, ശ്വാസംമുട്ടൽ, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങ ൾ തോന്നുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താം. പ്രാഥമികമായി വേണ്ട പരിശോധനകൾ അവിടെ നടത്തും. ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ  താലൂക്ക്, ജനറൽ ആശുപത്രികളിലേക്കും ആവശ്യമെങ്കിൽ മെഡിക്കൽ കോളജിലേക്കും റഫർ ചെയ്യും.

നിരവധി പേരാണ് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളുമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നത്.  ഇ തു കൂടാതെ മെഡിക്കൽ കോളജുകളിൽ വിവിധ ഡിപ്പാ ർട്മെന്റുകൾ ഒരുമിച്ചു ചേർന്ന് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കുന്നുണ്ട്.

കടപ്പാട്: ഡോ. എസ്. എസ് സന്തോഷ് കുമാർ, (തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട്, ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് സൗ‍ത്ത് ഏഷ്യ വൈസ് പ്രസിഡന്റ്)

Tags:
  • Health Tips
  • Glam Up