Thursday 17 June 2021 04:19 PM IST : By സ്വന്തം ലേഖകൻ

വാക്സീൻ എടുത്തവരിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലും മരണങ്ങളും: ആശങ്കകൾക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്...

vaccinattoionnjg

കോവിഡിൽ നിന്ന് രക്ഷനേടാൻ വാക്സീൻ നിർബന്ധമായും എടുക്കണമെന്ന് സർക്കാരും ആരോഗ്യപ്രവർത്തകരുമെല്ലാം ആവർത്തിച്ചു പറയുന്നുണ്ട്. വാക്സിനേഷൻ നടപ്പാക്കിയ ചില രാജ്യങ്ങളെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാൽ വാക്സീനുമായി ബന്ധപ്പെട്ട് ചില പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ചില വാക്സീനുകൾ എടുത്തവരിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലും മരണങ്ങളുമാണ് ആശങ്കകൾക്ക് ഇടയാക്കിയത്. എന്നാൽ ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്നും, വാക്സീൻ എടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കരുതെന്നും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി)പറയുന്നു.

സിഡിസിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ എടുത്ത 11.2 ദശലക്ഷം പേരിൽ 35 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം നേരിട്ടത്. സ്ത്രീകൾ പ്രത്യേകിച്ച് 50 വയസ്സിനു താഴെയുള്ളവർ വാക്സീന്റെ ചില അപൂർവ വിപരീതഫലങ്ങളെ കുറിച്ച് കരുതിയിരിക്കണമെന്നും സിഡിസി മുന്നറിയിപ്പുനൽകുന്നു. റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ 302 ദശലക്ഷം ഡോസ് വാക്സീൻ നൽകിയതിൽ 5000 പേരാണ് മരണപ്പെട്ടത്. 

വാക്സീൻ എടുത്തവരിൽ ഹൃദയപേശികൾ വികസിക്കുന്ന രോഗമായ മയോകാർഡൈറ്റിസും കടുത്ത അലർജി പ്രതികരണമായ അനാഫിലാക്സിസും അപൂർവമായി കണ്ടുവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മയോകാർഡൈറ്റിസ് അസാധാരണ ഹൃദയമിടിപ്പിലേക്കും ഹൃദയസ്തംഭനത്തിലേക്കും വരെ നയിക്കാം. 30 വയസ്സോ അതിനു താഴെ പ്രായമുള്ളവരോ ആയ 623 പേരിലാണ് കോവിഡ് വാക്സീനെ തുടർന്ന് മയോകാർഡൈറ്റിസ് ഉണ്ടായത്. 

അനാഫിലാക്സിസ് ഏതൊരു വാക്സിനേഷന് ശേഷവും സംഭവിക്കാമെന്നും സിഡിസി പറയുന്നു. അവ ഉടനെ കണ്ടെത്താൻ സാധിച്ചാൽ വാക്സിനേഷൻ കേന്ദ്രത്തിൽ വച്ച് തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഈ പാർശ്വ, വിപരീതഫലങ്ങൾ ഉണ്ടാകാമെങ്കിലും 12 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും വാക്‌സീൻ എടുക്കണമെന്ന് സിഡിസി ശുപാർശ ചെയ്തു.

Tags:
  • Health Tips
  • Glam Up