Tuesday 04 January 2022 03:12 PM IST : By സ്വന്തം ലേഖകൻ

കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരണം; കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി കാരണമെന്ന് റിപ്പോർട്ട്

allergysahnnnnn

അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് രാസപരിശോധനാഫലം. 

ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം  മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും. യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്സീൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്‌ഷൻ ഉണ്ടായി എന്നു റിപ്പോർട്ടിൽ പറയുന്നു. 

ജില്ലാ മെഡിക്കൽ ഓഫിസറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ആശുപത്രിയിലും മറ്റും നടത്തിയ പരിശോധനയുടെ റിപ്പോർട്ടും നിലവിലെ രാസപരിശോധനാ ഫലവും ഏകോപിപ്പിച്ചാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക. കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന (27) നവംബർ 27ന് ആണു മരിച്ചത്. 36 ദിവസങ്ങൾക്കുശേഷം ഇന്നലെയാണ് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്.

കഴുത്തിലും കയ്യിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് നവംബർ 25ന് വൈകിട്ട് നാലോടെയാണ് ഹസ്നയെ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നൽകി. കുത്തിവയ്പെടുത്ത് 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു. 

മൂന്നു മാസം മുൻപ് കോവിഡ് ബാധിച്ച ഹസ്ന 24ന് ആണ് ആദ്യ ഡോസ് വാക്സീൻ എടുത്തത്. വാക്സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.

Tags:
  • Health Tips
  • Glam Up