Tuesday 25 June 2024 04:39 PM IST : By സ്വന്തം ലേഖകൻ

‘പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, കരുതലോടെ മാത്രം നീന്തൽ’; അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

menichhh

കഴിഞ്ഞ ദിവസം അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം ബാധിച്ച് പതിമുന്നുകാരി മരണപ്പെട്ടിരുന്നു. എന്താണ് മസ്തിഷ്ക ജ്വരം എന്ന് നോക്കാം.. പണ്ടു തൊട്ടേ ഡോക്ടർമാർക്ക് അറിയാമെങ്കിലും കൃത്യമായ രോഗ നിർണയം പലപ്പോഴും നടക്കാത്തതിനാലോ, വളരെ അപൂർവമായി മാത്രം കാണുന്നതിനാലോ ജനങ്ങൾക്കിടയിൽ അധികം കേട്ടുകേൾവിയില്ലാത്ത ഒരു രോഗമാണ് അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം.

അമീബ എന്ന പേര് നമുക്ക് സുപരിചിതമാണ്. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയും ഒക്കെ നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയിൽ അമീബകൾ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷേ, എന്റെമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിങ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. 

കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതു കൊണ്ടാണോ അപൂർവം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളിൽ നിന്നു വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെ. 

രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നതു കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.

സാധാരണഗതിയിൽ മസ്തിഷ്ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (മസ്തിഷ്കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോഴാണ് ഈ രോഗാണു മൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

∙ സ്വിമ്മിങ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

∙ പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

∙ നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

∙ മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിങ് എന്നിവയ്ക്ക് മുതിരുക

∙ തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

∙ നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

എഴുത്ത്, കടപ്പാട്: ഡോ. മോഹൻദാസ് നായർ, ഡോ. നേത ഹുസൈൻ, ടീം ഇൻഫോക്ലിനിക്

Tags:
  • Health Tips
  • Glam Up