പോഷകാഹാരക്കുറവ്, ആർത്തവത്തിൽ അമിത രക്തസ്രാവം മൂലം സംഭവിക്കുന്ന രക്തക്കുറവ് എന്നിവ മൂലം വിളർച്ച അഥവാ അനീമിയ 20 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കാണാറുണ്ട്. 20–40 വയസ്സുവരെയുള്ള സ്ത്രീകളിലും അനീമിയ വ്യാപകമായി കാണാറുണ്ട്. രക്തത്തിൽ ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി 12 ന്റെ കുറവ്, ഫോളിക് അസിഡിന്റെ കുറവ്, കിഡ്നി രോഗങ്ങൾ എന്നിവ വിളർച്ച ഉണ്ടാക്കാം.
കടുത്ത ക്ഷീണം, തണുത്ത കൈകളും കാലുകളും, തളർച്ച, വിളറിയ കണ്ണുകളും ചർമവും, തലവേദനയും തലകറക്കവും, നെഞ്ചു വേദന, കിതപ്പ്, ശ്വാസംമുട്ട്, എളുപ്പത്തിൽ പൊട്ടുന്ന നഖം, വിശപ്പില്ലായ്മ, ഐസ്, അരി എന്നിവ തിന്നാനുള്ള ആഗ്രഹം ഇവ വിളർച്ചയുടെ ലക്ഷണങ്ങളാണ്.
പരിഹാരം
ആർത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടെങ്കിൽ അത് എത്രയും വേഗം പരിഹരിക്കണം. വിളർച്ചയിലേക്ക് എത്താതെ ആരോഗ്യാവസ്ഥ നിലനിർത്താം. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനായി ശാരീരിക ആവശ്യത്തിന് അനുസരിച്ച് അയൺ ടാബ്‌ലറ്റുകൾ നൽകുകയോ, ഇൻജക്‌ഷനുകൾ നൽകുകയോ ചെയ്യും. 16 വയസ്സിനു മുകളിലുള്ളവർക്കേ ഇൻജക്‌ഷനുകൾ കൊടുക്കാറുള്ളു, ചികിത്സയ്ക്ക് എത്തുമ്പോൾ രക്തം തീരെ കുറവാണെങ്കിൽ ര ക്തം കയറ്റേണ്ടി വരും.
പ്രതിരോധം
ഫോളിക് ആസിഡ്, ഇരുമ്പ്, വൈറ്റമിൻ ബി 12 എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വന്നേക്കാം. ഡയറ്റീഷനെ കണ്ട് അതിന് അനുസൃതമായ വിധം ഭക്ഷണം ക്രമീകരിക്കണം.
ഇറച്ചി (റെഡ് മീറ്റ്), പയറു വർഗങ്ങൾ, കടും പച്ച നിറത്തി ലുള്ള ഇലക്കറികൾ എന്നിവയിൽ ഇരുമ്പിന്റെ അംശമുണ്ട്. ഗ്രീൻപീസ്, വൻപയർ, വെണ്ണ, മുട്ട, മീൻ, ബദാം, നിലക്കടല എന്നിവയിൽ നിന്നും ഫോളിക് ആസിഡ് ലഭിക്കും. ഇറച്ചി, പാലുത്പന്നങ്ങൾ, സോയ ഉത്പന്നങ്ങൾ എന്നിവയിൽ വൈറ്റമിൻ ബി12 ഉണ്ട്.
വൈറ്റമിൻ സി അടങ്ങിയ ഉത്പന്നങ്ങൾ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുമെന്നതിനാൽ പുളിയുള്ള പഴങ്ങൾ, ബ്രോക്‌ലി, തക്കാളി, തണ്ണിമത്തൻ, സ്ട്രോബെറി, എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.