Tuesday 21 July 2020 12:26 PM IST : By സ്വന്തം ലേഖകൻ

ബദാം പൊടിച്ചതും ഒലിവ് ഒായിലും മിക്സ് ചെയ്ത് മുഖത്ത് മൃദുവായി മസാജ് ചെയ്ത് മുഖത്തെ മൃതകോശങ്ങൾ കളയാം ; അഴകും സൗഖ്യവുമേകും ബ്യൂട്ടി സ്പാ വീട്ടിൽ തന്നെ

face

സൗന്ദര്യത്തിനൊപ്പം ഉൻമേഷവും എനർജിയും തരുന്നതാണ് സ്പാ ട്രീറ്റ്മെന്റ്. ശരീരത്തിനു മുഴുവനായും അഴകേകുന്നതിെനാപ്പം മനസിലെ ടെൻഷനും മാനസിക സമ്മർദവും അകറ്റി സൗഖ്യം പകരാനും സ്പാ ട്രീറ്റ്മെന്റ് ഏറ്റവും നല്ല വഴിയാണ്. ബ്യൂ‍ട്ടി പാർലറിൽ പോകാതെ വീട്ടിൽ തന്നെ പ്രകൃതി ദത്ത മാർഗങ്ങളുപയോഗിച്ച് സ്പാ ട്രീറ്റ്മെന്റ് ചെയ്യാവുന്നതേയുള്ളൂ.

വീട്ടിൽ വലിയ ജോലിയൊന്നുമില്ലാത്ത ഒരു ദിവസം സ്പാ ഡേ ആയി തിരഞ്ഞെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ തലേന്നു തന്നെ ചെയ്തു വയ്ക്കണം. രാവിലെ തന്നെ വീട്ടു ജോലികൾ തീർത്തു വച്ചിട്ട് സ്പായ്ക്കായി ഒരുങ്ങുക. മുറിയും ബാത്ത്റൂമും നേരത്തേ വൃത്തിയാക്കി വയ്ക്കണം. മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കാനും മറക്കേണ്ട.

∙ ആദ്യം തന്നെ പ്രിയപ്പെട്ട സുഗന്ധമുള്ള കാൻഡിൽ മുറിയിൽ കത്തിച്ചു വയ്ക്കുക എസൻഷ്യൽ ഒായിലിന്റെ സുഗന്ധമുള്ള മെഴുകുതിരി ഉൻമേഷം പകരും.

∙ ഇനി നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ശാന്തമായ സംഗീതം പ്ലേ ചെയ്യാം. ചടുലമായ സംഗീതമാവരുത്. ശാന്തത പകരുന്ന ഉപകരണ സംഗീതമാവും നല്ലത്. സുഗന്ധത്തിനൊപ്പം സംഗീതം കൂടി ചുറ്റും നിറയുന്നത് ഉണർവേകും.

∙ ഒരു ബൗളിൽ ഇളം ചൂടുവെള്ളം എടുത്ത് അതിൽ അഞ്ചോ ആറോ തുള്ളി ആരോമാറ്റിക് ഒായിൽ (സുഗന്ധമുള്ള എണ്ണകൾ. ലാവൻഡർ ഒായിൽ, യൂക്കാലി, പെപ്പർമിന്റ്, ജോജോബാ ഒായിൽ, ടീ ട്രീ ഒായിൽ ഇതൊക്കെ നല്ലതാണ്) ഒഴിക്കുക. ഈ വെള്ളത്തിൽ ടവൽ മുക്കി പിഴിഞ്ഞ് മുഖത്തും കഴുത്തിലും മൃദുവായി തടവുക.

∙ ഇനി മുടിക്ക് സ്പാ ചെയ്യുക. ആദ്യം ചെറുതായി ചൂടാക്കിയ ഒലിവ് ഒായിൽ കൊണ്ട് തലയോട്ടി ഹോട്ട് ഒായിൽ മസാജ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞ് ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവൽ തലമുടിയിൽ 5 മിനിറ്റ് നേരം മുക്കി വയ്ക്കുക. ഇനി മൈൽഡ് ഷാമ്പൂ ഉപയോഗിച്ച് തലമുടി വൃത്തിയായി കഴുകുക. ഷാമ്പൂ കഴുകിയ ശേഷം ഡീപ് കണ്ടീഷണർ പുരട്ടി രണ്ടു മിനിറ്റ് വച്ച ശേഷം മുടി വൃത്തിയായി കഴുകിയെടുക്കുക. കണ്ടിഷനിങ്ങിനായി കെമിക്കൽ ഷാമ്പൂവിനു പകരം പ്രകൃതി ദത്ത വഴിയായി ചെമ്പരത്തിപ്പൂവും ചെമ്പരത്തിയിലയും അരച്ചത് ഉപയോഗിക്കുന്നതും മുടിക്ക് കൂടുതൽ ഗുണകരമാണ്.

∙ ഇനി ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. കുളിക്കാനുള്ള വെള്ളത്തിൽ ഏതാനും തുള്ളി ആരോമാറ്റിക് ഒായിലും അൽപം ബദാം ഒായിലും കലർത്തി ഉപയോഗിക്കാം. ഇത് ചർമത്തിന് ഉണർവേകും.

∙ കുറച്ച് റോസ് വാട്ടർ, ബദാം ഒായിൽ, കടലമാവ് ഇവ മിക്സ് ചെയ്ത് ദേഹത്തു പുരട്ടി മസാജ് ചെയ്യുക. എന്നിട്ട് സ്ക്രബ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കുളിക്കുക. ഇത് ചർമത്തിന് നല്ലതാണ്.

∙ കുളി കഴിഞ്ഞ് ദേഹം തുടച്ചുണക്കിയ ശേഷം ദേഹമാകെ മോയിസ്ചറൈസർ പുരട്ടുക.

∙ മുഖത്തെ മൃത കോശങ്ങൾ കളയാൻ നാച്വറൽ സ്ക്രബ് ഉപയോഗിക്കാം. ബദാം പൊടിച്ചതും ഒലിവ് ഒായിലും മിക്സ് ചെയ്ത് മുഖത്ത് മൃദുവായി മസാജ് ചെയ്ത് മുഖത്തെ മൃതകോശങ്ങൾ കളയാം.

∙ ഇനി മുഖത്ത് ആവി പിടിക്കണം. അമിതമായി ചൂടേൽക്കരുത്.

∙ ഇനി അൽപം ഒാട്സ് പൊടിച്ചത് തൈരിൽ കുഴച്ച് മുഖത്ത് പുരട്ടിയിട്ട് ഉണങ്ങും മുൻപായി കഴുകി കളയുക.

∙ മുഖ ചർമത്തിനിണങ്ങിയ ഫേസ് പാക്ക് ഇടാം ഇനി. അൽപം തേനും ഏത്തപ്പഴും ഉടച്ചതും മിക്സ് െചയ്ത് ഫേസ് പാക്ക് ഇടാം. 15 മിനിറ്റ് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക. ഇനി മുഖത്ത് ഒരു തുള്ളി ബദാം ഒായിൽ പുരട്ടി തടവാം.

∙ ഇനി കണ്ണുകൾക്കു വിശ്രമം നൽകാം. കുക്കുംബർ വട്ടത്തിൽ മുറിച്ചത് കണ്ണുകൾക്കു മേലേ വച്ച് 10 മിനിറ്റ് വിശ്രമിക്കുക.

∙ ഇനി പെഡിക്യൂറും മാനിക്യൂറും കൂടി ചെയ്യണം.

ആദ്യം പോളിഷ് റിമൂവർ ഉപയോഗിച്ച് കൈകാലുകളിലെ പഴയ നെയിൽ പോളിഷ് നെയിൽ മാറ്റുക.

∙ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അൽപം ഫെയ്സ് ക്ലെൻസർ ചേർത്തിട്ട് കൈകൾ മൂന്ന് മിനിറ്റ് ഇതിൽ മുക്കി വയ്ക്കുക. കൈകൾ വൃത്തിയായി കഴുകി തുടച്ചുണക്കിയ ശേഷം നഖങ്ങൾ വെട്ടി ആകൃതി വരുത്തുക.

∙ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അൽപം മൈൽഡ് ഷാമ്പൂവും ബദാം ഒായിലിന്റെ ഏതാനും തുള്ളികളും മിക്സ് ചെയ്ത് അതിൽ കാൽ പാദങ്ങൾ 15 മിനിറ്റ് നേരം മുക്കി വയ്ക്കുക. ഇനി പ്യൂമിസ് സ്റ്റോണും ബ്രഷും ഉപയോഗിച്ച് വൃത്തിയായി കഴുകി പാദങ്ങൾ വെടിപ്പാക്കുക. നഖങ്ങൾ വെട്ടി ഭംഗിയാക്കുക. കഴുകി തുടച്ച ശേഷം ആലോവേര അടങ്ങിയ ഫൂട്ട് ക്രീം പാദങ്ങളി‍ൽ പുരട്ടാം. ഉണങ്ങിയ ശേഷം കൈകാലുകളിലെ നഖങ്ങളിൽ ഇഷ്ടമുള്ള നെയിൽ പോളിഷ് ഇടാം. പാദങ്ങളിലും കൈകളിലും ഒന്നു കൂടി മോയിസ്ചറൈസർ പുരട്ടി മൃ‍‍‍ദുവായി തടവുക. ഇതോടെ ശരീരത്തിന് മൊത്തം അഴകും മനസ്സിനാകെ പ്രസരിപ്പും പകരുന്ന ഹോം ബ്യൂട്ടി സ്പാ പൂർത്തിയായി.

Tags:
  • Health Tips