Saturday 30 April 2022 02:16 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ബ്ലാക്ക് ഫംഗസ്? നാലാമതൊരു കോവിഡ് തരംഗം കൂടി വരുമോ? ആശങ്കയ്ക്കിടെ ഭീതി പരത്തി ഇന്ത്യൻ നഗരങ്ങൾ

blaakkm544wsfyyy

ഇന്ത്യയില്‍ നാലാമതൊരു കോവിഡ് തരംഗം കൂടി വരുമോ എന്ന ആശങ്കയ്ക്കിടെ ഭീതി പരത്തിക്കൊണ്ട് വന്‍ നഗരങ്ങളില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയെന്നു സൂചന. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മ്യൂകോര്‍മൈകോസിസ് (Mucormycosis) എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഇവിടെ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു. 2021 ല്‍ കോവിഡ് രണ്ടാം തരംഗത്തിനിടെ രോഗമുക്തരില്‍ പലരെയും മ്യൂകോര്‍മൈകോസിസ് പിടികൂടിയിരുന്നു. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് മ്യൂകോര്‍മൈകോസിസ് കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇഎന്‍ടി സീനിയര്‍ കണ്‍സൽറ്റന്റ് ഡോ. എസ്. സന്തോഷ് ദ് ഹെല്‍ത്ത്‌സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തലവേദന, തലയ്ക്ക് ഭാരം, മുഖ വേദന, ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ഈ രോഗികളില്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടതെന്ന് ഡോ. സന്തോഷ് ചൂണ്ടിക്കാട്ടി. 

മ്യൂകോര്‍മൈസെറ്റസ് എന്ന ഒരു കൂട്ടം പൂപ്പലുകള്‍ വരുത്തുന്ന ഈ അണുബാധ പ്രമേഹ രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് കൂടുതലായും കണ്ടു വരുന്നത്. രോഗികളില്‍ കാഴ്ച നഷ്ടത്തിനും മരണത്തിനും വരെ ഈ അപൂര്‍വ രോഗം കാരണമാകാം. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് പോലെ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്ന മരുന്നുകള്‍ ഫംഗസ് ബാധയ്ക്ക് സൗകര്യം ഒരുക്കാം. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന അര്‍ബുദം, അവയവമാറ്റം, എച്ച്‌ഐവി പോലുള്ള സാഹചര്യങ്ങളും ഫംഗസ് ബാധയിലേക്ക് നയിക്കാം. മാസം തികയാതെയുള്ള ജനനവും സ്‌റ്റെം കോശങ്ങള്‍ മാറ്റി വയ്ക്കുന്നതും മ്യൂകോര്‍മൈകോസിസ് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. 

സൈനസറ്റിസ് ചികിത്സ, പ്രമേഹ നിയന്ത്രണം തുടങ്ങിയവയിലൂടെ ബ്ലാക്ക് ഫംഗസില്‍നിന്ന് ഒരു പരിധി വരെ സുരക്ഷിതരായിരിക്കാന്‍ സാധിക്കുമെന്നും ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു. നേരത്തേയുള്ള രോഗ നിര്‍ണയവും ചികിത്സയും ബ്ലാക്ക് ഫംഗസില്‍നിന്ന് രോഗിയെ രക്ഷിക്കുന്നതില്‍ സുപ്രധാനമാണ്. നാശം വന്ന കോശങ്ങള്‍ ശരീരത്തില്‍നിന്നു നീക്കം ചെയ്യുന്നതും ആന്റി ഫംഗല്‍ മരുന്നുകള്‍ കഴിക്കുന്നതും സഹായകമാണ്.

more news..

Tags:
  • Health Tips
  • Glam Up