Wednesday 20 April 2022 02:54 PM IST : By സ്വന്തം ലേഖകൻ

ചൊറിഞ്ഞു പൊട്ടുന്ന മുഖക്കുരു, കറുത്തു കരുവാളിക്കുന്ന ചർമം... ആയുർവേദത്തിലുണ്ട് ഉത്തമ പ്രതിവിധി

pimples-ayurveda

ആയുർവേദ ചികിത്സയും ജീവിതശൈലീ പരിഹാരങ്ങളും സംബന്ധിച്ച നിർദേശങ്ങൾ

Q 15 വയസ്സുണ്ട്. രണ്ടു മൂന്നു വർഷമായി മുഖത്തു കുരുക്കൾ ഉണ്ടാകാറുണ്ട്. നെറ്റിയിൽ ചെറിയ മുഖക്കുരു ധാരാളമായി വരുന്നു. പലപ്പോഴും ചൊറിച്ചിൽ കാരണം ചൊറിഞ്ഞുപൊട്ടുകയും അതു കറുത്തു കരുവാളിക്കുകയും ചെയ്തു. ഈ കടുത്ത മുഖക്കുരു പ്രശ്നം മാറാൻ എന്താണു ചെയ്യേണ്ടത്? കുരുക്കൾ പൊട്ടിയ പാട് മാറ്റാൻ എന്തു ചെയ്യണം?

റീന, ഇടുക്കി

A യൗവനാരംഭ ഘട്ടത്തിൽ ശരീരത്തിലെ ചില രാസഘടകങ്ങളുടെ മാറ്റം പല ശാരീരിക പ്രശ്നങ്ങളും അവർക്കുണ്ടാക്കുന്നു. ഈ ഘട്ടത്തിൽ തങ്ങളുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും ത്വക്കിന്റെ കാര്യത്തിൽ അവർ ഏറെ ശ്രദ്ധിക്കുന്നു.

മുഖത്തുള്ള സെബേഷ്യസ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന വീക്കമാണ് മുഖക്കുരുവിനു കാരണം. കൗമാരഘട്ടത്തിൽ ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനം കൂടുതൽ ഉത്തേജിതമാകുകയും സെബേഷ്യസ് ഗ്രന്ഥികൾ വീർത്ത് സീബം എന്ന സ്രവത്തെ കൂടുതലായി ഉൽപാദിപ്പിക്കുകയും ചെയ്യും. ത്വക്കിനു നനവും സ്നിഗ്ദ്ധതയും നൽകുന്നതാണു സീബം. ഈ ഗ്രന്ഥികളുടെ മുഖം അടഞ്ഞുപോയാൽ സീബം ഉള്ളിൽ നിറഞ്ഞ് വീർത്തു കുരുവായിത്തീരും. ചൊറിച്ചിലനുഭവപ്പെടുമ്പോൾ ഈ കുരുവിനെ ഞെക്കിയാൽ പൊട്ടുകയും മുഖത്തു സ്ഥായിയായ പാടുകൾ ഉണ്ടാകുകയും ചെയ്യും. മുഖത്തെ ശുചിത്വമില്ലായ്മയും, അമിതമായി വെയിലേൽക്കുന്നതും, സോപ്പിന്റെയും സൗന്ദര്യവർധക ദ്രവ്യങ്ങളുടേയും അമിതോപയോഗവും, പോഷകാഹാരക്കുറവും, ആമാശയത്തകരാറുകൾ, മലബന്ധം, ദഹനക്കേട് എന്നിവയും മുഖക്കുരുവുണ്ടാകാനുള്ള ചില കാരണങ്ങളാണ്.

ആമാശയത്തകരാറുകൾ, മലബന്ധം എന്നിവ ഉണ്ടെങ്കിൽ അവ പരിഹരിക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന തരത്തിലുള്ള ആഹാരവും ഔഷധങ്ങളും പ്രയോജനപ്പെടുത്തുകയും വേണം. ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ ഒഴിവാക്കണം. എണ്ണയിൽ വറുത്ത ഭക്ഷ്യവസ്തുക്കൾ, മധുരം, കൊഴുപ്പ് ഇവ വർധിച്ച തോതിൽ അടങ്ങിയിട്ടുള്ള ആഹാരപാനീയങ്ങൾ ഇവ ഒഴിവാക്കണം. ശുചിത്വപരിപാലനം, ഹിതവും മിതവും ശുദ്ധവുമായ ആഹാരം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ചൂടുവെള്ളവും തണുത്ത വെള്ളവും കൊണ്ട് മാറിമാറി മുഖം കഴുകുന്നതു മുഖത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. മുഖത്ത് എണ്ണമയം പൂർണ്ണമായും ഒഴിവാക്കുകയും വേണം.

‘മുഖദൂഷിക’ എന്ന് ആയുർവേദത്തിൽ വിവരിക്കുന്ന മുഖക്കുരുവിനു ഫലപ്രദമായ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിംബാസവം, പടോലരസം, മഹാതിക്തകഘൃതം തുടങ്ങിയ ധാരാളം മരുന്നുകളുണ്ട്. എന്നാൽ ആയുർവേദത്തില്‍ നിര്‍ദേശിക്കപ്പെട്ട ലേപനങ്ങൾ വൈദ്യ നിർദേശമനുസരിച്ചുമാത്രമേ ഉപയോഗിക്കാവൂ. അല്ലാതെ മരുന്നുകൾ ഉപയോഗിച്ചാൽ പലപ്പോഴും സെബേഷ്യസ് ഗ്രന്ഥികളുെട മുഖം അടയാനും രോഗം കൂടുതലാകാനും സാധ്യതയേറും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കെ. മുരളീധരൻ പിള്ള

തൃശൂർ വൈദ്യരത്നം ആയുർവേദ കോളജ്
മുൻ പ്രിൻസിപ്പലും  പ്രമുഖ ചികിത്സകനും.  
വൈദ്യരത്നം  ആയുർവേദ ഫൗണ്ടേഷന്റെ  മുൻ
മെഡിക്കൽ ഡയറക്ടർ, kmpillai12@gmail.com