Thursday 01 August 2024 01:39 PM IST : By സ്വന്തം ലേഖകൻ

ആ പീത്‌സ അല്ല ഈ പീത്‌സ! പക്ഷേ, രുചി അതുതന്നെ; ബ്രെഡ് ഉപയോഗിച്ച് തയാറാക്കാം ‘ഇറ്റാലിയൻ രുചി’

bread-pizza

കുട്ടികൾ സ്കൂളിൽ നിന്നു മടങ്ങിവരുമ്പോൾ  ഞൊടിയിടയിൽ തയാറാക്കി നൽകാവുന്ന സ്നാക് ആണ് ബ്രെഡ് പീത്‌സ. മൾട്ടിഗ്രെയ്ൻ ബ്രെഡും പച്ചക്കറിയും കഴിക്കാൻ മടിയുള്ള കുട്ടികൾ പോലും പീത്‌സ രുചിയിൽ ഇവ കഴിച്ചുപോകും. ചിക്കൻ ചേർത്തു കൂടുതൽ പോഷകപ്രദമാക്കാം.  

ബ്രെഡ് പീത്‌സ

വെണ്ണ – ഒരു ചെറിയ സ്പൂൺ, മൾട്ടി ഗ്രെയ്ൻ ബ്രെഡ് – നാലു സ്ലൈസ്, ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ, സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്, കാപ്‌സിക്കം ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്, തക്കാളി – ഒരു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്, മൊസറെല്ല ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്, ഒറിഗാനോ – അര ചെറിയ സ്പൂൺ, വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ വെണ്ണ ചൂടാക്കി ബ്രെ‍ഡ് തിരിച്ചും മറിച്ചും ടോസ്റ്റ് ചെയ്തശേഷം ട്രേയിലേക്കു മാറ്റി വയ്ക്കുക.

∙ ബ്രെഡ് സ്ലൈസിനു മുകളിൽ സോസ് പുരട്ടിയശേഷം സവാള, കാപ്സിക്കം, തക്കാളി എന്നിവ അൽപം നിരത്തുക. മുകളിലായി ചീസും ഒറിഗാനോയും വറ്റൽ മുളകു ചതച്ചതും നിരത്തുക. ഇതുപോലെ നാലു സ്ലൈസ് ബ്രെഡും തയാറാക്കി വയ്ക്കുക.

∙ പാൻ ചൂടാക്കി ബ്രെഡ് സ്ലൈസസ് നിരത്തി അൽപസമയം മൂടി വച്ചു ചൂടാക്കുക. ചീസ് ഉരുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങാം. ബേക് ചെയ്തും ഈ ബ്രെഡ് പീത്‍‌സ തയാറാക്കാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Health Tips
  • Glam Up