പ്രായം കൂടും തോറും സ്വന്തം ഭക്ഷണകാര്യങ്ങളിൽ വരുത്തുന്ന അശ്രദ്ധയാണ് ഒരു പരിധി വരെ കാൽസ്യം കുറയുന്നതിനു കാരണം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തി കാൽസ്യം അഭാവം പരിഹരിക്കാം എന്നു നോക്കാം...
നടക്കുമ്പോഴും പടികൾ കയറുമ്പോഴും മുട്ടിൽ നിന്ന് ശബ്ദം വരിക.അത് കണ്ടില്ലെന്ന് നടച്ച് വീണ്ടും പണികൾ തുടരുക എന്നത് ഭൂരിഭാഗം സ്ത്രീകളും അനുഷ്ടിച്ചു വരുന്നൊരു ‘കലാപരിപാടി’യാണ്. ഓർക്കുക മുട്ടു വേദനേയും മറ്റും അപ്പാടെ അവഗണിച്ച് പോയാൽ നിസ്സാരമായി പരിഹരിക്കാവുന്നതൊക്കെ സർജറിയിൽ വരെ എത്തിച്ചേരും. അതു കൊണ്ട് കാൽസ്യത്തിന്റെ അഭാവത്തെയും അതിന്റെ ലക്ഷണങ്ങളേയും അത്ര നിസ്സാരവൽക്കരിക്കാതിരിക്കാം...
സാധാരണ ഗതിയിൽ 40- 50 പ്രായത്തിലാണ് സ്ത്രീകൾക്ക് കാൽസ്യത്തിന്റെ കുറവ് വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്രായക്കാരിൽ പോലും ഈ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. മാറുന്ന ആഹാരശീലങ്ങളും ജീവിത രീതിയുമൊക്കെ ഇതിനു കാരണമാകാം. എന്നിരുന്നാലും ആർത്തവവിരാമത്തിന്റെ സമയത്താണ് കാൽസ്യം ഡെഫിഷൻസി ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. ഹോർമോണ്‍ ഉൽപാദനത്തിലെ മാറ്റങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നത്. കാൽസ്യത്തിന്റെ കുറവ് കാരണം വരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
∙ പേശി വേദന
∙ മുടി കൊഴിച്ചിൽ
∙ മുട്ട് വേദന
∙ പല്ലുകൾക്ക് പൊട്ടൽ, ബലക്കുറവ്, ബ്രൗൺ നിറം ആകുക
∙ കാലുകൾ മരവിക്കുക
∙ തണുപ്പ് കാലത്ത് കോച്ചിപ്പിടിക്കുന്നതു പോലെയുള്ള കാൽ–കൈ വേദന
∙ ഓർമക്കുറവ്
∙ നഖങ്ങളുടെ ബലക്കുറവും പൊട്ടലും
∙ വണ്ണം കൂടുക, വയർ കൂടുക എന്നിവയും ലക്ഷണങ്ങളായി വരാറുണ്ട്.
ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം?
∙ ഒരു ഗ്ലാസ് പാൽ ദിവസവും കുടിക്കുന്നത് നല്ലതാണ്.
∙ പാൽ ഉൽപ്പന്നങ്ങളായ തൈര്, മോര് ഒക്കെ ശീലിക്കാം. (ശ്വാസം മുട്ടുള്ളവർ മോരും തൈരും ഒഴിവാക്കി പാലിൽ മഞ്ഞളിട്ട് കുടിക്കുക.)
∙ നെല്ലിക്ക പച്ചയായി തന്നെ കഴിക്കുക. അല്ലാതെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നെല്ലിക്ക ശർക്കരപ്പാനിയിൽ ഇട്ട് വച്ച് ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്.
∙ ചെറു മീനുകൾ– കൊഴുവ, നന്ദൻ എന്നിങ്ങനെയുള്ള മീനുകൾ ധാരാളമായി കഴിക്കാം. ചെമ്മീൻ, മത്തി എന്നിവയൊക്കെയും നല്ലതാണ്.
∙ അവൽ കഴിക്കുന്നതും നല്ലതാണ്.
∙ എള്ളുണ്ട, എള്ള് ചേർത്ത പലഹാരങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
∙ ഇലക്കറികൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക.
∙ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ദിവസത്തിൽ 8 ഗ്ലാസ് എങ്കിലും ശീലിക്കാം.
∙ ആവശ്യത്തിനുള്ള സൂര്യപ്രകാശം കിട്ടാനും ശ്രദ്ധിക്കുക. ശരീരത്തിലേക്ക് കാൽസ്യം ആഗിരണം ചെയ്യാനുള്ള വൈറ്റമിൻ ഡി ഇങ്ങനെയാണ് ലഭ്യമാകുക.
∙ സോയ, സോയ് മിൽക് ഒക്കെ വളരെ നല്ലതാണ്. പാൽ കുടിക്കാത്തവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
∙ പല തരം ധാന്യങ്ങൾ കഴിച്ച് ശീലിക്കുക.
∙ ഓറഞ്ച്, മുസംബി ഒക്കെ കഴിക്കാം. ജ്യൂസായി കുടിക്കാം.
∙ ബദാം, ഉണക്കമുന്തിരി, ഫിഗ്, വാൾനട്ട് എന്നിവ 3–5 എണ്ണം വച്ച് ദിവസവും കഴിക്കാം.