Thursday 23 January 2020 03:11 PM IST

വൃത്തിഹീനമായ ടോയ്‌ലെറ്റ് മൂത്രാശയ രോഗങ്ങൾ, അണുബാധ എന്നിവയുണ്ടാക്കും; സ്ത്രീകളുടെ ശുചിത്വം ഉറപ്പാക്കാൻ പുതുവഴികൾ അറിയാം!

Shyama

Sub Editor

health-womenjjgf

ദിവസവും ജോലി സ്ഥലത്തേക്ക് യാത്ര ചെയ്തു പോകുമ്പോൾ, ടൂർ, തീർഥയാത്ര തുടങ്ങിയവയ്ക്കെല്ലാം ഒറ്റയ്ക്കോ സംഘമായോ പോകുമ്പോൾ... സ്ത്രീ യാത്രകളിലെല്ലാം മിക്കപ്പോഴും കാണുന്ന ഒരു കാഴ്ചയുണ്ട്. വൃത്തിഹീനമായ പബ്ലിക് ടോയ്‌ലെറ്റിൽ കയറിയ ശേഷം അത് ഉപയോഗിക്കാനാകാതെ മൂക്കും പൊത്തി ഇറങ്ങിപ്പോരുന്ന അവസ്ഥ. എത്ര വൃത്തിഹീനമാണെങ്കിലും ചില അവസരങ്ങളിൽ അസഹ്യതയോടെ ഇവ ഉപയോഗിക്കേണ്ടിയും വരാം.

മൂത്രാശയ രോഗങ്ങൾ, സ്വകാര്യഭാഗങ്ങളിലെ അ ണുബാധ തുടങ്ങിയ പ്രശ്നങ്ങളിലേക്കു വഴി വയ്ക്കുന്നതാണ് വൃത്തിഹീനമായ ടോയ്‌ലെറ്റ്. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും ആർത്തവ പരിചരണം എളുപ്പമാക്കാനും  സഹായിക്കുന്ന പുതിയ വഴികൾ അറിയാം.  ഡോക്ടറുടെ നിർദേശം സ്വീകരിച്ച ശേഷം ഇവ ഉപയോഗിച്ചു തുടങ്ങിയാൽ കൂടുതൽ നല്ലത്.

ക്രീമുകൾ/ജെല്ലുകൾ

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിൽ, പുകച്ചിൽ, അമിതമായ ശ്രവം എന്നിവ പരിഹരിക്കാനുള്ള ജെല്ലുകൾ/ക്രീമുകൾ, അവ പുരട്ടാനുള്ള ആപ്ലിക്കേറ്ററുകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. വാങ്ങി ഉപയോഗിക്കും മുൻപ് ഡോക്ടറുടെ നിർദേശം തേടണം.

ഫംഗസ് മൂലമാണോ ബാക്റ്റീരിയ കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇതു വരുന്നതെന്നറിഞ്ഞിട്ടു മാത്രം ഉപയോഗിച്ചു തുടങ്ങുക. പ്രധാനമായും അ ണുക്കളുടെ വളർച്ചയില്ലാതാക്കുകയാണ്  ഇത്തരം ക്രീമുകളും ജെല്ലുകളും ചെയ്യുന്നത്. ഏ കദേശം 70 രൂപ മുതൽ ഇവ ലഭിക്കും.

വജൈനൽ വൈപ്സ്

പൊതു ടോയ്‌ലെറ്റുകളിൽ വെള്ളമില്ലെങ്കിൽ ഉപയോഗിക്കാൻ മടിച്ച് കടുംപിടുത്തം പിടിച്ചിരിക്കേണ്ട, വജൈനൽ വൈപ്സ് വാങ്ങി ഉപയോഗിച്ചാല‍്‍ മതി. പതിവായി യാത്ര ചെയ്യുന്നവർക്കും ഫീൽഡ് വർക്കിനായി പുറത്തു പോകേണ്ടി വരുന്ന ഉദ്യോഗസ്ഥകൾക്കും വളരെ ഉപകാരപ്രദമാണ് വജൈനൽ വൈപ്സ്. ബാഗിൽ കരുതി വയ്ക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ഇവ ആർത്തവ സമയത്തും ഉപയോഗിക്കാം. സുഗന്ധമുള്ളവ, മെഡിക്കേറ്റഡ് ഇവയൊക്കെ ലഭിക്കും.  ഏകദേശം 100 രൂപയ്ക്കുള്ളിൽ ലഭ്യമാണ്. മെഡിക്കൽ ഷോപ്പുകളിൽ നിന്നും സൂപ്പർമാർക്കറ്റിൽ നിന്നും ഓൺലൈനായും ഇവ വാങ്ങാം.

വജൈനൽ വാഷ്

സ്വകാര്യഭാഗത്തെ പിഎച്ച് ലെവൽ (ആ സിഡ്/ അമ്ല സ്വഭാവം നിശ്ചയിക്കുന്ന അളവ്) അസിഡിക് ആണ്. പലപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോ ൾ അണുബാധ വരാനുള്ള സാധ്യത കൂടുന്നതും ഇതുകൊണ്ടാണ്. സ്വകാര്യഭാഗങ്ങൾ കഴുകി വൃത്തിയാക്കാനും അവിടുത്തെ പിഎച്ച് 3.5 - 4.5 ആയി നിലനിർത്താനും  വജൈനൽ വാഷ് ലായനികൾ സഹായിക്കും.

പല പേരുകളിൽ ഇതു മെഡിക്കൽ ഷോപ്പുകളിലും ഹെൽത് ഷോപ്പുകളിലും ഓൺലൈനിലും ലഭ്യമാണ്. 20 മില്ലിലീറ്ററിന്റെ ചെറിയ ബോട്ടിൽ വാങ്ങി ആദ്യം ഉപയോഗിച്ചു നോക്കി അലർജിയോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാം. ആർത്തവ സമയത്തും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷവും സ്വകാര്യഭാഗങ്ങള‍്‍ വൃത്തിയാക്കാൻ ഇവ സഹായിക്കും. ലായനി രൂപത്തിലല്ലാതെ ഫോം രൂപത്തിലും ഇവ ലഭ്യമാണ്. ബ്രാൻഡ് അനുസരിച്ച് വിലയിൽ മാറ്റമുണ്ട്. 200 രൂപയ്ക്കുള്ളിൽ ലഭിക്കും.

റിയൂസബിൾ കോട്ടൻ പാഡുകൾ

എല്ലാം ഇക്കോ–ഫ്രണ്ട്‌ലി ആകുമ്പോള‍്‍ ആർത്തവത്തെ മാത്രം മാറ്റി നിർത്താനാകില്ലല്ലോ. പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് ഉണ്ടാക്കുന്ന ലീക് പ്രൂഫ് പാഡുകളാണിത്. സാധാരണ പാഡുകൾ പോലെ തന്നെ രണ്ടു മുതൽ ആറു മണിക്കൂറിനുള്ളിൽ (രക്തസ്രാവം അനുസരിച്ച്) പാഡ് മാറ്റണം. കഴുകി വീണ്ടും ഉപയോഗിക്കാമെന്നതാണ് മെച്ചം.

ബേക്കിങ് സോഡ, ടീ ട്രീ ഓയിൽ എന്നിവ ചേർത്ത വെള്ളത്തിൽ  കഴുകി  ഉണക്കിയെടുത്താൽ കറയും ദുർഗന്ധവും മാറിക്കിട്ടും.

കാറ്റും വെളിച്ചവും കിട്ടുന്നിടത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കുക. കുളിമുറിയിലെ അയയിലോ മുറിയുടെ മൂലയിലോ ഉണക്കാൻ ശ്രമിക്കുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടും. നന്നായി വൃത്തിയാക്കി സൂക്ഷിച്ചാൽ കൂടുതൽ കാലം ഇവ ഉപയോഗിക്കാം എന്ന് നിർമാതാക്കൾ പറയുന്നു. ഒരു പാഡിന് ഏകദേശം 130 രൂപ മുതൽ ഓൺലൈനി ൽ ലഭ്യമാണ്.  

ഓവർനൈറ്റ് പാന്റീസ്

ആർത്തവ സമയത്ത് ‘അറ്റൻഷനി’ൽ കിടന്നുറന്നങ്ങേണ്ടി വരുന്നവർക്കുള്ള മറുമരുന്നാണ് ഓവർനൈറ്റ് പാന്റീസ്. പാഡും പാന്റീസും ചേർന്നുള്ള പ്രോഡക്ട് എന്നു പറയാം. പാഡ് നീങ്ങുമെന്നോ കറയാകുമെന്നോ പേടി വേണ്ട. ഇഷ്ടമുള്ള പോലെ കിടന്നുറങ്ങാം. ഡിസ്പോസിബിൾ പാന്റീസ് പാക്കറ്റിന് (10-12 എണ്ണം) ഏകദേശം 500 രൂപ വില വരും.

പാന്റീ ലൈനറുകൾ

ഇടയ്ക്കിടെ അൽപം മൂത്രം പോകുന്നവർക്ക്, വജൈനൽ ഡിസ്ചാർജ് കൂടുതലുള്ളവർക്ക്, ആർത്തവ രക്തസ്രാവം കുറയുന്ന അവസാന ദിവസങ്ങളിൽ, ടാംപൂൺ/ മെൻസ്റ്റുറൽ കപ്പുകൾ വച്ചിട്ടും  ലീക്ക് ഭയമുള്ളവർക്ക് എല്ലാം ഉപയോഗിക്കാവുന്നതാണ് പാന്റീ ലൈനറുകൾ. സാധാരണ പാഡിനേക്കാൾ നേർത്തതായിരിക്കും ഇവ. പാഡ് പോലെ തന്നെ വയ്ക്കുകയും ചെയ്യാം.

ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്നവയും  കഴുകി വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതിക്കിണങ്ങിയ വസ്തുക്കൾ കൊണ്ടുണ്ടാക്കിയവയും ഉണ്ട്. ഹെൽത് ഷോപ്പിൽ നിന്നോ ഓൺലൈൻ സൈറ്റുകളിൽ നിന്നോ ഇവ വാങ്ങാം. 70 മുതൽ 100 രൂപ വിലയിൽ ല ഭിക്കും.

മെൻസ്റ്റുറൽ കപ്പ്

പ്ലാസ്റ്റിക് ഫ്രീ ആർത്തവം ആഗ്രഹിക്കുന്നവർ ചുവടുമാറ്റം നടത്തുന്നത് മെൻസ്റ്റുറൽ കപ്പിലേക്കാണ്. സിലിക്കൺ കൊണ്ടുണ്ടാക്കിയ ഒരു കപ്പ് മതി അഞ്ചു മുതൽ പത്തു വർഷം വരെ അണുവിമുക്തമാക്കി ഉപയോഗിക്കാൻ.

വജൈനയ്ക്കുള്ളിലേക്കു വയ്ക്കുന്ന കപ്പിൽ മാത്രം ആർത്തവരക്തം നിറയുന്നതു കൊണ്ട് കറയാകുമെന്ന ഭയം വേണ്ട. ആർത്തവ സമയത്ത് നീന്താനും മഴ നനയാനും ഉള്ള സ്വാതന്ത്ര്യം വരെ ഇതു നൽകുന്നു. ടാംപൂണിനെ അപേക്ഷിച്ച് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണ്. 12 മണിക്കൂർ വരെ കപ്പ് വയ്ക്കാം. ഇതുവച്ച് ഉറങ്ങിയാലും കുഴപ്പമില്ലെന്നു സാരം. ആർത്തവ ചക്രം തുടങ്ങും മുൻപും ശേഷവും മെ ൻസ്റ്റുറൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് നേരമിട്ട് സ്റ്റെറിലൈസ് ചെയ്തെടുക്കണം. ആർത്തവ ദിനങ്ങളി ൽ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി ഉപയോഗിക്കാം.

സ്മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ പല സൈസിൽ കപ്പുകളുണ്ട്. ഏതാണ് നിങ്ങളുടെ സൈസ് എന്ന് മന സ്സിലാക്കാനുള്ള ധാരാളം ഗൈഡ് ലൈനുകൾ എഴുത്ത് രൂപത്തിലും വിഡിയോ രൂപത്തിലും ലഭ്യമാണ്. അതു നോക്കി വാങ്ങാം. മെഡിക്കൽ ഷോപ്പുകളിലും ഓൺലൈൻ സൈറ്റുകളിലും പല ബ്രാൻഡുകളിൽ ഇവ കിട്ടും. 300 മുതൽ ആയിരം രൂപയിലധികം വിലയിലുള്ള കപ്പുകളുണ്ട്.

ടോയ്‌ലെറ്റ് സീറ്റ് കവർ

വൃത്തിഹീനമായ ഇടങ്ങളിൽ നിന്നുള്ള അണുബാധ ചെറുക്കാൻ ടോയ്‌ലെറ്റ് സീറ്റ് കവർ ഒരു പരിധിവരെ സഹായിക്കും. ടോയ്‌ലെറ്റ് സീറ്റിനു മുകളിൽ വിരിച്ചിട്ട് ഇരിക്കാവുന്ന ഡിസ്പോസിബിൾ ടോയ്‌ലെറ്റ് സീറ്റ് കവറുകൾക്ക് ആവശ്യക്കാരേറെയാണ്

പഴ്സിലും പോക്കറ്റിലും വച്ച് കൊണ്ടുപോകാവുന്നത്ര സൗകര്യപ്രദമാണ് ഇവയുടെ പായ്ക്കിങ്. ഒട്ടുമിക്ക ഡിസൈനിലുള്ള ടോയ്‌ലെറ്റുകളിലും വിരിച്ചിടാവുന്ന പാകത്തിനുള്ള ആകൃതി, ഫ്ലഷ് ചെയ്യാവുന്നതും പ്രകൃതിയോട് അലിഞ്ഞു ചേരുന്നതുമായ മെറ്റീരിയൽ, ഇങ്ങനെ പ്ലസ് പോയിന്റ്സ് വേറെയുമുണ്ട്.

ഏകദേശം 300 രൂപ മുതൽ 600 രൂ പ വരെയാണ് പായ്ക്കറ്റിനു വില.

സ്റ്റാൻഡ് ആൻഡ് പീ

പബ്ലിക് ടോയ്‌ലെറ്റുകളിൽ ഇ രിക്കുന്ന കാര്യം ചിന്തിക്കാൻ പോലും പേടിയുള്ളവർക്കുള്ളതാണ് സ്റ്റാൻഡ് ആൻഡ് പീ.

അണുബാധയുണ്ടാകുമോ എ ന്ന ടെൻഷനും വൃത്തിക്കുറവിന്റെ മാനസിക ബുദ്ധിമുട്ടും ചിലരെ കുഴപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ടോയ്‌ലെറ്റ് സീറ്റിലിരിക്കാതെ നിന്നുകൊണ്ടു തന്നെ മൂത്രമൊഴിക്കാം സ്റ്റാൻഡ് ആൻഡ് പീ ഉണ്ടെങ്കിൽ. വശങ്ങളിലേക്ക് തെറിക്കാതെ ടോയ്‌ലെറ്റിലേക്കു തന്നെ മൂത്രമൊഴിക്കാൻ സഹായിക്കുന്ന ഒന്നാണിത്.

ഒറ്റത്തവണത്തെ ഉപയോഗശേഷം കളയാവുന്ന തരത്തിലും കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലും ഉള്ളവ വിപണിയിൽ  50-200 രൂപയാണ് ഏകദേശ വില.

ടോയ്‌ലെറ്റ് സീറ്റ് സാനിറ്റൈസർ

ടോയ്‌ലെറ്റ് ഉപയോഗിക്കും മുൻപ് സാനിറ്റൈസർ സ്പ്രേ ചെയ്ത് സീറ്റുകൾ അണുവിമുക്തമാക്കാം. യൂറിനറി ഇൻഫക്‌ഷൻ വരാതെ കാക്കാനും വന്നവർക്ക് വീണ്ടും വരാതിരിക്കാനും കയ്യില്‍ കരുതാവുന്ന നല്ലൊരു പ്രതിവിധിയാണിത്.  സ്പ്രേ ചെയ്ത് പത്ത് സെക്കൻഡിനുള്ളിൽ ഉണങ്ങും, തരികളൊന്നും അവശേഷിക്കില്ല.  

50ml, 75ml തുടങ്ങി പല അളവുകളിൽ ലഭിക്കുമെന്നതിനാൽ ഹാൻഡ് ബാഗിൽ കരുതാൻ ഏറെയെളുപ്പമാണ്. വ്യത്യസ്ത സുഗന്ധങ്ങളിൽ ഇവ ലഭിക്കും. ഹെൽത് /മെഡിക്കൽ ഷോപ്പുകൾ അല്ലെങ്കിൽ ഓൺലൈൻ വഴി വാങ്ങാം. 100 രൂപ മുതൽ  400 രൂപ വരെ വിലയുള്ള പല ബ്രാൻഡുകളുടെ സ്പ്രേ ബോട്ടിലുകൾ ലഭ്യമാണ്.

എപ്പിലേറ്റർ

സ്വകാര്യഭാഗങ്ങളിലെയും കക്ഷത്തിലേയും കാലിലേയും മേൽചുണ്ടിലെയും ഒക്കെ രോമങ്ങൾ കളയാൻ പ്രത്യേകം ബ്ലെയ്ഡുകളുള്ള ഹെയർ റിമൂവിങ് എപ്പിലേറ്റർ ഒരെണ്ണം കയ്യിൽ കരുതിക്കോളൂ. പുരികം ഷെയ്പ്പ് ചെയ്യാൻ പാകത്തിന് ബ്ലേഡുകളുള്ള എപ്പിലേറ്ററും ഉണ്ട്.

രാസപദാർഥങ്ങളടങ്ങിയ ഹെയർ റിമൂവിങ് ക്രീമുകളും വാക്‌സിങ് സ്ട്രിപ്പുകളുമൊക്കെ ചർമത്തിന്റെ സ്വാഭാവിക ഇലാസ്തികതയ്ക്ക് ക്ഷതമേൽപ്പിക്കാം. കെമിക്കലുകൾ ഉപയോഗിച്ച് ശരീരരോമം കളയാൻ ഇഷ്ടമല്ലാത്തവർക്ക് എപ്പിലേറ്റർ ഉപകാരപ്പെടും. വാക്സിങ് ചെയ്താലുള്ള അത്ര പെർഫെക്‌ഷൻ ഉണ്ടാകില്ലെന്നു മാത്രം.

ചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ തരത്തിൽ ഇവ ലഭ്യമാണ്. 300 രൂപ മുതൽ 1500 രൂപ വരെ വിലയിൽ ഇ വ ഹെൽ‌ത് ഷോപ്പുകളിൽ നിന്നും ഓൺലൈനായും വാങ്ങാം. സ്പീഡ് കൂട്ടാവുന്നതും കുറയ്ക്കാവുന്നതുമായ മോഡലുകൾ ഉണ്ട്. മിക്കവയും ഹെഡ് ഊരി കഴുകാൻ പാകത്തിനാണ് ഡിസൈൻ.

Tags:
  • Health Tips
  • Glam Up