Saturday 11 July 2020 02:46 PM IST : By ശ്യാമ

‘പുകവലിക്കാർക്ക് കോവിഡ് വന്നാൽ ലക്ഷണങ്ങള്‍ ഗുരുതരമാകാനും സ്ഥിതി പെട്ടെന്ന് മോശമാകാനും കാരണമാകും’ ; പുകവലിക്കാർക്ക് കോവിഡുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ ?

smo

പുകവലി കൊറോണയെ ചെറുക്കും എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഉണ്ടാക്കുന്നതിനു പിന്നിൽ പലപ്പോഴും പുകയില വസ്തുക്കളുണ്ടാക്കുന്ന കമ്പനികൾ തന്നെയാണ്... അത്തരം തട്ടിപ്പിൽ വീഴാതിരിക്കുക.

‘ഓ... ഈയോരു പഫ് എടുത്തെന്നുവച്ച് നീയൊന്നും ചാവാൻ പോകുന്നില്ല, ചുമ്മാ നിന്ന് ഷോ കാണിക്കാതെ വലിക്കെടോ... അങ്ങനിപ്പോ ഇയാളു മാത്രമങ്ങ് വിശുദ്ധനാവണ്ട!’ കൊറോണ കാലത്ത് വലി നിർത്തിയേക്കാം എന്നു കരുതി വലി നിർത്താൻ പോയവർ ഇമ്മാതിരി ഡയലോഗുകൾ കൂറേ കേട്ട് തഴമ്പിച്ചു കാണും... ഇതിലൊക്കെ വീഴുന്നവരാണ് ഭൂരിഭാഗം എന്നതാണ് അതിലേറെ കഷ്ടം!

പുകവലിക്കുന്നവരും നിഷ്ക്രിയ പുകവലി ഏൽക്കേണ്ടി വരുന്നവരും (മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നവർ) ഈ കോവിഡ് കാലത്ത് രോഗം പിടിപ്പെടുന്ന കാര്യത്തിലും രോഗം വന്നാലുള്ള കഷ്ടതകൾ ഏറുന്ന കാര്യത്തിലും ഒരു പടി മുന്നിൽ തന്നെയാണ്. ശ്വാസകോശത്തെയും ശ്വാസനാളത്തെയും നമ്മുടെ ആകെ മൊത്തത്തിലുള്ള പ്രതിരോധ ശേഷിയേയും വളരെ അപകടത്തിലാക്കുന്നതാണ് പുകവലി എന്നാവർത്തിച്ചു പറഞ്ഞാലും ‘ആയ്യോ... ശ്വാസകോശം സ്പോഞ്ച് പോലെയാണ്.’ ‘ഇതെന്തൊരു ദ്രാവിടാണ്’ എന്നൊക്കെ പറഞ്ഞ് അതിന്റെ ട്രോളാനും നിസ്സാരവൽക്കരിക്കാനുമാണ് പലരുടേയും ശ്രമം. അവരൊക്കെ കാതു തുറന്നു കേട്ടോളൂ വയറൽ അണുബാധയാവട്ടേ ബാക്ടീരിയിൽ അണുബാധയാവട്ടേ അത് സാധാരണ ഗതിയിൽ പുകവലിക്കാർക്ക് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, കോവിഡിന്റെ കാര്യയും അങ്ങനെ തന്നെ. കോവിഡ് ശ്വാസകോശത്തെ ആണ് പ്രധാനമായും തകരാറിലാക്കുന്നത്. അപ്പോൾ മുൻപേ തകർന്നിരിക്കുന്ന ശ്വാസകോശമുള്ള പുകവലിക്കാരുടെ അവസ്ഥ ഓർക്കുക!

പുകവലിക്കാർക്ക് കോവിഡ് വന്നാൽ ലക്ഷണങ്ങള്‍ ഗുരുതരമാകാനും സ്ഥിതി പെട്ടെന്ന് മോശമാകാനും കാരണമാകും, മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. നമ്മുടെ നാട്ടിൽ കൂടുതലും പുരുഷന്മാരാണ് പുകവലിക്കുന്നതെങ്കിലും വീട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും നിഷ്ക്രിയ പുകവലി കാരണം പുകവലിക്കുന്നവരുടേതിന് സമാനമായ ബുദ്ധിമുട്ടുകൾ വരും.

പുകവലിച്ചാൽ കോവിഡ് കുറയും മാറും എന്നുള്ള വ്യാജവാർത്തകളിൽ വീണു പോകാതിരിക്കാനും ശ്രദ്ധിക്കുക.മോശം കൂട്ടുകെട്ടുകളിൽ നിന്ന് അകലാം പുകവലിക്കാൻ പോകുന്ന മിക്കയാളുകളും ഒപ്പം ഒരു സുഹൃത്തോ ഒന്നിലധികം സുഹൃത്തുക്കളുമായോ ഒക്കെയാണ് പോകുക. അതുകൊണ്ട് തന്നെ അവിടെയും ഇവിടെയും തൊട്ട കൈകൾ കൊണ് പരസ്പരം തൊടാനുള്ള സാധ്യത, ഒരു സിഗരറ്റ് തന്നെ പലരും ഷെയർ ചെയ്യുക, കൈ വായിലേക്കും മുഖത്തേക്കും കൂടുതൽ തവണ പോകുക, മാസ്ക് മാറ്റേണ്ടി വരിക എന്നിങ്ങനെയുള്ള പല പ്രതികൂലമായ കാര്യങ്ങളും ചെയ്യുന്നുണ്ട്.

ഒരാൾ നിർത്താൻ തീരുമാനിച്ചെന്ന് കരുതുക മറ്റുള്ളവർ ചുറ്റും നിന്നും വലിക്കുന്നത് കാണുമ്പോൾ വലിക്കാനുള്ള പ്രചോദനവും, അവർ വലിച്ചു വിടുന്ന പുക ശ്വസിക്കാനും ഒക്കെ ഇടയാകുന്നുണ്ട്. അതുകൊണ്ട് പുകവലി നിർത്താനുദ്ദേശിക്കുന്ന ആളുകൾ ഇത്തരം കൂട്ടുകാരുമായി അവർക്കൊപ്പം വലിക്കാൻ ‘കമ്പനി’ക്ക് പോകാതിരിക്കുക. നിങ്ങൾക്ക് അസുഖം വന്നാൽ അത് എളുപ്പം വീട്ടുകാരിലേക്കും എത്തും എന്നും ഓർക്കുക.

എങ്ങനെ നിർത്താം?

അർബുദം, ആസ്മ, ശ്വാസസംബന്ധമായ രോഗങ്ങൾ, മസ്തിഷ്കാഘാതം, ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത, ഗർഭമലസൽ, എല്ലുകൾക്ക് ബലക്ഷയം, പൂർണവളർച്ചയെത്താതെയുള്ള പ്രസവം, മെനോപോസ് നേരത്തെയാകുക തുടങ്ങി പല പ്രശ്നങ്ങളും സ്ത്രീകൾക്കും പുരുഷ്ന്മാർക്കും ഉണ്ട് എന്നോർക്കാം.

പുകവലി നിർത്താൻ ആദ്യം വേണ്ടത് നിർത്തണം എന്നുള്ള ആഗ്രഹവും അതിനു വേണ്ട ആത്മവിശ്വാസവുമാണ്. 70 ശതമാനം പേർക്കും പുകവലിക്കരുതെന്ന ആഗ്രഹമുണ്ട്. അതിൽ തന്നെ 35 ശതമാനം ആളുകളെങ്കിലും വർഷത്തിലൊരിക്കലെങ്കിലും പുകവലിക്കാതിരിക്കുന്നുണ്ട്. അതിൽ 10 ശതമാനം മാത്രമേ പുകവലി ഉപേക്ഷിക്കുന്നതിൽ വിജയിക്കുന്നുള്ളൂ.

∙ പുകവലിക്കാരുടെ പ്രശ്നങ്ങൾ കേൾക്കുക. മിക്കവാറും പേരും ടെൻഷൻ മാറ്റാനെന്ന് പറഞ്ഞും, കൂട്ടം കൂടി സംസാരിക്കാനും ഒക്കെ വേണ്ടി പുകവലിക്കുന്നവരാണ്. പുകവലിക്കാരെ കുറ്റം പറയാതെ അവരെ ക്ഷമയോടെ കേൾക്കുക.

∙ എന്ത് വന്നാലും തിരികെ വലിയിലേക്ക് പോകില്ല എന്ന് സ്വയം തീരുമാനിക്കുക. കലണ്ടറിൽ വലിക്കാതെ മുന്നേറിയ ദിവസങ്ങൾ മാർക്ക് ചെയ്യാം.

∙ ആവശ്യമുള്ളവർ കൗൺസലിങ്ങിന് പോകുക. ഡോക്ടർമാർക്ക് പറഞ്ഞ് മനസ്സിലാക്കി തന്നെ പുകവലി നിർത്തിക്കാൻ പറ്റും. ചിലർക്ക് മരുന്ന് വേണ്ടി വരും. പുകവലിക്ക് ബദലായ ച്യൂയിങ്ങ്ഗം പോലുള്ള നിക്കോട്ടിൻ റീപ്ലെയ്സ്മെന്റ് ചെയ്യാം.

∙ പരസ്യങ്ങൾ കണ്ട് ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്. ശാസ്ത്രീയമല്ലാത്ത രീതിയിൽ ഇത്തരം മരുന്നുകൾ കഴിച്ചാൽ അത് മറ്റ് പല അപകടങ്ങളേയും ക്ഷണിച്ച് വരുത്തും.

∙ ഡോക്ടറുടെ അടുത്ത് പോകുന്നവർ കൃത്യമായ ഇടവേളകളിൽ തന്നെ പോവുക. ഇടയ്ക്ക് വച്ച് നിർത്തരുത്.

∙ ആരോഗ്യപരമായ വ്യായാമങ്ങൾ, വായന, സൈക്ലിങ്ങ് പോലുള്ള കാര്യങ്ങൾ തുടങ്ങാം.

∙ പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. ഒരെണ്ണം വലിച്ചാൽ സാരമില്ല എന്ന് മനസ്സ് പറഞ്ഞാലും സുഹൃത്തുക്കൾ പറഞ്ഞാലും ചെവിക്കൊടുക്കരുത്. ഇത് മറ്റാർക്കും വേണ്ടി അല്ല നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്നൊരു പ്രോമിസ് ആയി കരുതുക.

∙ മുൻപ് നിർത്താൻ നോക്കി പരാജയപ്പെട്ടവർ എന്നെക്കൊണ്ട് ഇത് സാധിക്കില്ല എന്ന് പറഞ്ഞ് മുട്ട് മടക്കരുത്. പലരും പല തവണ പരാജയപ്പെട്ടിട്ടാണ് നിർത്തിയിട്ടുള്ളത്.

∙ കുടുബാംഗങ്ങൾ നഗറ്റീവ് കമന്റുകൾ പറയുന്നത് ഒഴിവാക്കുക. ശരിയാകും, സാധിക്കും എന്നൊക്കെ പറഞ്ഞ് തുടർച്ചയായി പിൻതുണ നൽകുക.

കടപ്പാട് :

പി.എസ്. ഷാജഹാൻ,

അഡീഷണൽ പ്രഫസർ പൾമണറി മെഡിസിൻ,

ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ