Wednesday 05 January 2022 03:18 PM IST : By സ്വന്തം ലേഖകൻ

‘കോവിഡ് കാലത്ത് വീട്ടിൽ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും പലർക്കും സ്വകാര്യത നഷ്ടപ്പെട്ടു; ലൈംഗികതയുടെ ഊഷ്മളത കുറഞ്ഞു’: കോവിഡും ലോക്ഡൗണും വരുത്തിയ മാറ്റങ്ങൾ

കോവിഡും ലോക്ഡൗണും ലൈംഗികജീവിതത്തിൽ ഏതു രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്? വർക് അറ്റ് ഹോം പോലെയുള്ള പുതിയ തൊഴിൽ സംസ്കാരം പങ്കാളികളുടെ ലൈംഗികജീവിതം സന്തുഷ്ടമാക്കി എന്നു കരുതാമോ?

കൊറോണ വൈറസിന്റെ വ്യാപനത്തിനു ശേഷം ലോകത്താകമാനം ഏറ്റവും കൂടുതൽ പഠനം നടന്ന വിഷയങ്ങളിലൊന്ന് കോവിഡ് കാലത്തെ ലൈംഗിക ജീവിതമാണ്. പുതിയൊരു തൊഴിൽസംസ്കാരവും കുടുംബ ജീവിതരീതിയും രൂപപ്പെടാൻ ഈ വൈറസിന്റെ വ്യാപനം കാരണമായി. ലൈംഗിക ജീവിതത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായി.

കോവിഡ്കാലത്തെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ പഠനം പ്രസിദ്ധീകരിച്ചത് ‘ജേർണൽ ഓഫ് എൻഡോക്രൈനോളജിക്കൽ ഇൻവെസ്റ്റിഗേഷൻ’ (Journal Of Endocrinological Investigation) ആണ്. വര്‍ക് അറ്റ് ഹോം കാലഘട്ടത്തില്‍ ദമ്പതികൾ ഒരുമിച്ച് വീട്ടിലുണ്ടായിരുന്നെങ്കിലും ലൈംഗികത അത്ര ആസ്വാദ്യമായിരുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കോവിഡിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പലരുടെയും ലൈംഗികാഭിലാഷങ്ങളെ മരവിപ്പിച്ചു. താങ്ങാനാകാത്ത ഉത്കണ്ഠയും ഭയവും പലരിലും ജനിപ്പിച്ചു. ശരീരം ദുർബലമായാൽ വളരെ പെട്ടെന്ന് രോഗബാധയുണ്ടാകുമെന്നും മരണത്തിനുവരെ കാരണമായേക്കുമെന്ന ഭീതി പലരെയും ലൈംഗികതയിൽ നിന്ന് പിന്തിരിപ്പിച്ചു. ലൈംഗികതയുടെ ഊഷ്മളത കുറഞ്ഞു. പല ലൈംഗിക ബന്ധങ്ങളും ദൈനംദിന ചടങ്ങുപോലെയായി. 

പങ്കാളികൾ മാത്രം താമസിക്കുന്ന ഇടങ്ങളിൽ ആദ്യമാദ്യം അനിയന്ത്രിതമായിരുന്ന ലൈംഗികത പിന്നീട് വല്ലാതെ മടുപ്പിക്കുന്ന ഒന്നായി മാറി. അതിന് ലോക്ഡൗണും കാരണമായി. ലൈംഗികത വൈകാരികമായ പ്രവൃത്തിയാണ്. ലൈംഗിക വേഴ്ചകൾക്കായുള്ള കാത്തിരിപ്പ്, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത, പ്രതീക്ഷ, മാനസികമായും ശാരീരികമായുമുള്ള ആരോഗ്യാവസ്ഥ, ലൈംഗികതയ്ക്കുള്ള തയാറെടുപ്പ്, അനുകൂല സാഹചര്യങ്ങൾ തുടങ്ങിയ ഒന്നിലധികം ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് ലൈംഗികത ഊഷ്മളമാകുന്നത്. 

എന്നാൽ കോവിഡും ലോക്ഡൗണും ഈ അനുകൂലസാഹചര്യങ്ങൾക്കു തടസ്സമായി. മറ്റൊരു പ്രധാന പ്രശ്നം  ലോക്ഡൗൺ കാരണം വീട്ടിൽ കുടുങ്ങിപ്പോയത് പങ്കാളികൾ മാത്രമല്ല, മറ്റുള്ളവരുമുണ്ട് എന്നതാണ്. ഇത് പലരുടെയും സ്വകാര്യത ഇല്ലാതാക്കി. ആശുപത്രികളിലെയും മറ്റും തിരക്കും കോവിഡിന്റെ വ്യാപനവും മറ്റു പ്രതികൂലസാഹചര്യങ്ങളും നിമിത്തം ഗർഭധാരണം പലരും വേണ്ടെന്നു വച്ചു. ഇതും കോവിഡ് കാലത്തെ ലൈംഗികജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളിൽ ഒന്നാണ്.

ഇത്ര നിഷ്കളങ്കമാണോ ഈ സമൂഹം? പ്രത്യേകിച്ചും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന കേരളത്തിൽ?

ലൈംഗികതയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വേറെ വിഷയം ആണ്. അതും ലൈംഗിക ദാരിദ്ര്യവും ത മ്മിൽ താരതമ്യപ്പെടുത്താൻ പറ്റില്ല. ലോകത്ത് മുൻനിരയി ൽ ഉണ്ടായിരുന്ന പല രാജ്യങ്ങളും ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയപ്പോൾ അവിടെ തഴച്ചുവളർന്നത് ലൈംഗികവ്യാപാരമാണ്. അത് ലോകത്ത് നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുമുണ്ട്.

മലയാളികളുടെ ലൈംഗിക ജീവിതത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നുണ്ടോ?

ലോകത്ത് എല്ലായിടത്തും കുതിരകൾ ഇണ ചേരുന്നത് ഒരുപോലെയാണ്. അതു പോലെയാണു മനുഷ്യന്‍റെ കാര്യവും. അന്തരീക്ഷത്തിലോ സമീപനങ്ങളിലോ രീതികളിലോ പൊസിഷനുകളിലോ വ്യത്യാസമുണ്ടാകാം. എന്നാൽ മനുഷ്യരെല്ലാം ഇണ ചേരുന്നത് ഒരുപോലെയാണ്. മലയാളികളുടെ കാര്യത്തിലും മാറ്റമൊന്നുമില്ല. മലയാളികള്‍ക്കു മാത്രമായി പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ലോകത്ത് എല്ലായിടത്തുമുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ലൈംഗികപ്രശ്നങ്ങൾ തന്നെയാണ് മലയാളികള്‍ക്കുമുള്ളത്. ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും രോഗവുമായി ആൾക്കാർ എന്നെ കാണാന്‍ വരാറുണ്ട്. മലയാളികളും അക്കൂട്ടത്തിലുണ്ട്. പ്രശ്നങ്ങൾ സമാനമാണ്. അത് ഏതു സംസ്ഥാനക്കാരായാലും.

കടപ്പാട്: പ്രമുഖ സെക്സോളജിസ്റ്റ്- ഡോ. ഡി. നാരായണറെഡ്ഡി, ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ

Tags:
  • Health Tips
  • Glam Up