Friday 13 August 2021 03:41 PM IST : By സ്വന്തം ലേഖകൻ

‘ബൂസ്റ്റർ കൂടി കൊടുക്കാൻ തുടങ്ങിയാൽ കൂനിന്മേൽ കുരു പോലെയാകും കാര്യങ്ങൾ’; ബൂസ്റ്റർ ഡോസ് വേണമോ, വേണ്ടയോ?കുറിപ്പ്

covid19_vaccine_391730621

"ബൂസ്റ്റർ ഡോസുകൾ വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേരത്തെ പറഞ്ഞതുപോലെ ശക്തമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വാക്സീൻ- ഇൻഡ്യൂസ്ഡ് പരിരക്ഷയുടെ ദൈർഘ്യം, വാക്സീൻ ഘടന, പ്രാഥമിക വാക്സിനേഷൻ ഷെഡ്യൂൾ, പ്രായവും, കൂടാതെ/അല്ലെങ്കിൽ വാക്സീൻ സ്വീകർത്താവിന്റെ ആരോഗ്യസ്ഥിതി, എക്സ്പോഷർ സാധ്യത, പുതിയ വൈറസ് വകഭേദങ്ങളുടെ ആവിർഭാവവും പകർച്ചയും തുടങ്ങിയ നിരവധി സാധ്യതകൾ കണക്കിലെടുത്തുവേണം ഒരു ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിച്ചേരാൻ."- ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; 

അടുത്തിടെയായി ധാരാളം പേർ ചോദിക്കുന്ന ചോദ്യമാണ്, കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിനെകുറിച്ച്. മൂന്നാമതൊരു ഡോസ് എടുക്കണോ, എപ്പോ എടുക്കണം, എന്നൊക്കെ. വിദേശങ്ങളിലുള്ള ചില സുഹൃത്തുക്കൾ മൂന്നാം ഡോസ് എടുത്ത കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക കൂടി ചെയ്തതോടെ ചോദ്യങ്ങളുടെ എണ്ണവും ആകാംക്ഷയും കൂടി. ഈ ആകാംക്ഷ സ്വാഭാവികമാണ്. ഇതുപോലുള്ള ഒരു രോഗത്തിൽ നിന്ന് സ്വയം രക്ഷനേടാനും കുടുംബത്തെ സംരക്ഷിക്കാനുമുള്ള വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. 

എന്തിനാണ് ഈ ബൂസ്റ്റർ?

കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസുകൾ എന്ന ആശയം ഉടലെടുത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

1. വാക്‌സിൻ കൊണ്ടുള്ള പ്രതിരോധശേഷിയിൽ വരുന്ന ശോഷണം: 

പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒരു കാര്യം, ഈ രോഗവും അതിന്റെ വാക്‌സിനും ഇപ്പോഴും താരതമ്യേന പുതിയതാണ് എന്നുള്ളതാണ്. രോഗത്തെക്കുറിച്ചു നമ്മൾ കേട്ടുതുടങ്ങിയിട്ട് ഇരുപതു മാസമേ ആയിട്ടുള്ളു.  ആദ്യ ഡോസ് വാക്‌സിൻ കുത്തിവെച്ചിട്ട് ഒൻപതുമാസവും. അതുകൊണ്ടു തന്നെ വാക്‌സിനും അത് നൽകുന്ന പ്രതിരോധ ശക്തിയുടെ അളവും 

സംരക്ഷണ കാലയളവും ഇപ്പോഴും പഠനങ്ങൾക്ക് വിധേയമാണ്. ഇന്ന് ലോകത്തു കൊടുത്തുകൊണ്ടിരിക്കുന്ന ഇരുപത്തിയൊന്നോളം വാക്‌സിനുകൾക്ക് ആറ് മാസം മുതൽ പത്തു മാസം വരെയൊക്കെയാണ് അവയുടെ നിർമാതാക്കൾ തന്നെ സംരക്ഷണകാലയളവായി അവകാശപ്പെടുന്നത്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ആറു മുതൽ ഒമ്പതുമാസം വരെ കഴിയുമ്പോൾ രക്തത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ അളവിൽ നിർണായകമായ കുറവുണ്ടാകുന്നുവെന്നാണ്. എങ്കിലും ഗുരുതര രോഗാവസ്ഥയ്‌ക്കെതിരെയുള്ള സംരക്ഷണം മറ്റൊരു പ്രക്രിയയിൽകൂടി (CMI) തുടർന്നേക്കാമെന്നും ഈ പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നു. 

2. പുത്തൻ വേരിയന്റുകൾക്കെതിരെ വാക്സിന്റെ ഫലപ്രാപ്തി:

വാക്സിനേഷൻ കഴിഞ്ഞ് 6 മുതൽ 9 മാസത്തിനപ്പുറം അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിൽ ഗണ്യമായ കുറവുണ്ടോ എന്ന് നിർണ്ണയിക്കാൻ നിലവിൽ ഡാറ്റ അപര്യാപ്തമാണ്. എന്നിരുന്നാലും, ചില വേരിയന്റുകൾക്കെതിരെയുള്ള (പ്രത്യേകിച്ചും ഡെൽറ്റാ വേരിയന്റ്) വാക്സിൻ ഫലപ്രാപ്തിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് പുതിയ ചില പഠനങ്ങൾ പറയുന്നത്. ബ്രേക്ക്ത്രൂ ഇൻഫെക്ഷൻസ് കൂടാൻ ഇത് കാരണമാകും. 

ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം പേരിൽ വാക്‌സിൻ എത്തിച്ച ഇസ്രായേലിൽ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നത് ഈ ആശങ്ക വർദ്ധിപ്പിക്കുന്നു. എങ്കിലും അവിടെനിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് 40 ശതമാനത്തോളം പുതിയ ഇൻഫെക്ഷനുകളും ഉണ്ടായിരിക്കുന്നത്  മറ്റുകാരണങ്ങളാൽ രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലാണെന്നാണ്.

3. ആഗോള വാക്സിൻ ലഭ്യതയും വിതരണവും:

ബൂസ്റ്റർ ഡോസ് ചേർക്കുന്നതിനുള്ള ദേശീയനയ തീരുമാനങ്ങൾ ഈ ഡോസുകളുടെ ആവശ്യകതയും ആഗോള വാക്സിനുകളുടെ ലഭ്യതയും സംബന്ധിച്ച ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവണം. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലെങ്കിൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകുന്നത് വാക്‌സിൻ അസമത്വം വർദ്ധിപ്പിക്കുകയും ഹെർഡ്‌ ഇമ്മ്യൂണിറ്റി കൈവരിക്കാൻ വൈകുകയും ചെയ്യും. 

ബൂസ്റ്റർ നയരൂപീകരണത്തിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്:

ബൂസ്റ്റർ ഡോസുകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേരത്തെ പറഞ്ഞതുപോലെ ശക്തമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വാക്സിൻ-ഇൻഡ്യൂസ്ഡ് പരിരക്ഷയുടെ ദൈർഘ്യം, വാക്സിൻ ഘടന, പ്രാഥമിക വാക്സിനേഷൻ ഷെഡ്യൂൾ, പ്രായവും, കൂടാതെ/അല്ലെങ്കിൽ വാക്സിൻ സ്വീകർത്താവിന്റെ ആരോഗ്യസ്ഥിതി, എക്സ്പോഷർ സാധ്യത, പുതിയ വൈറസ് വകഭേദങ്ങളുടെ ആവിർഭാവവും പകർച്ചയും തുടങ്ങിയ നിരവധി സാദ്ധ്യതകൾ കണക്കിലെടുത്തുവേണം ഒരു ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിച്ചേരാൻ. എപ്പിഡെമോളജിക്കൽ ഡാറ്റയ്‌ക്കപ്പുറം, ദേശീയ സവിശേഷതകളും  പ്രോഗ്രാമാറ്റിക് വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതുപോലെ തന്നെ പ്രധാനമാണ് ആഗോള വാക്സിൻ ലഭ്യതയും അതിന്റെ വിവേചനരഹിതമായി വിതരണവും. 

പരിഗണിക്കേണ്ട മറ്റുകാര്യങ്ങൾ, ബൂസ്റ്റർ വേണ്ടിവരുകയാണെങ്കിൽ അത് എപ്പോഴാണ് നൽകേണ്ടത്, വാക്‌സിൻ ബ്രാൻഡുകൾ മാറ്റിക്കൊടുത്തുകൊണ്ടുള്ള ബൂസ്റ്ററുകളുടെ ഫലപ്രാപ്തി, മുൻഗണന കൊടുക്കേണ്ട പ്രത്യേക വിഭാഗങ്ങൾ, എന്നിവയാണ്. 

"ആഗോള പ്രതിസന്ധിക്ക് ദേശീയ പരിഹാരം എന്നൊന്നില്ല"

ആഗോള വാക്സിൻ ലഭ്യതയിലും വിതരണത്തിലുള്ള വിവേചനപരമായ സമീപനത്തിലും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ബൂസ്റ്റർ ഡോസുകൾ നൽകാനെടുക്കുന്ന തീരുമാനങ്ങൾ ആവശ്യകത കൂടുതൽ വർദ്ധിപ്പിക്കുകയും വിതരണത്തിലെ അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്നുവരെ ലോകത്തു നൽകിയിട്ടുള്ള 4.59 ബില്യൺ വാക്‌സിൻ ഡോസുകളുടെ 1.1 ശതമാനം മാത്രമാണ് ദരിദ്രരാഷ്ട്രങ്ങൾക്ക് കിട്ടിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയും COVAX സഖ്യവും ഇത് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും കാര്യമായ പുരോഗതി തുല്യതയിലൂന്നിയുള്ള വാക്‌സിൻ വിതരണത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. 

ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ കൊടുക്കാനുള്ള തീരുമാനങ്ങൾ ധനിക രാജ്യങ്ങൾ ഏകപക്ഷീയമായി എടുക്കുകയും നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെടുകയും ചെയ്യുകയാണെങ്കിൽ അത് ഇന്ന് നിലവിലുള്ള അസമത്വത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂ. അത് ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്. 

ലോകാരോഗ്യ സംഘടന, Strategic Advisory Group of Experts in Immunization (SAGE) ന്റെ പിന്തുണയോടെ, നിലവിൽ ലഭ്യമായ പഠനങ്ങളും തെളിവുകളും അവലോകനം ചെയ്യുകയാണ്. അവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും നയ ശുപാർശകൾക്ക് ആവശ്യമായ ഡാറ്റ ലഭിക്കുന്നതിന് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. തീരുമാനങ്ങൾ ഉറച്ച തെളിവുകളാൽ നയിക്കപ്പെടുകയും ഏറ്റവും ആവശ്യമുള്ള ജനസംഖ്യാ ഗ്രൂപ്പുകളെ ലക്ഷ്യമിടുകയും വേണമെന്ന നിർബന്ധം അവർ പ്രകടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഈ കഴിഞ്ഞ ആഗസ്ത് നാലിന് ലോകാരോഗ്യ സംഘടനാ ധനിക രാഷ്ട്രങ്ങളോട് ബൂസ്റ്റർ വാക്‌സിനേഷന് മോറട്ടോറിയം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടത്. സെപ്റ്റംബറോടെ ലോകത്തെ പത്തു ശതമാനം ആളുകൾക്കെങ്കിലും സാധാരണഗതിയിലുള്ള വാക്‌സിൻ എത്തിക്കാനാണ് മുൻഗണന കൊടുക്കേണ്ടതെന്നാണ് അവരുടെ നിലപാട്.

അതുകൊണ്ട് ശ്രദ്ധിക്കേണ്ട വസ്തുതകൾ ഇതാണ്:

• ഇന്ത്യയിൽ രണ്ടു ഡോസ് വാക്‌സിനും എടുത്തവരുടെ ശതമാനം ഒൻപതിൽ താഴെയാണ്. 

• ഇപ്പോഴത്തെ വാക്‌സിൻ ലഭ്യതയും മറ്റും കണക്കിലെടുത്താൽ ഇത് ഒരു അമ്പതു ശതമാനത്തിൽ എത്തിക്കാൻ തന്നെ ഇനിയുമെടുക്കും മാസങ്ങൾ. 

• അപ്പോൾ ഈ രണ്ടു ഡോസും എടുത്തവർക്കു ബൂസ്റ്റർ കൂടി കൊടുക്കാൻ തുടങ്ങിയാൽ കൂനിന്മേൽ കുരു പോലെയാകും കാര്യങ്ങൾ. 

• ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എത്രയും വേഗം നിശ്ചിത ഡോസ് വാക്‌സിനുകൾ പരമാവധി ആൾക്കാരിൽ എത്തിക്കാനാണ്. രോഗവ്യാപനം തടയാൻ അത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം. 

ഇതിനിടയിൽ പുതിയ പഠനങ്ങൾ വരും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കിട്ടും. അത് അടിസ്ഥാനമാക്കി പുതിയ നയങ്ങൾ ഉണ്ടാവും. ചിലപ്പോൾ വാക്‌സിൻ ബ്രാൻഡുകൾ മാറി മാറി ഉപയോഗിച്ചാലാവും കൂടുതൽ സംരക്ഷണം. ഡോസുകൾ തമ്മിലുള്ള സമയപരിധിയിലും മാറ്റം വരാം. 

അതുവരെ നമുക്ക് നമുക്കറിയാവുന്ന രീതിയിൽ സ്വയം സംരക്ഷിക്കാം, അതുവഴി മറ്റുള്ളവരെയും. 

ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ പലരും പറയും, എനിക്ക് മൂന്നാം ഡോസും കിട്ടിയെന്ന്. കാര്യമാക്കണ്ട. അത്താഴ പട്ടിണിക്കാരുടെ മുന്നിൽ വന്ന് ചിലർ വീട്ടിലെ ബിരിയാണിക്ക് നെയ് കൂടിപ്പോയി എന്നുപറയാറില്ലേ? അതുപോലെയേയുള്ളൂ. 

ആദ്യം നമുക്ക് എങ്ങിനെയെങ്കിലും രണ്ടെണ്ണം എടുക്കാം. പിന്നെ നോക്കാം മൂന്നാമത്തേതിലോട്ട്. 

-Dr. Hemachandran Kunjukrishnan (Guest Writer), Info Clinic

Tags:
  • Health Tips
  • Glam Up