Thursday 25 March 2021 03:17 PM IST : By സ്വന്തം ലേഖകൻ

‘വീടിനുള്ളിലെ അടച്ചിരിപ്പും ഒത്തുചേരലുകളിൽ നിന്നുള്ള വിട്ടുനിൽപ്പും ആകുമ്പോൾ മനസ്സു പിടിവിട്ടു പോകും’; കോവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാരോഗ്യം

drprith3344 Right: ഡോ. പ്രീത ചാത്തോത്ത്, സീനിയർ കൺസൾട്ടന്റ് ,ഇന്റർനാഷനൽ ഡെവലപ്മെന്റ്, യുഎസ്എ

കോവിഡ് കാലത്തെ ഒറ്റപ്പെടലും ഉത്കണ്ഠകളും മനസ്സിന്റെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്...

സെറ്റ് ചെയ്തുവച്ച ടൈംപീസ് പോലെയായിരുന്ന നമ്മുടെ ജീവിതം കോവിഡ് 19 എന്ന വില്ലൻ ആകെ തകിടം മറിച്ചു. രോഗഭീതിയിൽ വീട്ടിലേക്ക് ഒതുങ്ങിയ ഓഫിസും സ്കൂളുമൊക്കെ വല്ലാതെ ഉലച്ചത് മനസ്സിനെ കൂടിയാണ്. ഇക്കഴിഞ്ഞ മാനസികാരോഗ്യ ദിനത്തിൽ ലോകം മുഴുവൻ സംസാരിച്ചത് കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചാണ്.

സുനാമിക്കു ശേഷം, ശ്രീലങ്കയിൽ വർധിച്ചുവന്ന മാനസികാരോഗ്യ കേസുകളുടെ കാരണങ്ങളും സമാനമാണ്. എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്ത മുതൽ ഗാർഹിക പീഡനം വരെ അവയിൽ പെട്ടു. യുഎസ് മുൻ പ്രഥമവനിത മിഷേൽ ഒബാമയും നമ്മുടെ സ്വന്തം കെ. ആർ. ഗൗരിയമ്മയുമൊക്കെ കോവിഡ് കാലത്തെ ഏകാന്തതയുടെ നോവു തുറന്നു പറയുകയുണ്ടായി. ഏകാന്തതയും ഉത്കണ്ഠയും സമ്മർദവുമെല്ലാം കോവിഡിന്റെ കൂടെയും വന്നു.

എന്താണ് മാനസികാരോഗ്യം

ഒരു വ്യക്തിയുടെ വൈകാരികവും മാനസികവുമായ ക്ഷേമത്തെയാണ് മാനസികാരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല മാനസികാരോഗ്യം ഉള്ളവർക്ക് ഊർജസ്വലമായി കാര്യങ്ങൾ ചെയ്യാനാകും. ദൈനംദിന ജീവിതത്തിലെ ചെറിയ സംഭവങ്ങൾ മുത ൽ ജനിതകഘടന വരെ മാനസികാരോഗ്യത്തെ സ്വാധീനിക്കും. ഒ റ്റപ്പെടലും സുരക്ഷിതത്വമില്ലായ്മയും ദുഃശീലങ്ങളും ഗാർഹിക പീഡനവും ലൈംഗിക അതിക്രമങ്ങളും സാമ്പത്തിക പ്രയാസവുമൊക്കെ മാനസികാരോഗ്യം തകർക്കും.

ശാരീരികമായ രോഗങ്ങളെ ചികിത്സിക്കുന്നതു പോലെ മാന സിക പ്രശ്നങ്ങളെ പലരും പരിഗണിക്കുകയോ ചികിത്സിക്കുക യോ ചെയ്യാറില്ല. കുടുംബാംഗങ്ങൾക്കിടയിൽ പോലും പരിഗണിക്കപ്പെടേണ്ട വിഷയമായി അവ കടന്നുവരാറുമില്ല.

മനസ്സും പ്രായവും തമ്മിൽ

ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആയുർദൈ ർഘ്യം കൂടുതലാണെന്നാണു കണക്ക്. ഇന്ത്യയിൽ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 70.2 വയസ്സാണ്. കേരളത്തിൽ ഇത് 77.8 വയസ്സും. പ്രായാധിക്യം കൊണ്ടു ശരീരത്തിനു മാത്രമല്ല, മനസ്സിനും രോഗം വരും. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നേരിയ രൂപം പോലും മാനസികാരോഗ്യ പ്രശ്‌നമാണ്. 2015–16ലെ നാഷനൽ മെന്റൽ ഹെൽത് സർവേയിൽ പങ്കെടുത്ത 13 ശതമാനത്തിലേറെ പേരും ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നു മറുപടി നൽകിയിരുന്നു. ലോകത്താകെയുള്ള മാനസികരോഗികളുടെ ക ണക്കെടുത്താലും ഇന്ത്യൻ ശരാശരി അത്ര ചെറുതൊന്നുമല്ല.

കോവിഡ് കാലം മലയാളികളുടെ ഇടയിൽ മാനസിക പ്രയാസങ്ങൾ കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വീടിനുള്ളിലെ അടച്ചിരിപ്പും ഒത്തുചേരലുകളിൽ നിന്നുള്ള വിട്ടുനിൽപ്പും സുഹൃത്തുക്കൾ അടുത്തില്ലാത്തതിന്റെ പ്രയാസവുമൊക്കെ ചേരുമ്പോൾ മനസ്സു പിടിവിട്ടു പോകും. ജോലി നഷ്ടപ്പെട്ടവരുടെ സമ്മർദം പറയേണ്ടതില്ലല്ലോ.

വെല്ലുവിളികൾ പലതരം

പലപ്പോഴും ലക്ഷണങ്ങൾ പരിഗണിക്കപ്പെടാതെ പോകുന്നുണ്ട്. ഉത്കണ്ഠ സാധാരണമാണെങ്കിലും തീവ്രമായ ഭയവും ആകാംക്ഷയും ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോൾ സൂക്ഷിക്കണം. ഭയത്തിൽ തുടങ്ങി ഒബ്സസീവ് കംപ ൽസീവ് ഡിസോർഡറിലും തീവ്രാവസ്ഥയിൽ ഹൃദ്രോഗത്തിലുമൊക്കെ എത്തിച്ചേർക്കും അത്. ഉത്കണ്ഠയുടെ ആഴവും കാഠിന്യവും കൂടുന്നതായി തോന്നിയാൽ കരുതലെടുക്കണം.

മാനസികാരോഗ്യ വെല്ലുവിളിയിൽ വിഷാദം സർവസാധാരണം ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ കുറഞ്ഞത് 57 % ആളുകളെങ്കിലും വിഷാദരോഗം ഉള്ളവരാണത്രേ. നീണ്ടുനിൽക്കുന്നതും പതിവായുമുള്ള സങ്കടം, സ്വയം മതിപ്പില്ലായ്മ, വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങളിലുള്ള താൽപര്യകുറവ്, അസ്വസ്ഥമായ ഉറക്കം എന്നിവയൊക്കെ വിഷാദത്തിന്റെ ലക്ഷണമാണ്. വിഷാദം തീവ്രമാവുകയും നീണ്ടുനിൽക്കുകയും ചെയ്താൽ ആത്മഹത്യാ ചിന്ത വരെ ഉണ്ടാകാം.

പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ, അസ്വസ്ഥമായ പ്രവൃത്തികൾ, ഉച്ചത്തിലുള്ള സംസാരം, ഉറക്കക്കുറവ്, എടുത്തുചാട്ടം തുടങ്ങിയവയാണ് ബൈപോളാർ മൂഡ് ഡിസോർഡറിന്റെ ല ക്ഷണങ്ങൾ. മൂഡ് മാറ്റങ്ങൾ ഉച്ചസ്ഥായിയിലോ (മാനിയാക്) വളരെ താഴ്ന്ന അവസ്ഥയിലോ (ഡിപ്രസ്സീവ്) ആകും. അക്രമാസക്തമായ പെരുമാറ്റത്തിലേക്കോ ആത്മഹത്യാ ചിന്തയിലേക്കോ വരെ ഇതു നയിച്ചേക്കാം. യഥാർഥത്തിൽ ഇല്ലാത്തവയെ ഉണ്ടെന്നു കരുതിയുള്ള പ്രവൃത്തികളാണ് സ്കിസോഫ്രീനിയയിൽ പെടുന്നത്. ചിന്തകളിലെ വ്യക്തത ഇല്ലായ്മ, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയായ്ക, തീരുമാനങ്ങളെടുക്കാനോ പ്രാവർത്തികമാക്കാനോ പറ്റാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും കാണും. ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങളും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ട്. അമിതമായി കഴിക്കുക, ഒട്ടും കഴിക്കാതിരിക്കുക എന്നിവ മാത്രമല്ല, ടെൻഷൻ തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നതും മാനസികരോഗമാകാം.

ഒറ്റയ്ക്കാണെന്ന ചിന്ത, അകാരണമായ ദുഃഖം, ഉത്സാഹമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ് തുടങ്ങി ചെറിയ ശബ്ദം കേൾക്കുമ്പോൾ പോലും ഞെട്ടിപ്പോകുന്നതു വരെ രോഗലക്ഷണങ്ങളാകാം. നന്നായി സംസാരിച്ചിരുന്നവർക്ക് പെട്ടെന്നു സംസാരം കുറയാം. സന്തോഷം തോന്നേണ്ട അ വസരങ്ങളിൽ തലവേദന, പേശീവേദന, ക്ഷീണം, പുറംവേദന എന്നിവ പ്രകടിപ്പിക്കാം. ഏതു ലക്ഷണവും രണ്ടാഴ്ചയിലധികം നീണ്ടാൽ ചികിത്സ തേടണം.

shutterstock_1880947750

ചികിത്സിക്കാൻ മടിക്കേണ്ട

∙ ഏതു പ്രായക്കാർക്കും മാനസിക പ്രശ്നം വരാം. പ്രശ്‌നം തിരിച്ചറിഞ്ഞാൽ സുഹൃത്തുക്കളുെടയോ കുടുംബാംഗങ്ങളുടെയോ പിന്തുണയും സഹായവും തേടണം. ആശങ്കകളും വികാരങ്ങളും പങ്കുവയ്ക്കുന്നത് ഉത്കണ്ഠയും സമ്മർദവും കുറയ്ക്കും. അടുപ്പമുള്ളവരുടെ പിന്തുണയ്ക്കൊപ്പം മരുന്നുകളും വേണ്ടിവരും.

∙ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്താൻ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കാം. എന്നാൽ ഇവയുടെ അമിത ഉപയോഗം പാടില്ല.

∙ ഭക്ഷണശീല വൈകല്യങ്ങൾ പരിഹരിക്കുന്നതിനു കൗൺസലിങ്ങും കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപിയും വേണ്ടിവരും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ടെങ്കിൽ മികച്ച ട്രെയിനിങ് നേടിയ വിദഗ്ധനെ (സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്) കാണാം.

∙ മനസ്സിന്റെ ആരോഗ്യത്തിനു വ്യായാമവും പ്രധാനമാണ്. നടക്കുക, പടികൾ കയറുക തുടങ്ങിയ ചെറുവ്യായാമങ്ങൾ ശരീരം ഊർജസ്വലമാക്കുന്നതിനൊപ്പം  മനസ്സിനെ ഉന്മേഷഭരിതവു മാക്കും. യോഗയും ധ്യാനവും ഗുണം ചെയ്യും.

തലച്ചോറിനെ ചെറുപ്പമാക്കാം

∙ മസ്തിഷ്ക കോശങ്ങൾക്കു പ്രായമാകില്ല. മറ്റു കോശ ങ്ങൾക്കും രക്തക്കുഴലുകൾക്കും പ്രായം കൂടുമ്പോൾ മ സ്തിഷ്ക പ്രവർത്തനങ്ങളെയും ബാധിക്കും. അതിനാൽ ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കുക.

∙ ഒന്നിച്ചിരിക്കുമ്പോൾ പരസ്പരം സന്തോഷിപ്പിക്കുന്ന സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുക. പോസിറ്റീവ് ആയും ശുഭാപ്തി വിശ്വാസത്തോടെയും ഇടപെടുന്ന സുഹൃത്തുക്കൾ നിങ്ങളിലും പോസിറ്റിവിറ്റി നിറയ്ക്കും.

∙ സഹായമനസ്ഥിതി വച്ചു പുലർത്തുക. എത്ര വലിയ സ ഹായമായാലും തീരെ ചെറുതായാലും അതിൽ ഇടപെടുമ്പോൾ അൽപനേരം സ്വയം മറക്കാനാകും.

∙ കുട്ടികളോടൊപ്പമോ മുതിർന്നവരോടൊപ്പമോ സംസാ  രിച്ചിരിക്കാൻ സമയം കണ്ടെത്തുക. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ വർത്തമാനവും പ്രായമായവരുടെ പരിധിയില്ലാത്ത സ്നേഹവും മനസ്സിനെ പോസിറ്റീവാക്കും.

∙ റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, സൗഹൃദ കൂട്ടായ്മ, മതവിശ്വാസവുമായി ബന്ധപ്പെട്ട പരിപാടികൾ പോലുള്ളവയിൽ സജീവമാകുക. കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മനസ്സിനു സന്തോഷം നൽകും.

∙ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഗോൾ സെറ്റ് ചെയ്തു മുന്നേറുക. ആ സന്തോഷത്തിന്റെ വില അറിയുക. പരിശ്രമിച്ചു നേടേണ്ട വിജയങ്ങളിലേക്ക് ഇരട്ടി ഊർജം ഇത് നൽകും.

- ഡോ. പ്രീത ചാത്തോത്ത്, സീനിയർ കൺസൾട്ടന്റ് , ഇന്റർനാഷനൽ ഡെവലപ്മെന്റ്, യുഎസ്എ.

  (കാലാവസ്ഥാ വ്യതിയാനവും മാനസികാരോഗ്യവും  എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ലേഖിക)

Tags:
  • Health Tips
  • Glam Up