Saturday 23 April 2022 04:02 PM IST : By ശ്യാമ

‘ഒരു കാരണവശാലും വീട്ടുപരിസരത്ത് പ്ലാസ്റ്റിക് കത്തിക്കരുത്; പുകവലി ശീലം പാടെ ഒഴിവാക്കണം’: കോവിഡിനെയും വേനൽക്കാല രോഗങ്ങളെയും ഒരുപോലെ പ്രതിരോധിക്കാം

corona-mask886565f

വേനലിൽ കോവിഡ് കുറയുമെന്ന ധാരണ പ ലർക്കുമുണ്ട്. പക്ഷേ, ഇതിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല. ജാഗ്രത കൈവി ടാതിരിക്കുക എന്നതാണ് പ്രധാനം.

വേനൽക്കാലം പലതരം രോഗങ്ങളുടെ കൂടി കാലമാണ്. മറ്റ് രോഗസാധ്യതകളും അതിനിടയിൽ കോവിഡും കൂടി വന്നാൽ ആരോഗ്യകാര്യങ്ങൾ ആകെ താളം തെറ്റും. ആ താളംതെറ്റൽ ഒഴിവാക്കാൻ ശ്രദ്ധ കൂടിയേ തീരൂ.

എടുത്താൽ പൊങ്ങാത്ത കാര്യങ്ങളല്ല ഇതിനായി വേണ്ടത്. പകരം കൃത്യമായി സോപ്പിട്ട് കൈ കഴുകുക, മാസ്ക് ശരിയായ വിധത്തിൽ ഉപയോഗിക്കുക, പൊതു ഇടങ്ങളി  ൽ തുപ്പാതിരിക്കുക, ശാരീരിക അകലം പാലിക്കുക, വ്യക്തിശുചിത്വം പുലർത്തുക തുടങ്ങിയ  കാര്യങ്ങൾ ചിട്ടയായി ചെയ്താൽ തന്നെ ഒരു പരിധി വരെ കോവിഡ് അടക്കമുള്ള വൈറസ് രോഗങ്ങളെ പടിക്കു പുറത്തു നിർത്താം.   

മറക്കരുത് ഇക്കാര്യങ്ങള്‍

അന്തരീക്ഷത്തിൽ പൊടി കൂടുന്ന സമയമാണ് വേനൽക്കാലം. അതായത് ശ്വാസകോശത്തിന് വലിയ പ്രതിസന്ധിയുണ്ടാകുന്ന സമയം.

കോവിഡ് രോഗികളിൽ മിക്കവർക്കും തന്നെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും വരാം. നേരത്തെ ഇത്തരം രോഗങ്ങൾ അലട്ടുന്നവർ വേനൽക്കാലത്ത് അധിക ജാഗ്രത പുലർത്തണം.

∙ കോവിഡുമായി ബന്ധപ്പെട്ട് വരുന്ന ശ്വാസസംബന്ധമാ യ പ്രശ്നങ്ങൾക്ക് ആവി പിടിക്കുന്നത് നല്ലതാണ്. കോവിഡ് പോസിറ്റീവായാൽ ഓക്സിജന്റെ അളവ് കൃത്യമായി നോക്കുക.

വിട്ടുമാറാത്ത ചുമ, ശ്വാസ തടസ്സം, കഫത്തിൽ രക്തം കാണുക, തലകറക്കം, സംസാരിക്കാൻ ബുദ്ധിമുട്ട്, ഓക്സിജന്റെ അളവ് 94ൽ താഴെയായാൽ (95–100 ആണ് ആരോഗ്യകരം) ഒട്ടും വൈകാതെ ഡോക്ടറുടെ സഹായം തേടുക. നിങ്ങളുടെ പ്രദേശത്തുള്ള ആരോഗ്യപ്രവർത്തകരുടെയും ഡോക്ടറുടെയും നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വയ്ക്കാൻ മറക്കരുത്.

∙ കോവിഡ് ബാധിച്ചവർ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക. സ്വയംചികിത്സ വേണ്ട. മ റ്റൊരാൾക്ക് അവരുടെ ഡോക്ടർ കൊടുത്ത മരുന്ന് നിങ്ങ ൾക്കും ഗുണം ചെയ്യുമെന്ന് കരുതരുത്.

കോവിഡ് ഓരോരുത്തരിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്. ഡോക്ടർ നിർദേശിക്കാത്ത മരുന്നുപയോഗം വേണ്ട.

നിങ്ങൾക്ക് ഡോക്ടർ നിർദേശിച്ച മരുന്ന് മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കരുത്. അത് അവർക്ക് ചെയ്യുന്ന ഉപകാ രമല്ല, മറിച്ച് ഉപദ്രവമാണെന്ന് മനസ്സിലാക്കുക.

∙  വായും മൂക്കും മറയ്ക്കുന്ന തരത്തിൽ തന്നെ മാസ്ക് വയ്ക്കാം. തീരെ ശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള അടുക്കടുക്കായി പാളികളുള്ള മാസ്കും വളരെ ഇറുകിയിരിക്കുന്നവയും ഒഴിവാക്കാം.

∙ പുറത്തു പോകുമ്പോൾ കുട/തൊപ്പി എന്നിവ ഉപയോഗിക്കുക. നീർക്കെട്ടുകൾ, തുമ്മല്‍ പോലുള്ളവ കുറയ്ക്കാൻ ഇത് സഹായിക്കും.

∙ പുകവലി ശീലം പാടെ ഒഴിവാക്കണം. സ്വന്തം ശ്വാസകോശത്തിന് ദോഷംചെയ്യുന്ന പരിപാടി എന്നു മാത്രമല്ല പാസീവ് സ്മോക്കിങ് കൂടെയുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കും. അനാരോഗ്യവും പ്രതിരോധശക്തിക്കുറവും ഉ ള്ളവരിൽ പ്രത്യേകിച്ച് കുട്ടികളിൽ പാസീവ് സ്മോക്കിങ്   ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

∙ വീടിനുള്ളിലെ വൃത്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാം. പൊടി അടിയുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം.

ഫാൻ, ഫോട്ടോ ഫ്രെയിം, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാം. കിടക്ക എന്നും കുടഞ്ഞുവിരിക്കാൻ ശ്രദ്ധിക്കുക.

∙ ഒരു കാരണവശാലും വീട്ടുപരിസരത്ത് പ്ലാസ്റ്റിക് കത്തിക്കരുത്.

കോവിഡിനു ശേഷവും ശ്രദ്ധ വേണം

കോവിഡ് വന്നു മാറിയാൽ ഉടൻ തന്നെ ജീവിതരീതിയുടെ പഴയവേഗത്തിലേക്ക് കടക്കരുത്.

വീട്ടുജോലികളായാലും ഔദ്യോഗിക കാര്യങ്ങളായാലും പടിപടിയായി വേണം പഴയ വേഗത്തിലേക്കും താളത്തിലേക്കും എത്താൻ. ക്ഷീണം തോന്നിയാൽ ഇടയ്ക്ക് ചെറിയ ഇടവേളയെടുക്കാം, വിശ്രമിക്കാം.

∙ കോവിഡിനു ശേഷം പലരിലും ഉറക്കത്തിന്റെ താളം തെറ്റുന്നതായി കണ്ടു വരുന്നു. കഴിവതും ലൈറ്റ് അണച്ച് ഒരേ സമയത്ത് തന്നെ കിടക്കാൻ ശ്രമിക്കുക.

∙ പലരും ആരോഗ്യം എളുപ്പം തിരികെ കിട്ടാൻ ഫൂഡ് സപ്ലിമെന്റുകൾ കഴിക്കുന്നതായി കാണാറുണ്ട്. ഡോക്ടറുടെ നിർദേശമില്ലാതെ ഇത് ചെയ്യുന്നത് ഉചിതമല്ല.

നമ്മുടെ നാട്ടിൽ കിട്ടുന്ന പയർ, ഇലക്കറികൾ, വാഴക്കുടപ്പൻ പോലുള്ള ധാരാളം ഭക്ഷണപദാർഥങ്ങളിൽ നിന്ന് തന്നെ ആവശ്യമുള്ള പോഷകങ്ങൾ കിട്ടും. പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  

കോവിഡിന് ശേഷം ഒറ്റയടിക്ക് പഴയപടിയുള്ള വ്യായാമങ്ങൾ ചെയ്യണം എന്ന വാശി വേണ്ട. ജിമ്മിലുള്ള മണിക്കൂറുകൾ നീണ്ട വ്യായാമം, ദീർഘദൂര ഓട്ടം/സൈക്ലിങ് ഒക്കെ ഉടനെ വേണ്ട. തുടക്കത്തിൽ പത്ത് മിനിറ്റ് വ്യായാമം ചെയ്ത് സാവധാനം സമയം കൂട്ടാം.

∙ വിഷാദം, അമിത ഉത്കണ്ഠ, അമിത ഭയം എന്നിവയുള്ള ‘പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ’ കോവിഡ് വന്നു പോയ പലർക്കും ഉണ്ടാകാറുണ്ട്.

സംഗീതം, വായന, തമാശ സിനിമകൾ കാണുക, അടുപ്പമുള്ളവരുടെ ഫോൺ വിളികൾ... തുടങ്ങിയവ ഈ അവസ്ഥയിൽ ആശ്വാസം പകരുന്ന കാര്യങ്ങളാണ്.

കടപ്പാട്: ഡോ. പി.എസ്. ഷാജഹാൻ, പ്രഫസർ, ശ്വാസകോശരോഗ വിഭാഗം, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഡോ. എബിൻ തോമസ്, കൺസൽറ്റന്റ് ഫിസിഷ്യൻ, ‌ഇന്ദിരഗാന്ധി സഹകരണാശുപത്രി, കടവന്ത്ര, കൊച്ചി

Tags:
  • Health Tips