Thursday 24 March 2022 02:52 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വാർഡിൽ അവധിയെടുക്കാതെ 300 ദിവസം ജോലി; പിപിഇ കിറ്റിൽ ഡ്യൂട്ടി പൂർത്തിയാക്കി താൽക്കാലിക ജീവനക്കാരൻ

alappey-shaji.jpg.image.845.440

ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ അവധിയെടുക്കാതെ 300 ദിവസം പിപിഇ കിറ്റിട്ട് രാത്രി ഡ്യൂട്ടി പൂർത്തിയാക്കി താൽക്കാലിക ജീവനക്കാരൻ.  ആലപ്പുഴ ഇരവുകാട് സ്വദേശി ഷാജി കോയാപറമ്പിലിന്റെ (47) ഡ്യൂട്ടി ഇന്നലെ 303 ദിവസം പിന്നിട്ടു. വൈകിട്ട് 6 മുതൽ രാത്രി 12 വരെയാണ് ജോലി. ട്രയാജിലെ ജോലിക്കായി നഗരസഭയാണു താൽക്കാലിക നിയമനം നൽകിയത്. 10 ദിവസത്തെ ജോലിക്കിടെ ഒരു ദിവസം അവധിയുണ്ട്.

വേതനം ലഭിക്കാത്ത ആ അവധിദിനങ്ങളിലും ഷാജി ജോലി തുടർന്നു. അർഹമായ അവധി ദിനങ്ങളി‍ലും വേതനമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധനാണെന്ന് ആശുപത്രി അധികൃതർക്കു രേഖാമൂലം ഷാജി എഴുതി നൽകി. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ തെരുവിൽ അലയുന്നവർക്കായി നഗരസഭ തുടങ്ങിയ ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഷെൽറ്ററിലായിരുന്നു ഷാജിയുടെ സേവനം. അതിനിടെ ജീവനക്കാരെ ആശുപത്രിയിൽ എത്തിക്കുന്ന സ്കൂൾ ബസിൽ എസ്എംസി ചെയർമാൻകൂടിയായ ഷാജി ക്ലീനറുടെ വേഷവുമിട്ടു.

ആലപ്പുഴയിലും ഹരിപ്പാടും നഗരസഭാ ഷെൽട്ടറുകളിൽ താമസിപ്പിച്ചവരുടെ മുടിയും താടിയും വെട്ടിക്കൊടുക്കാൻ ഷാജിക്കൊപ്പം പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിലെ ബികോം വിദ്യാർഥിനിയായ മകൾ ആമിനയും ഒപ്പംകൂടി. കോവിഡ് ബാധിതർക്ക് സൗജന്യമായി ഭക്ഷണവും മരുന്നും എത്തിച്ചു നൽകാനും പകൽ ഷാജി സമയം കണ്ടെത്തി.പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സ്വന്തം കുടുംബത്തെയും രോഗത്തെ തുടർന്നു തൊഴിൽനഷ്ടമായ സഹോദരന്റെ കുടുംബത്തെയും സംരക്ഷിക്കാനുള്ള ചുമതലയും ഷാജിക്കാണ്.

Tags:
  • Spotlight