Thursday 18 November 2021 02:39 PM IST : By സ്വന്തം ലേഖകൻ

കൺതടങ്ങളിലെ നീരു കുറയ്ക്കും, മുടി വളർച്ചയ്ക്ക് ഉത്തമം; വായ്‌നാറ്റം അകറ്റുന്നതിനും വെള്ളരിക്ക ബെസ്റ്റാണ്, ആരോഗ്യഗുണങ്ങൾ

cucumberrrfhhhg

സലാഡിലും മറ്റും സ്ഥിരം ചേർക്കുന്ന പച്ചക്കറിയാണ് വെള്ളരിക്ക. ഇതിന്റെ ഹെൽത്തി സവിശേഷതകൾ തന്നെയാണ് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ കാരണം. പ്രമേഹവും കൊളസ്‌ട്രോളും പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ വെള്ളരിക്ക ജ്യൂസ് വളരെ നല്ലതാണ്. വെള്ളരിക്കയും പച്ചമുളകും ഇഞ്ചിയും ചെരുനാരങ്ങാനീരും ഉപ്പും ചേർത്താണ് ജ്യൂസ് തയാറാക്കുന്നത്.

വെള്ളരിക്ക കഴിച്ചാലുള്ള  ഗുണങ്ങൾ

∙ ഇതിൽ 95 ശതമാനവും വെള്ളമാണ്. ഇതു ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും വിഷാംശം പുറന്തള്ളാനും സഹായിക്കും. 

∙ ഇതൊരു നല്ല ദഹന സഹായിയാണ്.

∙ ത്വക്കിന് വളരെ നല്ലതാണിത്. കൺതടങ്ങളിലെ നീരു കുറയ്ക്കുന്നതിനും മുടിയുടെ വളർച്ചയേയും ഇതു സഹായിക്കും. 

∙ ഇതിലടങ്ങിയിരിക്കുന്ന ലിഗ്‌നസ് വിവിധതരം കാൻസറുകളെ പ്രതിരോധിക്കുന്നു.

∙ വായ്‌നാറ്റം അകറ്റുന്നതിനുള്ള മികച്ച പ്രതിവിധിയാണിത്. വട്ടത്തിൽ മുറിച്ച വെള്ളരി കഷ്ണം അണ്ണാക്കിലേക്ക് നാവുകൊണ്ട് അര മിനിറ്റ് നേരം ചേർത്തു വയ്ക്കുമ്പോൾ വായ്നാറ്റത്തിനു കാരണമാകുന്ന ബാക്ടീരിയകളെ ഇതിലുള്ള രാസപദാർഥം നശിപ്പിക്കുന്നു. 

∙ ഇതു കഴിക്കുന്നതിലൂടെ ബ്രഡ് പ്രഷർ, ഡയബറ്റിസ് എന്നിവയെ നിയന്ത്രിക്കാൻ സാധിക്കും.

വെള്ളരിക്ക കൊണ്ടുള്ള ഒരു ഹെൽത്തി റെസിപ്പി ഇതാ.. 

വെള്ളരിക്ക- പുതിന റെയ്‌ത്ത

ചേരുവകൾ 

1. സാലഡ് വെള്ളരിക്ക ഗ്രേറ്റ് ചെയ്‌തത് - ഒരു കപ്പ് 

2. പുതിനയില അരച്ചത് - ഒരു വലിയ സ്‌പൂൺ 

3. കട്ടത്തൈര് - ഒന്നേമുക്കാൽ കപ്പ് 

4. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന് 

5. ജീരകം വറുത്തു പൊടിച്ചത് - മുക്കാൽ ചെറിയ സ്‌പൂൺ 

6. ചുവന്ന മുളകുപൊടി - കാൽ ചെറിയ സ്‌പൂൺ 

പാകം ചെയ്യുന്ന വിധം 

∙ വെള്ളരി ഗ്രേറ്റ് ചെയ്‌തശേഷം വെള്ളം പിഴിഞ്ഞു വയ്‌ക്കണം. 

∙ കട്ടത്തൈരിൽ പുതിന അരച്ചതു ചേർത്തിളക്കി പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കണം. 

∙ ജീരകം വറുത്തു പൊടിച്ചതും വെള്ളം പിഴിഞ്ഞു വച്ചിരിക്കുന്ന വെള്ളരിക്കയും ചേർത്തു യോജിപ്പിക്കുക. 

∙ ഏറ്റവും മുകളിൽ മുളകുപൊടി വിതറി അലങ്കരിക്കാം. 

(വനിത മുൻ ചീഫ് എഡിറ്റർ പരേതയായ മിസിസ് കെ.എം. മാത്യുവിന്റെ പാചകക്കുറിപ്പുകളിൽ നിന്നു തിരഞ്ഞെടുത്തത്) 

Tags:
  • Health Tips
  • Glam Up