ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റാൻ ആഹാരശീലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വയറിന്റെ പ്രശ്നങ്ങൾ മാറുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടും.
∙ നാരുകളടങ്ങിയ ഭക്ഷണം ദിവസവും കഴിക്കണം. പഴങ്ങൾ, പച്ചക്കറി കൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങ ൾ, പയർ, പരിപ്പു വർഗങ്ങൾ എന്നിവയിൽ ഫൈബറുണ്ട്. 100 ഗ്രാം ആപ്പിളിൽ രണ്ടര – മൂന്നു ഗ്രാം ഫൈബറും 100 ഗ്രാം പേരയ്ക്കയിൽ 5.4 ഗ്രാം ഫൈബറുമുണ്ട്. 100 ഗ്രാം കാരറ്റിൽ മൂന്നു ഗ്രാമിനോട് അടുപ്പിച്ചു ഫൈബറുണ്ട്. 100 ഗ്രാം ചീര കഴിച്ചാൽ 2.5 ഗ്രാം നാരുകൾ ലഭിക്കും. 12.5 ഗ്രാം ഫൈബറാണ് 100 ഗ്രാം ബദാമിൽ ഉള്ളത്.
∙ പുളിപ്പിച്ച ഭക്ഷണം ഉദരസംബന്ധമായ പ്രശ്നങ്ങളെ അകറ്റും. യീസ്റ്റ് പോലുള്ളവ ചേർത്തു പുളിപ്പിക്കാത്തവയാണു കഴിക്കേണ്ടത്. ദോശ, ഇഡ്ഡലി എന്നിവ നല്ലതാണ്. തൈരാണ് സൂപ്പർ ഫെർമെന്റഡ് ഫൂഡ്. പ്രോബയോട്ടിക് ഭക്ഷണം കൂടിയായതിനാൽ ദഹനത്തിനും ശരീരത്തിന്റെ പ്രതിരോധശക്തിക്കും നല്ലതാണ്. ദിവസം 120 മില്ലി തൈര് കഴിക്കാം
∙ 25 കിലോ ശരീരഭാരത്തിന് ഒരു ലീറ്റർ എന്ന അളവിൽ വെള്ളം കുടിക്കണം. അതായത് 75 കിലോ ശരീരഭാരമുള്ള ആൾ മൂന്നു ലീറ്റർ വെള്ളം കുടിക്കണം. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങാം. കുക്കുംബർ, തണ്ണിമത്ത ൻ പോലെ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.