Thursday 09 September 2021 04:21 PM IST : By സ്വന്തം ലേഖകൻ

‘ഒടുവിൽ കറിവേപ്പിലയായി’ എന്നിനി പറയരുത്; വണ്ണം കുറയ്ക്കും, മുടികൊഴിച്ചിലിനും കാൻസർ പ്രതിരോധത്തിനും വരെ ഉത്തമം, കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം

curry-leaves33344

‘ഒടുവിൽ കറിവേപ്പിലയായി’ എന്നു കേട്ടിട്ടില്ലേ. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിഞ്ഞു കളയുന്ന വസ്തു എന്ന അർത്ഥത്തിലാണ് സമാനമായ സംഭവങ്ങളെ സൂചിപ്പിക്കാൻ ഈ പ്രയോഗം പ്രചാരം നേടിയത്. കറിവേപ്പിലയോടുള്ള ആളുകളുടെ മനോഭാവം അങ്ങനെയാണ്. കാര്യം കഴിഞ്ഞാൽ നിർദയം ഉപേക്ഷിക്കും. അതിനാൽ ഭക്ഷണത്തിനു രുചിയും മണവും നൽകുന്നു എന്ന പരിഗണന മാത്രമാകും പലരും കറിവേപ്പിലയ്ക്കു നൽകുന്നത്.

എന്നാൽ പല പോഷകങ്ങളുടെയും കലവറയാണ് ഈ ‘കുഞ്ഞനില’ യെന്ന് എത്ര പേർക്കറിയാം. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ എ, ബി, സി, ഇ, അമിനോ ആസിഡുകള്‍, മഗ്നീഷ്യം തുടങ്ങി പോഷക സമ്പന്നമാണ് കറിവേപ്പില. ഇവയെല്ലാം ശരീരത്തിനു പ്രധാനപ്പെട്ടവയാണു താനും.

കറിവേപ്പിലയുടെ ഗുണങ്ങൾ

1. കൊളസ്ട്രോളിനും പ്രമേഹത്തിനുമുള്ള ഉത്തമ പരിഹാരമാണ് കറിവേപ്പില. മഞ്ഞള്‍ അരച്ചു ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആരോഗ്യദായകമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.

2. കറിവേപ്പിലയിലെ കാര്‍ബസോണ്‍ ആല്‍ക്കലോയ്ഡുകള്‍ ക്യാൻസറിനെ തടയും.

3. വിളര്‍ച്ചയ്ക്ക് കറിവേപ്പില പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമായ കറിവേപ്പില രക്തത്തിലെ ഹീമോഗ്ലോബിന്‍ വർദ്ധിപ്പിക്കാൻ ഉത്തമമാണ്.

4. കറിവേപ്പിലയിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കണ്ണിന്റെ കോര്‍ണിയയ്ക്കു സംരക്ഷണം നല്‍കുന്ന കരാട്ടിനോയ്ഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

5. കറിവേപ്പിലയുടെ ഉപയോഗം ഓർമ ശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും. അല്‍ഷീമേഴ്സ് ഉൾപ്പടയുള്ള രോഗങ്ങള്‍ക്കും ഇത് പരിഹാരമാണ്.

6. കരളിന്റെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമമാണ്. ഇതിലെ കാംഫറോള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

7. കറിവേപ്പില ദഹന പ്രക്രിയ ശക്തമാക്കുന്നു. അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ഒഴിവാക്കാനും നല്ല ശോധനയ്ക്കും ഇത് നല്ലതാണ്. മോരില്‍ ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിക്കാവുന്നതാണ്. വയറിളക്കം, കൃമി ശല്യം തുടങ്ങിയവയ്ക്കും ഇതൊരു നല്ല മരുന്നാണ്.

8. കറിവേപ്പിലയിലെ വിറ്റാമിന്‍ ബി മുടിയുടെ സ്വാഭാവിക നിറം നിലനില്‍ക്കാനും പോഷകങ്ങള്‍ നല്‍കി വേര് മുതല്‍ മുടിയെ ബലപ്പെടുത്താനും സഹായിക്കും. കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ മുടി വളരാനുള്ള നല്ല മരുന്നാണ്. കറിവേപ്പിലയിലെ വിറ്റാമിന്‍ ബി 6 മുടി കൊഴിച്ചില്‍ നിയന്ത്രിക്കും.

9. ചര്‍മത്തിന്റെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമമാണ്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും ചുവപ്പുമെല്ലാം അകറ്റാന്‍ കറിവേപ്പില അരച്ചു പുരട്ടാം. മുഖക്കുരുവിനും കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് പരിഹാരമാണ്.

10. ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില നല്ലതാണ്. ഇത് കൊഴുപ്പ് ഉരുക്കി കളയാന്‍ സഹായിക്കും. 

Tags:
  • Health Tips
  • Glam Up