Wednesday 15 September 2021 02:51 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ സീതപ്പഴം കഴിക്കാം; ഡയറ്റില്‍ ഉൾപ്പെടുത്താം രണ്ടു ഹെൽത്തി റെസിപ്പികൾ

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സീതപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. 

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളമുള്ളതിനാൽ സീതപ്പഴം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ സീതപ്പഴം മലബന്ധം അകറ്റി ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. 

രണ്ടു ഹെൽത്തി റെസിപ്പികൾ

1. കസ്റ്റാർഡ് ആപ്പിൾ ആൻഡ് നട്ട് സാലഡ് 

ചേരുവകൾ

2 ഇടത്തരം കസ്റ്റാർഡ് ആപ്പിൾ,

ഒരു പിടി ബദാം

3 - 5 വാൽനട്ട്, 

12 - 15 ഉണക്കമുന്തിരി, 

അലങ്കാരത്തിന് കുറച്ച് പുതിന ഇലകൾ

തയാറാക്കുന്ന വിധം 

കസ്റ്റാർഡ് ആപ്പിളിൽ നിന്ന് രുചിയുള്ള മാംസളമായ ഭാഗം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ബദാം, വാൽനട്ട്, ഉണക്കമുന്തിരി എന്നിവ ചേർത്ത് നന്നായി ഇളക്കുക. 30 മിനിറ്റ് തണുപ്പിക്കുക. പുതിന ഇലകൾ മുകളിൽ തൂവി അലങ്കരിക്കുക.

2. കസ്റ്റാർഡ് ആപ്പിൾ പൈ

ചേരുവകൾ

പഴുത്ത കസ്റ്റാർഡ് ആപ്പിൾ- 3 എണ്ണം 

ആപ്പിൾ, നേർത്ത കഷണങ്ങളായി മുറിച്ചത് - 1  

വാനില എസ്സൻസ് - ½ ടീസ്പൂൺ 

പാൽ - 1 കപ്പ് 

ഫ്ളാക്സ് സീഡ് എക്സ്ട്രാക്റ്റ് - 1 കപ്പ് 

ഏലയ്ക്ക പൊടി - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

കുരു കളഞ്ഞെടുത്ത കസ്റ്റാർഡ് ആപ്പിൾ, വാനില എസൻസ്, പാൽ, ഫ്ളാക്സ് സീഡ് എക്സ്ട്രാക്റ്റ്, ഏലയ്ക്ക പൊടി എന്നിവ ബേക്കിങ് പാത്രത്തിൽ മിക്സ് ചെയ്യുക. മിശ്രിതം പരത്തി അതിനു മുകളിൽ ആപ്പിൾ കഷ്ണങ്ങൾ വയ്ക്കുക. അവ്നിൽ 180 ഡിഗ്രി C വരെ ചൂടിൽ കസ്റ്റാർഡ് മിക്സ് അടങ്ങിയ വിഭവം ഉള്ളിൽ വച്ച് 20 മിനിറ്റ് വേവിക്കുക. തയാറായതും കസ്റ്റാർഡ് ആപ്പിൾ പൈ ചൂടോടെ മുറിച്ച് വിളമ്പാം.  

Tags:
  • Health Tips
  • Glam Up