Friday 12 July 2024 01:42 PM IST

ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് സുരക്ഷാകവചം ദുർബലമാക്കും; സ്ത്രീകളില്‍ കാർഡിയോ വാസ്കുലാർ രോഗങ്ങൾ, അറിയാം

Rakhy Raz

Sub Editor

tablets67

അൻപതു വയസ്സിനു ശേഷം കാർഡിയോ വാസ്കുലാർ ഡിസീസസ് (CVD) അഥവാ ഹൃദയ സംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. ഈസ്ട്രജൻ ഹോർമോൺ സ്ത്രീകൾക്കു ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും വലിയ അളവിൽ പരിരക്ഷ നൽകുന്നുണ്ട്.  

ആർത്തവം നിന്നതിനു ശേഷം ഈസ്ട്രജൻ ഹേർമോൺ കുറയുന്നത് ഈ സുരക്ഷാകവചം ദുർബലമാക്കും. ഷുഗർ, പ്രഷർ, ഡിസ്ലിപിഡെമിയ (രക്തത്തിലെ ബ്ലഡ് ലിപ്പിഡുകൾ എന്ന പദാർഥത്തിന്റെ അളവ് കൂടുന്ന അവസ്ഥ) എന്നിവയിലേക്ക് നയിക്കാം. അതു ഹൃദയ സംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനു കാരണമാകും. 

നെഞ്ചിനുള്ളിൽ ഭാരം / വേദന,  വിശ്രമിക്കുമ്പോഴും ചെറുതായി ആയാസപ്പെടുമ്പോഴും വേദന വരിക, ഇടത് വലതു കൈകളിലേക്കു വേദന പടരുക, വേദന വരുമ്പോൾ വിയർക്കുക, നടക്കുമ്പോൾ കിതപ്പ് / ക്ഷീണം എന്നിവ അനുഭവപ്പെടുക ഇവയുണ്ടെങ്കിൽ ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായി മനസ്സിലാക്കുകയും വൈദ്യപരിശോധനയിലൂടെ അതിന്റെ നിജസ്ഥിതി വിലയിരുത്തുകയും വേണം.

പരിഹാരം

സിവിഡി ബാധിച്ചാൽ ഹൃദയമിടിപ്പിനു വ്യതിയാനങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം, വാൽവുകളുടെ ചുരുക്കം, ഹൃദയത്തിനു ചുറ്റും നീർക്കെട്ട് എന്നിവ ഉണ്ടാകാം.  രോഗനിർണയത്തിന് ഇസിജി, ടിഎംടി, ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകൾ വേണ്ടി വരാം. തുടക്കത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിയുകയും  വേണ്ട ചികിത്സ ചെയ്യുകയുമാണ് വേണ്ടത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഗുളികൾ, രക്തക്കട്ട ലയിപ്പിക്കാനുള്ള കുത്തിവയ്പ്പുകൾ, ആൻജിയോഗ്രാമിൽ രക്തയോട്ടത്തിനു  തടസ്സം കണ്ടാലോ അത്യാഹിത ഘട്ടത്തിലോ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ, ബൈപാസ് ശസ്ത്രക്രിയ എന്നിവയാണു പരിഹാര മാർഗങ്ങൾ.

പ്രതിരോധം

ആർത്തവ വിരാമത്തിനു മുൻപ് തന്നെ ജീവിത ശൈലി ക്രമീകരിച്ച് ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നീ അവസ്ഥകളിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കുക. അതു തന്നെയാണ് ഏറ്റവും ശക്തമായ പ്രതിരോധ മാർഗം. ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയാണ് അതിൽ ഏറ്റവും പ്രധാനം. ഹെൽത് സ്ക്രീനിങ് ഇടയ്ക്കിടെ ചെയ്ത് ആരോഗ്യം വിലയിരുത്തണം. ബോഡി മാസ് ഇൻഡക്സ് അനുസരിച്ചുള്ള ശരീരഭാരം നിലനിർത്തുക. ചുവന്ന മാംസം പരമാവധി കുറയ്ക്കുക, അമിതമായ സ്ട്രസ്, ഉറക്കമില്ലായ്മ എന്നിവയുണ്ടെങ്കിൽ പരിഹരിക്കുക, പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക, നിത്യവും നിർബന്ധമായി അര മണിക്കൂർ വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. 

മെനോപോസിനു ശേഷം

ആർത്തവ വിരാമ ശേഷം രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ, തുള്ളികളായോ (സ്പോട്ടിങ്) അല്ലാതെയോ ആണെങ്കിലും, ഒരേയൊരു തവണയേ ഉണ്ടായിട്ടുള്ളുവെങ്കിലും പരിശോധിക്കണം. ആർത്തവ വിരാമ ശേഷം എൻഡോ മെട്രിയൽ കാൻസർ സാധ്യത 10–16% ഉണ്ട് എന്നതിനാൽ പ്രധാനമാണിത്.

 ആർത്തവ വിരാമ ശേഷം  രക്തസ്രാവം ഉണ്ടായാ ൽ പാപ്സ്മിയർ, ട്രാൻസ് വജൈനൽ അൾട്രാ സൗണ്ട്  പോലുള്ള ടെസ്റ്റുകളിലൂടെ ഗർഭാശയ മുഖം, ഗർഭാശയം എന്നിവിടങ്ങളിൽ കാൻസറിലേക്കു നയിക്കുന്ന പ്രശ്നങ്ങളില്ല എന്നുറപ്പാക്കണം. കുടുംബത്തിലാർക്കെങ്കിലും കാൻസറുണ്ടെങ്കിൽ ഏറെ കരുതൽ വേണം. 

Tags:
  • Health Tips
  • Glam Up