Friday 17 February 2023 04:55 PM IST : By സ്വന്തം ലേഖകൻ

എത്ര ശ്രദ്ധിച്ചാലും ഉടുപ്പിനു മുകളിൽ വെളുത്തപൊടി പോലെ; യഥാർഥ കാരണം കണ്ടെത്തി താരനകറ്റാൻ നാടൻ വഴികൾ

dandruff3344dffggg

എത്ര ശ്രദ്ധിച്ചാലും ഉടുപ്പിനു മുകളിൽ വെളുത്ത പൊടിപോലെ വീണുകിടക്കുന്ന താരൻ അത്ര പെട്ടെന്നു പിടി തരാത്ത വില്ലനാണ്. എന്നാൽ യഥാർഥ കാരണം കണ്ടെത്തി പരിഹാരം ചെയ്താൽ താരനെ എളുപ്പത്തിൽ മെരുക്കാം.

∙ ത്വക്കിൽ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവർത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരൻ ഉണ്ടാകുന്നത്. എണ്ണമയത്തോടെയും എണ്ണമയമില്ലാതെ വരണ്ടും താരൻ വരാം.

∙ തലയിൽ ചെതുമ്പൽ പോലെ വരുന്ന ഇൻഫെക്‌ഷൻ വേരുകളിലേക്ക് ബാധിച്ചാൽ ക്രമേണ മുടിയുടെ വളർച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.

∙ പതിവായി ഹെൽമെറ്റ് ഉപയോഗിക്കുന്നവർക്ക് താരൻ വരാം. ഹെൽമെറ്റ് അമർന്നിരിക്കുമ്പോൾ തല ചൂടാകുകയും വിയർപ്പും അഴുക്കും പൊടിയും ശിരോചർമത്തിൽ അടിയുകയും ചെയ്യും. ഇത് താരനുണ്ടാക്കും. അഴുക്ക് അടിഞ്ഞ് അണുബാധ യുണ്ടായാൽ ഫംഗസ് മൂലം മുടി കൊഴിയാം. സ്ഥിരമായി ഹെൽമെറ്റ് വയ്ക്കുന്നവർ എന്നും മുടി കഴുകി വൃത്തിയാക്കണം. മെൽഡ് ഷാംപു ഉപയോഗിക്കുന്നതാണ് നല്ലത്.

∙ ഹെയർ ജെല്ലുപയോഗവും താരന് കാരണമാകാം. രാസവസ്തുക്കൾ ചേർന്ന ജെല്ലുകൾ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കി മുടി വരണ്ട് പൊട്ടിപ്പോകാനും കൊഴിയാനും ഇടയാക്കും. മുടി വേരുകളിലേക്ക് വലിച്ചെടുക്കാത്ത തരത്തിൽ ശിരോചർമത്തിൽ പുരളാതെ വേണം ജെൽ തേക്കാൻ. ശിരോചർമത്തിലെ സൂക്ഷ്മ സുഷിരങ്ങളില്‍ അടഞ്ഞിരുന്നാൽ അണുബാധയുണ്ടായി താരനുണ്ടാകുകയും മുടി കൊഴിയുകയും ചെയ്യും. ആവശ്യം കഴിഞ്ഞയുടനേ ജെൽ കഴുകികളയണം.

∙ താരൻ കാരണം തലയിൽ ശൽക്കങ്ങൾ പോലെ ഉണ്ടെങ്കിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യാം. പിന്നീട് മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകികളയണം.

∙ വെള്ളത്തിൽ ചേർത്തു വേണം മുടിയിൽ ഷാംപൂ പുരട്ടാൻ. ഷാംപൂ ചെയ്ത മുടിയിൽ നിന്ന് വെള്ളം ഒപ്പിയെടുത്ത ശേഷം മുടിയിൽ മാത്രം കണ്ടീഷനർ പുരട്ടി കഴുകാം. ഷാംപൂ ചെയ്യുമ്പോൾ മുടിയിൽ നിന്ന് നഷ്ടപ്പെടുന്ന സ്വാഭാവിക ഈർപ്പം തിരിച്ചു നൽകാനാണ് കണ്ടീഷനർ പുരട്ടുന്നത്.

താരനകറ്റാൻ നാടൻ വഴികൾ

ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതിനേക്കാൾ മിക്കവർക്കുമിഷ്ടം താരനകറ്റാൻ നാടൻ വഴികൾ പരീക്ഷിക്കാനാണ്. ചെറുപയർ പൊടിയും ചെമ്പരത്തി താളിയുമൊക്കെ ഈ വിഭാഗത്തിൽ പെടും.

∙ ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാൻ നല്ലതാണ്.

∙ കറ്റാർവാഴയുടെ ജെൽ ഉടച്ചെടുത്തോ മിക്സിയിൽ അടിച്ചെടുത്തോ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകാം.

∙ ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ കൂടി ചേർത്ത് അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയാം.

∙ കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേച്ച് കുളിക്കാം.

∙ രണ്ടു ചെറിയ സ്പൂൺ ഉലുവ കുതിർത്തരച്ചതോ ഉലുവാപ്പൊടി തൈരോ കഞ്ഞിവെള്ളമോ ചേർത്ത് പേസ്റ്റാക്കിയതോ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കഴുകാം.

∙ ഒരു പിടി ആര്യവേപ്പില അരച്ചു പേസ്റ്റാക്കി തലയോട്ടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. ഇതല്ലെങ്കിൽ ആ ര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളമുപയോഗിച്ച് മുടിയും ത ലയോട്ടിയും കഴുകാം.

∙ സവാളയോ ചുവന്നുള്ളിയോ ഒട്ടും വെള്ളം ചേർക്കാതെ അരച്ച് പിഴിഞ്ഞെടുത്ത നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകാം.

∙ മുട്ടയുടെ മഞ്ഞ തലയിൽ തേച്ച് അര മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

∙ പാളയംകോടൻ പഴം ഉടച്ച് തലയിൽ തേച്ച ശേഷം കഴുകി ക്കളയാം.

∙ ആഴ്ചയിലൊരിക്കൽ തലയിൽ തേങ്ങാപ്പാൽ പുരട്ടാം. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യാം.