Thursday 16 September 2021 12:47 PM IST : By ശ്യാമ

‘നന്നായി പഠിച്ചിരുന്ന കുട്ടിയാണിവള്‍, ഇപ്പോള്‍ ഒന്നിനോടും താൽപര്യമില്ല’; നിസ്സാരമല്ല ഡിപ്രഷന്‍, ശരിയായ പരിചരണവും ചികിത്സയും ഉറപ്പാക്കണം

deeghbnbbhg77654

ക്ലാസിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടിയാണിവള്‍. ഇപ്പോള്‍ ഒന്നിനോടും ഒരു താൽപര്യവുമില്ല. കൂട്ടുകാരോടു പോലും വലിയ മിണ്ടാട്ടമില്ല. വീട്ടില്‍ വന്നാല്‍ മുറിയില്‍ കതകടച്ച് ഒറ്റയിരുപ്പാണ്. ഈ പോക്കു പോയാല്‍ ഇവള്‍ ഇത്തവണ പ്ലസ് ടുവിനു തോല്‍ക്കും... പിന്നെ, ഞാനെങ്ങനെ വീട്ടുകാരുടേം ഓഫീസിലുള്ളവരുടേം മുഖത്തുനോക്കും...’’ കൗൺസലറുടെ മുന്നിലിരുന്ന് ആ അമ്മ വിങ്ങിപ്പൊട്ടി. കൗൺസലര്‍ അമ്മയോടും മകളോടും മാറിമാറി സംസാരിച്ചു. പരിശോധനകളുടെ ഒടുവില്‍ അവര്‍ പറഞ്ഞു. ‘‘കുട്ടിയില്‍ ഡിപ്രഷന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. എന്തായാലും നേരത്തെ കൊണ്ടു വന്നതു നന്നായി, തുടക്കമായതു കൊണ്ട് പെട്ടെന്നു തന്നെ നമുക്കു മോളെ പഴയ പോലെ മിടുക്കിയാക്കാം.’’

മറ്റുള്ളവര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന അമിതമായ പ്രതീക്ഷയും അതു പൂർത്തീകരിക്കാൻ സാധിക്കുമോ എന്നുള്ള ഭയവും, തന്നെയാർക്കും വേണ്ട എന്ന തോന്നലും ഒറ്റപ്പെടലുമൊക്കെയായിരുന്നു ആ പ്ലസ്ടുക്കാരിക്ക് ഡിപ്രഷൻ വരാനുള്ള കാരണം. ഇത്ര ചെറുപ്പത്തിലേ വിഷാദരോഗമോ എന്നു കരുതി മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ. തീരെ ചെറിയ കുട്ടികൾക്കു തൊട്ട് വൃദ്ധജനങ്ങളെ പോലും ബാധിക്കുകയും ശരിയായ പരിചരണവും ചികിത്സയും കിട്ടിയില്ലെങ്കിൽ മരണത്തോളം കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്ന രോഗമാണ് ഡിപ്രഷൻ അഥവ വിഷാദരോഗം.

മനസ്സിനും വേണം പരിചരണം

കൈ മുറിഞ്ഞാൽ മരുന്നു വയ്ക്കും. പനി വന്നാൽ ഡോക്ടറെ കണ്ടു മരുന്നു കഴിക്കും. എന്നാൽ മനസ്സിനു സ്ഥിരമായി വിഷമം ബാധിച്ചാലോ...? തെറ്റിധാരണകളും  അറിവില്ലായ്മകളും കൊണ്ടു പലരും ചികിത്സ തേടാൻ മടിക്കും. അടക്കിവച്ച് വലിയ പൊട്ടിത്തെറിയിലെത്തുമ്പോഴാണ് നമ്മളും ചുറ്റുമുള്ളവരും പകച്ചു പോകുന്നത്. കരുത്തൻ എന്നു കരുതുന്നവർ പോലും വിഷാദരോഗത്തിന് അടിമപ്പെടാറുണ്ട്. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാൻസ് കാഫ്ക, ഡയാന രാജകുമാരി, ദീപിക പദുകോൺ... വിഷാദത്തിനടിപ്പെട്ട പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്! ഇത് ‍ദൗർബല്യമല്ല, മറിച്ച് ചികിത്സിച്ചാൽ ഭേദമാകുന്ന രോഗാവസ്ഥയാണെന്ന് ആദ്യമേ അറിയണം. സങ്കടം ആർക്കും വരാം. അതു പെട്ടെന്നു പോവുകയും ചെയ്യും. ചെറിയൊരു വിഷമം വന്നാൽ തന്നെ ‘എനിക്ക് ഡിപ്രഷനാണ്’ എന്നു പറഞ്ഞു നടക്കാറുണ്ട് പലരും.

drebbbf555guggg

ചുവടെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

∙ രാവിലെ തൊട്ട് വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന സ്ഥായിയായ വിഷാദഭാവം.

∙ മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ താൽപര്യമില്ലായ്മ.

∙ അകാരണമായ ക്ഷീണം.

∙ ഉറക്കക്കുറവ്. (കിടന്നാൽ എളുപ്പത്തിൽ ഉറങ്ങിയാലും സാധാരണ എഴുന്നേൽക്കുന്നതിനേക്കാൾ മണിക്കൂറുകൾ നേരത്തെ ഉണരുക)

∙ വിശപ്പു കുറയുക, ഭക്ഷണത്തോടു താൽപര്യമില്ലായ്മ.

∙ ഏകാഗ്രതയില്ലായ്മ. പഠനം , ജോലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.

∙ ശാരീരികക്ഷമതയില്ലായ്മ. (കൗമാരക്കാർക്ക് ചിലപ്പോള്‍ അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ)

∙ എപ്പോഴും നിരാശ. ആരും സഹായിക്കാനില്ലെന്ന തോന്നൽ.

∙ ആത്മഹത്യാ പ്രവണത. ‌

ഇവയില്‍ അഞ്ചു ലക്ഷണങ്ങൾ എങ്കിലും തുടർച്ചയായി രണ്ടാഴ്ച നീണ്ടുനിന്നാൽ വിഷാദരോഗമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരണം, വേർപാട്, തോൽവി, അപ്രതീക്ഷിതമായ നഷ്ടങ്ങൾ... തുടങ്ങിയ കാര്യങ്ങൾ വിഷാദരോഗത്തിലേക്കു നയിക്കാമെങ്കിലും ബാഹ്യമായ സമ്മർദങ്ങൾ ഇല്ലാതെയും ഡിപ്രഷൻ പിടിപെടാം. എൻഡോജീനസ് ഡിപ്രഷൻ എന്നാണ് ഈ അവസ്ഥയുടെ പേര്. കുട്ടികൾക്കു ഡിപ്രഷൻ വരില്ലെന്ന ധാരണയും തെറ്റാണ്. അവർ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ ‘ഇപ്രായത്തിൽ ഇതൊന്നും വരേണ്ട കാര്യമില്ല, നിനക്കിവിടെ ഒരു കുറവുമില്ല’ എന്നൊക്കെ പറയുന്നതിനു പകരം ഉടനെ ഒരു കൗണ്‍സലറുടെ സഹായം തേടുകയാണു വേണ്ടത്. 

പ്രായത്തിലല്ല കാര്യം

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ എഴുതാതെ വീട്ടിലിരിക്കാൻ തീരുമാനിച്ചപ്പോഴാണ് അച്ഛനും അമ്മയും വിവേകിനെയും കൂട്ടി കൗൺസലറെ കാണാൻ‍ തീരുമാനിച്ചത്. വളരെ ശാന്തനായിരുന്ന കുട്ടിയുടെ ഭാവമാറ്റം കണ്ട് അച്ഛനമ്മമാർ പേടിക്കാൻ തുടങ്ങിയിരുന്നു. അച്ഛനുമമ്മയും അടുത്തു നിന്നു മാറിയ ശേഷമാണ് വിവേക് ക്ലാസിലെ റാഗിങ് കഥകൾ കൗൺസലറോടു തുറന്നു പറഞ്ഞത്. കൂട്ടുകാരിൽ നിന്നു കിട്ടിയ അപ്രതീക്ഷിതമായ അടിയാണ് വിവേകിനെ തകർത്തത്. കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാൻ സാധിച്ചതുകൊണ്ട് വിഷാദം പിടിമുറുക്കും മുമ്പേ പുറത്തു കടക്കാനായി.

മുതിർന്നവരിലെ വിഷാദരോഗ ലക്ഷണങ്ങൾ തന്നെയാണ് കുട്ടികളും കാണിക്കുക. സങ്കടപ്പെട്ടിരിക്കുന്നതിനു പകരം പലതരം അസ്വസ്ഥതകളായിട്ടാണ് ലക്ഷണങ്ങൾ പുറത്തേക്കു വരിക. വിപരീത സാഹചര്യങ്ങൾ ഒട്ടും നേരിടാൻ കഴിയാതെ വരിക, പല പ്രശ്നങ്ങൾ പുതുതായി ഉണ്ടാക്കുക എന്നിവയും കാണാം. വളരെ ചെറിയ പ്രായത്തിൽ അമിത പ്രതീക്ഷ തനിക്കു മുകളിലുണ്ടെന്ന തോന്നൽ, അപ്പൂപ്പൻ, അമ്മൂമ്മ, മറ്റ് ബന്ധുക്കൾ, അയൽക്കാർ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു വളരേണ്ടി വരിക, ഫോൺ / വിഡിയോ ഗെയിം, സോഷ്യൽ മീഡിയ എന്നിവയുടെ അമിത സ്വാധീനം  ഇവയൊക്കെ കുഞ്ഞു മനസ്സ് അസ്വസ്ഥമാക്കും. കുട്ടികളെ വിഷാദരോഗത്തിൽ നിന്നും മുക്തരാക്കാൻ മാതാപിതാക്കൾ മുൻകൈയെടുക്കണം.

∙ ഡോക്ടറുടെ സഹായത്തോടെ ഡിപ്രഷനെക്കുറിച്ച് മനസ്സിലാക്കി അതു കുട്ടിയോട് ലഘുവായി പറഞ്ഞു മനസ്സിലാക്കുക. ഉപദേശങ്ങളിലൂടെയും  ചികിത്സയിലൂടെയും മാറുന്ന അവസ്ഥയാണിതെന്നും, വീണ്ടും സന്തോഷത്തോടെയിരിക്കാൻ കഴിയുമെന്നും ഉറപ്പു കൊടുക്കുക.

∙ അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്നും  എന്തും അവരോട് തുറന്നു പറയാമെന്നുമുള്ള വിശ്വാസം തോന്നും വിധം  മക്കളോടു പെരുമാറണം.

∙ കുട്ടികൾ കുറ്റം ഏറ്റു പറഞ്ഞാൽ, അല്ലെങ്കിൽ അവർ കടന്നുപോയ ദുരന്താനുഭവങ്ങൾ വിശദീകരിക്കുമ്പോഴൊക്കെ അവരെ കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്യരുത്. പറയാനുള്ളത് മുഴുവൻ കേട്ടിട്ട് സാവധാനം സമചിത്തതയോടെ പെരുമാറുക.

∙ കുട്ടി ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

∙ എല്ലാ ദിവസവും കളികളും വ്യായാമങ്ങളും ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം.

∙ ചികിത്സയുടെ ഓരോ ഘട്ടവും നിരീക്ഷിക്കണം. തിരക്കുകൾ മാറ്റിവച്ച് കുട്ടിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.

depresssffff5553

മരുന്നു വേണ്ട, സ്നേഹം  മതി

പലതരം വേദനകള്‍, മാറാത്ത ക്ഷീണം, ഒറ്റയ്ക്കിരിക്കണമെന്ന തോന്നല്‍ ഇതോക്കെ വീണ്ടും വീണ്ടും കണ്ടു തുടങ്ങുമ്പോൾ വിഷാദരോഗത്തിന്റെ തുടക്കമാണിതെന്നു പലരും തിരിച്ചറിയില്ല. സ്വന്തം വീട്ടിലെ കാര്യങ്ങൾ, ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ, കുട്ടികൾ, ജോലി...  തുടങ്ങി നിർത്താതെയുള്ള ഓട്ടത്തിനിടയിൽ  മാനസികനിലയിൽ ഉലച്ചിൽ വരുന്നത് അറിയാതെ പോയേക്കാം.

തനിക്കുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഏറ്റവും പ്രിയപ്പെട്ടവരോടു തുറന്നു സംസാരിക്കുകയാണ് ആദ്യപടി. അപ്പോള്‍ തന്നെ പാതി ആശ്വാസമാകും. പങ്കാളിയോടോ അടുത്ത കൂട്ടുകാരിയോടോ വീട്ടിലേറ്റവും  അടുപ്പമുള്ള ആളോേടാ ഒക്കെ മനസ്സു തുറക്കാം. ഒരു കൗണ്‍സലര്‍ നിർദേശിക്കുന്ന റിലാക്സിങ് ടെക്നിക്കുകൾ  കൂടി ശീലിച്ചു തുടങ്ങിയാൽ െചറിയ രീതിയിലുള്ള ഡിപ്രഷന്‍ മരുന്നുകള്‍ ഒന്നും ഇല്ലാതെ തന്നെ സുഖപ്പെടുത്താം. സ്വയം ചെയ്യാവുന്ന മറ്റു ചില ടെക്നിക്കുകളും ഉണ്ട്.

∙ സ്ഥിരമായി ശാരീരിക വ്യായാമം ചെയ്യുക. തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടി ഊർജസ്വലരായിരിക്കാൻ ഇതു സ ഹായിക്കും.

∙ സാമൂഹിക ബന്ധങ്ങളെ പുഷ്ടിപ്പെടുത്തുക. ഒപ്പം പഠിച്ചവരുടെ ഗ്രൂപ്പ്, അയൽക്കാരുടെ ഗ്രൂപ്പ്, അടുത്ത ബന്ധുക്കളുടെ ഗ്രൂപ്പ്, ട്യൂഷൻ ക്ലാസിലുണ്ടായിരുന്ന കൂട്ടുകാർ, കളിക്കൂട്ടുകാർ... അങ്ങനെ പല ഗ്രൂപ്പുകൾ ഉണ്ടാക്കാം. എന്തെങ്കിലും പ്രശ്നം വന്നാൽ ഒരു കൂട്ടർ അല്ലെങ്കിൽ മറ്റൊരു കൂട്ടർ കേൾക്കാനും ഒപ്പം നിൽക്കാനും ഉണ്ടാകും. ഇതുെകാണ്ടൊന്നും വിഷാദത്തിനു കുറവില്ലെങ്കില്‍ മാത്രം കൗണ്‍സലറുെട ഉപദേശാനുസരണം മനശാസ്ത്രവിദഗ്ദധനെ കണ്ടു മരുന്നു ചികിത്സ ആരംഭിക്കാം.

ഇങ്ങനെയൊന്നും ചിന്തിക്കരുതേ

∙ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഈ സങ്കടോം വിഷമോം ഒക്കെയങ്ങു മാറിക്കോളും, ഇതിനൊക്കെ ഡോക്ടറെ കണ്ടു എന്നു നാലാളറിഞ്ഞാൽ മാനക്കേടാ..

∙ വിഷാദ രോഗത്തിനു വേറെ മരുന്നൊന്നുമില്ല, കുറേ ഉറക്കഗുളിക തരും. അത്ര തന്നെ.

∙ ഡിപ്രഷനു മരുന്നു കഴിക്കാൻ തുടങ്ങിയാൽ പിന്നെ കഴിച്ചുകൊണ്ടേയിരിക്കേണ്ടി വരും, ഓർത്തോ.

∙ വിഷാദ രോഗത്തിന്റെ മരുന്നു കഴിച്ചാൽ കുട്ടികളുണ്ടാകില്ല.

ഡിപ്രഷനെക്കുറിച്ച് ഇത്തരം പല തെറ്റിധാരണകളും നിലനിൽക്കുന്നുണ്ട്.  മരുന്നു കഴിച്ചാൽ ചിലരില്‍ ചിലപ്പോള്‍ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നതു ശരി തന്നെ. എന്നാലും ആധുനിക മരുന്നുകൾക്ക് പാർശ്വഫലങ്ങൾ തീരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മരുന്നു കഴിക്കാതിരുന്നാലാണ് കാര്യങ്ങൾ കൂടുതൽ വഷളാകുക. ആന്‍റിബയോട്ടിക് കഴിച്ചാല്‍ രണ്ടു ദിവസം െകാണ്ട് അസുഖം കുറയും. എന്നാല്‍ ഡിപ്രഷന്‍ അകറ്റുന്ന ആന്റിഡിപ്രസന്റുകൾ എളുപ്പത്തിൽ ഫലം തരണമെന്നില്ല. രണ്ട് – മൂന്ന് ആഴ്ചകൊണ്ടാകും മാറ്റങ്ങൾ കണ്ടു തുടങ്ങുക. വിഷാദരോഗത്തിനുള്ള മരുന്ന് സാധാരണ ഒന്‍പതു മാസത്തോളം തുടരാൻ ഡോക്ടർമാർ പറയാറുണ്ട്. രോഗം വേരോടെ പിഴുതു കളയാൻ വേണ്ടിയാണിത്. രോഗം വീണ്ടും വന്നാൽ രണ്ടു വർഷം വരെ മരുന്നു കഴിക്കേണ്ടി വരും. പലപ്പോഴും തെറ്റായ സമീപനവും അറിവില്ലായ്മയുമാണ് രോഗം വഷളാക്കാൻ കാരണം.

∙ മരുന്നുകൾ തോന്നുമ്പോൾ കഴിക്കുന്ന ശീലം മാറ്റി കൃത്യമായി കഴിക്കണം. കൃത്യമായ ഇടവേളകളിൽ കഴിച്ചില്ലെങ്കിൽ മരുന്നിന്റെ ഗുണം കിട്ടില്ല.

∙ ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നിന്റെ അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്.

∙ ഇടവേളയ്ക്കു ശേഷം വീണ്ടും കാണണം, വിവരങ്ങൾ വന്നു പറയണം എന്നൊക്കെ ഡോക്ടര്‍ നിർദേശിച്ചിട്ടുണ്ടെങ്കില്‍ രോഗം കുറഞ്ഞാലും മടിയില്ലാതെ ഡോക്ടറെ കാണുക തന്നെ വേണം.

∙ മരുന്നു കഴിച്ച് രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞിട്ടും രോഗാവസ്ഥയില്‍ മാറ്റമില്ലെങ്കിലും ഡോക്ടറെ കാണണം. എന്താണ് മാനസികാവസ്ഥയെന്നും മരുന്നിന് എന്തെങ്കിലും പാർശ്വഫലം ഉണ്ടെങ്കിലും ഡോക്ടറോടു തുറന്നു പറയാം. മരുന്നിന്റെ അളവു കൂട്ടണമെങ്കിലും മറ്റേതെങ്കിലും മരുന്നു നിർദേശിക്കണമെങ്കിലും നിങ്ങളുടെ അഭിപ്രായം കൂടിയേ തീരൂ.

∙ സമയത്തിന് മരുന്നു കഴിക്കാൻ സ്വയം ശ്രമിക്കുക. അലാം വയ്ക്കാം. ഒപ്പമുള്ളവർക്കും ഓർമിപ്പിക്കാം.

∙ വിഷാദ രോഗത്തിനു മരുന്നു കഴിക്കുന്നവർ രോഗം കുറയുമ്പോൾ മരുന്നു നിർത്തുന്ന പ്രവണത കൂടുതലാണ്. എന്നിട്ട് വീണ്ടും രോഗം വരുമ്പോൾ പണ്ടു കഴിച്ച മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ തുടരുകയും ചെയ്യും. മുമ്പുള്ള മരുന്നുകൾ  ഇടവേളയ്ക്കു ശേഷം കഴിച്ചാൽ ചിലപ്പോൾ ഫലിച്ചില്ലെന്നു വരാം, സ്വന്തം ഇഷ്ടപ്രകാരം ഡോസ് കൂട്ടിയാൽ  ഇത് വലിയ അപകടത്തിനു വഴി വയ്ക്കും. അതുകൊണ്ട് ഡോക്ടർ പറയുന്നത്ര അളവിൽ മുറതെറ്റാതെ പറയുന്നത്ര കാലം മരുന്നു കഴിക്കുക.

∙ മരുന്നു കൃത്യമായി കഴിച്ചിട്ടും ഒരു പുരോഗതിയും കാണുന്നില്ലെങ്കിൽ മറ്റൊരു ഡോക്ടറെ കാണുന്നതിൽ തെറ്റില്ല.

വിഷാദത്തിന്‍റെ പല മുഖങ്ങള്‍

വിഷാദരോഗം തന്നെ പലതരമുണ്ട്. ലഘു വിഷാദം, മേജർ ഡിപ്രസീവ് ഡിസോഡർ, ബൈപോളാർ ഡിപ്രഷൻ, ലഹരി ഉപയോഗിക്കുന്നതിനോടനുബന്ധിച്ചു വരുന്ന വിഷാദം, ക‍ൗമാരത്തിൽ വളർച്ചയുടെ ഘട്ടങ്ങൾ ഉൾക്കൊള്ളാനാകാതെ പരിഭ്രമിച്ച് വരുന്നത്, ആർത്തവവിരാമത്തോട് അനുബന്ധിച്ചും  പ്രസവശേഷവും വരുന്നത്,  വാർധക്യത്തിന്റെ  ഒറ്റപ്പെടലിൽ വരുന്ന വിഷാദം, കാൻസർ, ദീർഘകാല പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളും അവയുടെ മരുന്നുകൾ കഴിക്കുന്നതിനോടനുബന്ധിച്ചും വരുന്ന വിഷാദ രോഗം, പാരമ്പര്യമായുള്ളത് തുടങ്ങി പല മുഖങ്ങളുള്ള രോഗമാണിത്. അതിനെ നിസ്സാരമായി കണക്കാക്കരുത്.

കുട്ടികൾക്കു വരുന്ന ഡിപ്രഷനാണ് ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും പിന്നീട് ആത്മഹത്യയിൽ എത്തുന്നതും. നാലു മുതല്‍ 16 വയസ്സുവരെയുള്ളവരില്‍ പത്തു വര്‍ഷം മുൻപ് വിഷാദരോഗസാധ്യത 0.1 ശതമാനം മാത്രം ആയിരുന്നത്  ഇപ്പോൾ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കൂട്ടായിരിക്കണം എപ്പോഴും

∙ കൂടെയുള്ളയാൾ വിഷാദത്തിന്റെ പിടിയിലാണെന്നറിഞ്ഞാൽ  വീട്ടുകാരും സഹപ്രവർത്തകരും സങ്കടങ്ങൾ കേൾക്കാനും, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനും ശ്രമിക്കണം. തനിച്ചിരുത്താതെ കഴിവതും കൂട്ടം വിട്ടുപോകാതെ നോക്കുക.  

∙ വിഷാദത്തിന് അടിമപ്പെട്ടവർക്ക് അവരവരെക്കുറിച്ച് മതിപ്പു കുറയും. അവർ നേടിയ വിജയങ്ങളെക്കുറിച്ചും ചെയ്ത നല്ല കാര്യങ്ങളെപ്പറ്റിയും പറഞ്ഞ് മാനസിക പിന്തുണ കൊടുക്കാം.

∙ ഒന്നിച്ചു ചായ കുടിക്കാൻ, കൊച്ച് ട്രിപ്പ് പോകാൻ, വെറുതെ പാർക്കിൽ പോയിരുന്ന് വർത്തമാനം പറയാൻ അങ്ങനെ വിഷാദരോഗികൾക്ക് ആശ്വാസം പകരുന്ന കാര്യങ്ങൾ ചെയ്യാൻ ഒപ്പം നിൽക്കാം. സാമൂഹിക പ്രവർത്തനങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിച്ചു വിടാം.

വിവരങ്ങൾക്കു കടപ്പാട്:  ഡോ. അരുൺ ബി. നായർ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം. ഡോ. സന്ദീശ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്.

Tags:
  • Health Tips
  • Glam Up