Friday 17 September 2021 02:04 PM IST : By സ്വന്തം ലേഖകൻ

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ശരീരം ഡീടോക്സ് ചെയ്യാം; നാച്ചുറലായി വണ്ണം കുറയും, സിംപിൾ ഡയറ്റ് പ്ലാന്‍ ഇതാ...

weightkkmnv556bdetoxx

ശരീരമൊന്നു ഡീടോക്സ് ചെയ്താലോ? മെച്ചപ്പെട്ട ആരോഗ്യം, സൗഖ്യം, പ്രതിരോധശക്തി, മാരകരോഗങ്ങള്‍ ചെറുക്കൽ... ഗുണങ്ങൾ പലതാണ്. ഡീടോക്സിഫിക്കേഷൻ എന്നതിന്റെ ചുരുക്കരൂപമാണു ഡീടോക്സ്. ശരീരം മാലിന്യമുക്തമാക്കുക എന്നർഥം. ഭക്ഷണം, വെള്ളം, വായു എന്നിവയിൽ കൂടി ശരീരത്തിലെത്തുന്ന മാലിന്യക്കൂമ്പാരത്തെ പുറന്തള്ളുകയാണിതിൽ.

രക്തശുദ്ധീകരണം, വിയർക്കൽ, ശ്വാസോച്ഛ്വാസം, മലമൂത്രവിസർജനം എന്നീ മാർഗങ്ങളിലൂടെയാണല്ലോ ശരീരത്തിന്റെ മാലിന്യനിർമാർജനം. ഇത് ഊർജിതപ്പെടുത്താനായി പ്രത്യേക ധാതുക്കൾ, പോഷണങ്ങൾ, വേണ്ടത്ര അളവിൽ വെള്ളം എന്നിവ അടങ്ങിയ ഭക്ഷണക്രമം സഹായിക്കും.

വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, പോളിഫിനോളുകൾ, ഫൈബറുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഉറപ്പാക്കി ശരീരത്തിന്റെ ‘മാലിന്യനിർമാർജനത്തെ’ സഹായിക്കുന്ന ഈ ആഹാരക്രമമാണു ‘ഡീടോക്സ്’ ഡയറ്റുകൾ.

ജീവിതശൈലീ രോഗം തടയാൻ

മലയാളികളിൽ കൂടുതൽപേരും കഴിക്കുന്നത് അന്നജം അടിസ്ഥാനമാക്കിയുള്ള ഭക്ഷണമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന പോഷണങ്ങൾ ഇതുമൂലം വളരെ കുറഞ്ഞ അളവിലേ ശരീരത്തിലെത്തൂ. എന്നാൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ അളവ് വളരെ കൂടുതലും. ഈ അവസ്ഥ കണക്കിലെടുക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും മാലിന്യം പുറന്തള്ളാനും ഡീടോക്സ് ഡയറ്റ് പാലിക്കണം.

ഡീടോക്സ് ഡയറ്റ്

80 ശതമാനത്തിലധികം പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണു ഡീടോക്സ് ഡയറ്റ്. ഇവയിലുപയോഗിക്കുന്ന പാചകരീതികൾ തികച്ചും വ്യത്യസ്തമാണ്.

പലതരം ഡീടോക്സ് ഡയറ്റ് പ്ലാനുകളുണ്ട്

∙ പാചകം കഴിയുന്നത്ര കുറച്ച് പഴങ്ങൾ, പച്ചക്കറികൾ എന്നിവ പച്ചയ്ക്കു ഭക്ഷിക്കുന്ന ‘റോ ഡയറ്റ് പ്ലാൻ’

∙ കലോറിമൂല്യം വളരെക്കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയുടെ ജ്യൂസുകൾ കഴിക്കുന്ന ‘ജ്യൂസ് ഡയറ്റ് പ്ലാൻ’

∙ 20 ശതമാനം ധാന്യങ്ങൾ (ഓട്സ്, റാഗി, മില്ലറ്റ്, കോൺ), നട്സ് (കശുവണ്ടി, ബദാം, വാൽനട്ട് തുടങ്ങിയവ), പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയടങ്ങിയ ‘സാലഡ് ഡയറ്റ് പ്ലാൻ.’

ശരീരത്തിന്റെ ആരോഗ്യം, അസുഖങ്ങൾ തുടങ്ങിയവ കണക്കിലെടുത്ത് ഇവയിൽ അനുയോജ്യമായ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കാം. നാം സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, പ്രിസർവേറ്റീവുകൾ, നിറം കൊടുക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, രുചിവർധക ഘടകങ്ങൾ എന്നിവയെല്ലാം ശരീരകോശങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നുണ്ട്. ഇതു കണക്കിലെടുത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ശരീരം ഡീടോക്സ് ചെയ്യാം.

ഒരു ദിവസത്തെ സാംപിൾ ഡീടോക്സ് പ്ലാൻ

∙ രാവിലെ ആറിന് ഡീടോക്സ് ഡ്രിങ്കാകാം

ഗ്രീൻ ടീയും നാരങ്ങനീരും മിശ്രിതമാക്കി മാറ്റിയശേഷം പൊടിച്ച ഏലയ്ക്ക, തുളസിയില എന്നിവ ചേർത്തു കുടിക്കാം.

∙ എട്ടിന് ഒരു ഓട്സ് മീൽ പ്രാതലാകാം

ഓട്സ് വേവിച്ചശേഷം ഒരു ടേബിൾ സ്പൂൺ ബദാം പൊടി, 10 ഗ്രാം എള്ള്, പഴം (1), ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് ഓട്മീൽ ഉണ്ടാക്കാം

∙ ഉച്ചയ്ക്ക് ഒന്നിന് ഫുൾമീൽ സാലഡ് ആകാം.

കാരറ്റ് അരിഞ്ഞത്, വെള്ളരി, മാതളം ഇളക്കിയത് എന്നിവ അരക്കപ്പു വീതം എടുക്കുക. ഇതിലേക്ക് 10 ഗ്രാം ബദാം പൊടിച്ചത്, 25 ഗ്രാം ചെറുപയർ മുളപ്പിച്ചത്, നാരങ്ങനീര്, കുരുമുളകു പൊടി, 20 ഗ്രാം ആവികയറ്റിയ മുരിങ്ങയില എന്നിവ ചേർത്ത് ഉപയോഗിക്കുക.

∙ വൈകിട്ടു നാലിനു ജ്യൂസ്

അരക്കപ്പ് കരിക്കിൻ വെള്ളത്തിലേക്കു രണ്ടു ടേബിൾസ്പൂൺ വീതം ബീറ്റ് റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസ്, 10 മില്ലീ ലീറ്റർ ഇ‍ഞ്ചിനീര്, 15 മില്ലീലീറ്റർ നാരങ്ങാനീര്, ശർക്കരപ്പാനി, തേൻ എന്നീ ചേരുവകൾ ചേർത്തിളക്കി കുടിക്കുക

∙ വൈകിട്ട് ഏഴിനു സാലഡ് ഡയറ്റ്

കാൽ കപ്പ് പാലക്ക് ഇല, അരക്കപ്പ് ഇളക്കിയെടുത്ത മാതളം, 25 ഗ്രാം കറുത്ത കടല മുളപ്പിച്ചു പുഴുങ്ങിയത്, 10 ഗ്രാം എള്ള്, കാൽക്കപ്പ് പപ്പായ, നാരങ്ങാനീര്, കുരുമുളകു പൊടി എന്നിവ ചേർത്തു സാലഡ് ഉണ്ടാക്കാം.

വിവരങ്ങൾ: ഡോ. ലളിത അപ്പുക്കുട്ടൻ, നിംസ് നാച്ചുറോപതി ആൻഡ് ഡയറ്റ് നാച്ചുറൽസ്, നെയ്യാറ്റിൻകര

Tags:
  • Health Tips
  • Glam Up