Thursday 24 June 2021 12:25 PM IST : By സ്വന്തം ലേഖകൻ

‘അണുബാധയ്ക്കെതിരെയുള്ള ചികിത്സക്കായി നൽകുന്ന മരുന്നുകളും ബ്ലഡ് ഷുഗർ വർധിപ്പിച്ചേക്കാം’; പ്രമേഹവും കോവിഡും, ഇക്കാര്യങ്ങളിൽ വേണം പ്രത്യേക ശ്രദ്ധ

covid-and-blood-sugar

കോവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. കോവിഡും ബ്ലഡ് ഷുഗർ നിലയും (രക്തത്തിലെ പഞ്ചസാരയുടെ അളവ്) തമ്മിലുള്ള ബന്ധവും ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് ന്യൂഡൽഹി എയിംസിലെ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വിഭാഗം തലവൻ ഡോ. നിഖിൽ ടണ്ഠൻ സംസാരിക്കുന്നു.

എന്തുകൊണ്ടാണ് വൈറസ്മൂലമുള്ള അണുബാധകൾ ബ്ലഡ് ഷുഗർ കൂട്ടാനിടയാക്കുന്നത്? 

വിവിധ അണുബാധകളും ശരീരോഷ്മാവ് വർധിപ്പിക്കുന്ന പനി പോലുള്ള അസുഖങ്ങളും ബ്ലഡ് ഷുഗർ കൂട്ടാൻ കാരണങ്ങളാണ്. ഇത് അണുബാധയ്ക്കെതിരെ ശരീരം നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ചിലപ്പോൾ, അണുബാധയ്ക്കെതിരെയുള്ള ചികിത്സക്കായി നൽകുന്ന മരുന്നുകളും ബ്ലഡ് ഷുഗർ വർധിപ്പിച്ചേക്കാം. 

കോവിഡ് - 19 ന്റെ കാര്യത്തിൽ, തീവ്രമോ (മോഡറേറ്റ്) ഗുരുതരമോ (സിവിയർ) ആയ രോഗബാധയുള്ളവർക്ക്, സ്റ്റിറോയിഡുകൾ നൽകേണ്ടി വന്നേക്കാം. ഇതും ബ്ലഡ് ഷുഗർ കൂടുന്നതിലേക്ക് നയിക്കാം. 

പ്രമേഹബാധിതരായ കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ പ്രയാസമാണോ?

ഒട്ടുമിക്ക സാഹചര്യങ്ങളിലും, നിയന്ത്രണവിധേയമായ പ്രമേഹമുള്ള കോവിഡ് രോഗികൾ പ്രമേഹമില്ലാത്തവരെപോലെ തന്നെയാണ് മരുന്നുകളോട് പ്രതികരിക്കുന്നത്. കാലപഴക്കമുള്ളതോ നിയന്ത്രണവിധേയമല്ലാത്തതോ ആയ പ്രമേഹം ഉള്ളവരിലും പ്രമേഹ സംബന്ധമായ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവരിലും കോവിഡ് ഗുരുതരമായേക്കാം. ഇവർക്കുള്ള ചികിത്സക്കായി ഓക്സിജൻ, വെന്റിലേഷൻ എന്നീ തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായവും ആവശ്യമായി വന്നേക്കാം. 

ഇത്തരം രോഗികളിൽ  കോവിഡിനുള്ള ചികിത്സ പ്രമേഹ ചികിത്സയെ ദുഷ്ക്കരമാക്കും. കോവിഡ് ചികിത്സയിലെ സുപ്രധാന ഭാഗമായ സ്റ്റിറോയിഡുകൾ ബ്ലഡ് ഷുഗറിനെ ബാധിക്കുന്നു. ഇതു കൂടാതെ, മറ്റു പല ഘടകങ്ങളും  ഇവരിലെ പ്രമേഹം വർധിപ്പിക്കുന്നതിന് കാരണമാകാം. ഭക്ഷണ ക്രമത്തിൽ വരുന്ന മാറ്റം, രോഗത്തെക്കുറിച്ചുള്ള ആശങ്ക, മാനസിക പിരിമുറുക്കം, ദിനചര്യയിലുൾപ്പെട്ട ഭക്ഷണക്രമവും വ്യായാവും തെറ്റുന്നത് എന്നിവ പ്രമേഹം കൂടുന്നതിലേക്ക് നയിക്കും. 

കോവിഡ് 19 പ്രമേഹത്തിന് കാരണമാകുമോ?

പ്രമേഹം പലരിലും ലക്ഷണങ്ങൾ കാണിക്കാറില്ല. അതുകൊണ്ടുതന്നെ, വലിയൊരു വിഭാഗം ആളുകൾ  കോവിഡ് 19 വരുന്നത് വരെ പ്രമേഹമുള്ള കാര്യം അറിയാതിരിക്കാം. വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ രാജ്യങ്ങളിൽ  പ്രമേഹം പോലെയുള്ള രോഗങ്ങൾ അൻപത് ശതമാനം പേരിലും തിരിച്ചറിയാതെ പോകുന്നതായി  പഠനങ്ങളുണ്ട്. പ്രമേഹബാധിതരിൽ പലർക്കും സാമ്പത്തിക ചിലവുമൂലം ചികിത്സ തുടരാൻ പറ്റാതെ വരികയോ രോഗം നിയന്ത്രണ വിധേയമായി കൊണ്ടുപോകാൻ കഴിയാതെ വരികയോ ചെയ്യാറുണ്ട്. എട്ട് പ്രമേഹ ബാധിതരിൽ ഒരാൾ മാത്രമാണ് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിർത്തുന്നതെന്നാണ് കണക്കുകൾ.

കോവിഡ് - 19 തന്നെ പ്രമേഹത്തിന് കാരണമാകുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. സൈദ്ധാന്തികമായി,  കോവിഡ് 19 പ്രമേഹത്തിന് കാരണമാകാം. പാൻക്രിയാസിലുള്ള റിസപ്റ്റേഴ്സ് കോവിഡ് വൈറസിന് പാൻക്രിയാസിലെ ബീറ്റാ കോശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കാൻ ഇടയുണ്ട്.  എന്നാൽ,  ഇതിനെ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങൾ നമുക്ക് ഇനിയും കിട്ടേണ്ടതുണ്ട്. 

ഒരാളിൽ കോവിഡ് 19 പ്രമേഹത്തിന് കാരണമായിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാനാവും ? 

കോവിഡ് ബാധിച്ചവരിൽ,  ഹീമോഗ്ലോബിന്‍ അളവ് പരിശോധന നടത്തിയാൽ കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ  അളവ് ലഭിക്കും. ഈ നിരക്ക് കൂടിയ അളവിലാണെങ്കിൽ രോഗിക്ക് കോവിഡ് - 19 ബാധിക്കുന്നതിന്  മുന്നേ തന്നെ പ്രമേഹം ഉണ്ടെന്നാണ് അർത്ഥം. ഹീമോഗ്ലോബിന്‍ അളവ് നോർമ്മൽ ആണെങ്കിൽ, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ പരിശോധിക്കണം. കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നെങ്കിൽ, അത് നിർത്തിയതിന് ശേഷമാണ് ഈ പരിശോധന നടത്തേണ്ടത്. സ്റ്റിറോയിഡിന്റെ ഉപയോഗമോ കോവിഡോ ആണ് ബ്ലഡ് ഷുഗർ വർധിപ്പിച്ചതെങ്കിൽ കോവിഡ് മാറിയ ശേഷം ഇത് സാധാരണ ഗതിയിലാകും. 

കോവിഡ് നെഗറ്റീവായി ആഴ്ചകൾക്ക് ശേഷവും സ്റ്റിറോയിഡ് ഉപയോഗം നിർത്തിയതിനു ശേഷവും ബ്ലഡ് ഷുഗർ നില ഉയർന്നു തന്നെയാണെങ്കിൽ കോവിഡാണ് പ്രമേഹത്തിന് കാരണമായത് എന്ന് പറയാം. 

ഈ വിവരങ്ങൾ ചികിത്സയ്ക്ക് എങ്ങനെ സഹായകമാകും?

ഗ്ലൂക്കോസിന്റെ അളവിലെ വർധന മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് താത്കാലികമായി ഉണ്ടായതാണോ, ദീർഘകാല ശ്രദ്ധ ആവശ്യമുള്ളതാണോ എന്ന് ഈ വിവരങ്ങൾ വഴി ഡോക്ടർക്ക് മനസ്സിലാക്കാനാവും. ആദ്യത്തെ കേസിൽ, കോവിഡ് ഭേദമാകുന്നതോടെയോ സ്റ്റിറോയിഡ് ചികിത്സ നിർത്തുന്നതോടെയോ ബ്ലഡ് ഷുഗർ സാധാരാണ നിലയിലാകും. കൊറോണ ഭേദമായി കഴിഞ്ഞ് പ്രമേഹം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചികിത്സയൊന്നും ഇത്തരം സാഹചര്യത്തിൽ ആവശ്യമില്ല.  

കോവിഡ് 19 ബാധിച്ചാൽ പ്രമേഹമുള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം?

പ്രമേഹമുള്ളവർക്ക് കൊറോണ പിടിപ്പെട്ടാൽ വൃക്ക, ഹൃദയം, കണ്ണ് എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത്തരം രോഗികൾ ബ്ലഡ് ഷുഗർ നിയന്ത്രണവിധേയമായി നിലനിർത്താൻ എല്ലാ പരിശ്രമവും നടത്തണം.  ഭക്ഷണക്രമം, വ്യായാമം,  മരുന്ന് എന്നിവയിൽ അതീവ ശ്രദ്ധ വേണം.

ഗുരുതരമായ കോവിഡ് പിടിപെടാൻ സാധ്യത കൂടുതലായ ‘ഹൈ റിസ്ക്ക് ഗ്രൂപ്പിൽ' ഉൾപ്പെടുന്നതിനാൽ ഇവർ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. രോഗം ഗുരുതരമാകുന്നതിനുള്ള സാധ്യതയും മരണനിരക്കും വാക്സീൻ ഫലപ്രദമായി കുറയ്ക്കുന്നു. 

പ്രമേഹബാധിതർക്ക് കൊറോണ പിടിപെട്ടാൽ ഉടൻ ഡോക്ടറെ കാണുക. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഡോക്ടറെ കഴിയുന്നത്ര വേഗത്തിൽ  അറിയിക്കുന്നത് ചികിത്സയ്ക്ക്  സഹായകമാകും.

Tags:
  • Health Tips
  • Glam Up