Tuesday 15 December 2020 03:15 PM IST : By സ്വന്തം ലേഖകൻ

‘രക്തം കുത്തിനോക്കാതെ പഞ്ചസാരയുടെ അളവ് രണ്ട് ആഴ്ചയോളം സ്വയം പരിശോധിക്കാനാകും’; പ്രമേഹമുള്ളവർ കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

_BAP8041

പ്രമേഹമുള്ളവർ കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ...

പ്രമേഹ രോഗികളിൽ ശ്വാസകോശ രോഗങ്ങൾ അപകടകരമായി മാറാം എന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള അറിവാണ്. എന്നാൽ മഹാമാരിയായ കോവിഡ്-19 പ്രമേഹ രോഗികളെ പുതിയ പല പാഠങ്ങളും പഠിപ്പിക്കുകയുണ്ടായി.

കോവിഡ് മരണങ്ങളിൽ ഭൂരിപക്ഷവും പ്രമേഹം മൂർച്ഛിച്ചാണ് എന്നത് വളരെ ഗൗരവം അർഹിക്കുന്ന കാര്യമാണ്. അ തുകൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

കോവിഡും പ്രമേഹവും

കോവിഡ് വന്നു കഴിഞ്ഞാൽ പ്രമേഹം ഇല്ലാത്തവർക്ക് പോലും രക്തത്തിലെ പഞ്ചസാര വർധിക്കാം. പ്രമേഹം ഉള്ളവർക്കാണെങ്കിൽ ചിലപ്പോൾ രക്തത്തിലെ പഞ്ചസാര യുടെ അളവ് പതിന്മടങ്ങ് വർധിച്ചെന്നിരിക്കും. ഈ വസ്തുത കോവിഡ് കാലത്ത് ഏറെ ഗൗരവമുള്ളതാണ്.   

കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിൽ ചികിത്സ സ്വീകരിക്കുന്ന പ്രമേഹ രോഗികളാണെങ്കിൽ കൂടിയും 80 മുതൽ 90  രോഗികളിലും പ്രമേഹം അനിയന്ത്രിതമായി കൂടുന്നുണ്ട്്. അതുകൊണ്ടു തന്നെ അസുഖ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കി ൽ കൂടിയും മൂന്ന് മാസത്തിലൊരിക്കൽ പരിശോധനകൾ നട ത്തി ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കണം.

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ, ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുന്നതിനു വേണ്ടി നിരവധി പ്രാവശ്യം രക്ത പരിശോധന സ്വയം നടത്തി ടെലിമെഡിസിനിലൂടെ നിർദേശങ്ങൾ സ്വീകരിച്ച് ഇൻസുലിന്റെയും ഗുളികകളുടെയും ഡോസ് ക്രമീകരിക്കണം.

ഇങ്ങനെ ചെയ്യാതിരുന്നാൽ രോഗം മൂർച്ഛിക്കാനും കൂടുതൽ കാലം രോഗാവസ്ഥയിൽ കഴിയേണ്ടതായും വന്നേക്കാം. രോഗം ഭേദമാകുമ്പോൾ പഴയ ഡോസിലേക്ക് മടങ്ങി എത്താം.

പ്രായമുള്ളവർ, നിരവധി അനുബന്ധ രോഗങ്ങളുള്ളവർ, ആഴ്ചയിലൊരിക്കലോ പത്തു ദിവസത്തിലൊരിക്കലോ, ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കണം.  

പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അണുബാധയുടെതായിരിക്കാം. ഭക്ഷണം കഴിക്കുന്നത് കുറവാണെങ്കിൽ കൂടിയും അസുഖമുള്ളപ്പോൾ പഞ്ചസാര വർധിക്കുകയാണ് ചെയ്യുന്നത്.

ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നുകൾ ഒന്നും നിർത്തരുത്. പഞ്ചസാര വളരെ കൂടുതലാണെങ്കിൽ ഇൻസുലിൻ കുത്തിവയ്‌പ്പുകൾ പല ആവർത്തി വേണ്ടി വന്നേക്കാം.

പഞ്ചസാര പെട്ടെന്ന് കുറഞ്ഞു പോയി മരണം ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ സംഭവിക്കുമോ എന്ന ഭയം പല പ്രമേഹ രോഗികളിലും ഉണ്ട്.

എന്നാൽ  കഴിഞ്ഞ 10  വർഷത്തിനിടെ പുറത്തിറങ്ങിയ ഗുളി കകൾ, കുത്തിവയ്‌പ്പുകൾ എല്ലാം തന്നെ ഈ പ്രശ്നം കൂടി പ രിഹരിക്കാൻ പ്രാപ്തിയുള്ളവയാണ്.

ഹൈപ്പോഗ്ലൈസീമിയ അഥവാ പഞ്ചസാര കുറഞ്ഞു പോകുന്ന അനുഭവമുള്ള രോഗികൾ ഡോക്ടറോട് സുരക്ഷിതമായ ഇത്തരം ഔഷധങ്ങൾ ചോദിച്ചു വാങ്ങാം.

പ്രമേഹ ചികിത്സാ വേളയിൽ ഹൃദയാഘാതം, രക്താതിമർദം, പക്ഷാഘാതം, വൃക്കസ്തംഭനം, പാദവൃണങ്ങൾ, അന്ധത, ലൈംഗിക ശേഷിക്കുറവ് തുടങ്ങി ഒരു ഡസനോളം അനുബന്ധ രോഗങ്ങൾ രോഗികളെ മാനസികമായി ആഘാതമേൽപിക്കുക സ്വാഭാവികമാണ്.

ഇത്തരം ആശങ്കകൾ ഡോക്ടറുമായോ, നഴ്സുമായോ മനസ്സ് തുറന്നു പങ്കുവയ്ക്കുക. ഇങ്ങനെ ആശങ്കകൾ മാറ്റുന്നതും പ്രമേഹ ചികിത്സ വിജയിക്കുന്നതിനു വളരെ ആവശ്യമാണ്.

Dario(1)

വീട്ടിൽ വാങ്ങാം ഈ ഉപകരണങ്ങൾ

കോവിഡ‍് കാലത്ത് എപ്പോഴും പുറത്തുപോയി പരിശോധനകൾ നടത്തുന്നത് അപകടരമാണ്. അതുകൊണ്ടുതന്നെ പ്രമേഹ പരിശോധനയുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങൾ പരിചയപ്പെടാം.

കണക്റ്റഡ് ഗ്ലുക്കോമീറ്റർ: ബ്ലൂടൂത്തിലൂടെ മൊബൈ ൽ ഫോൺ ആപ്പിൽ കണക്റ്റ് ചെയ്യാവുന്ന ബ്രാൻഡഡ് ഗ്ലൂക്കോമീറ്ററുകൾ, കൃത്യമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നൽകുന്നതിനൊപ്പം, അപ്പപ്പോൾ തന്നെ ഫോണിൽ ഡിജിറ്റൽ ഗ്ലൂക്കോസ് ഡയറി കൂടി രൂപപ്പെടുത്തുന്നു.

യാത്ര ചെയ്യാതെ ടെലിമെഡിസിനിലൂടെ ആശുപത്രിയിലേക്ക് ഇവ ഫോണിലൂടെ അയച്ചു കൊടുക്കാനും ഡോക്ടർക്ക് റീമോർട് മോണിറ്ററിങ്ങിലൂടെ ചികിത്സാ നിർദേശങ്ങൾ നൽകാനും കഴിയും.  

ഫിറ്റ്നസ് ആപ്പുകൾ: പല ഹെൽത് ഗാഡ്ജറ്റുകളിലും വ്യായാമം, ഹാർട്ട് റേറ്റ്, ദിവസേന നടക്കുന്ന സ്റ്റെപ്സ്, ഇസിജി, ഉറക്കം തുടങ്ങി പലതും കണ്ടെത്താനാകും. നിരവധി ആപ്ലിക്കേഷനുകളും ഉണ്ട്.  ഇത് പ്രയോജനപ്പെടുത്തിയാൽ വ്യായാമം, മെഡിക്കൽ ന്യൂട്രിഷൻ തെറപി തുടങ്ങി രോഗ ചികിത്സാ വിജയത്തിനായുള്ള എല്ലാം ഇ തിലൂടെ സാധിക്കും.

ലിബ്രെ: തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിനുള്ള ഏറ്റവും പുതിയ മാർഗമാണിത്. ഈ മാസം ഭാരതത്തിലെത്തുമെന്നാണ് കരുതുന്നത്.

രക്തം കുത്തിനോക്കാതെ പഞ്ചസാരയുടെ അളവ് രണ്ട് ആഴ്ചയോളം സ്വയം പരിശോധിക്കാനാകും.

കൈയിലെ തോൾ ഭാഗത്തായി ചെറിയ ഒരു ഗ്ലൂക്കോസ് സെൻസർ ഘടിപ്പിച്ചു കഴിഞ്ഞാൽ റീഡറിലോ, ഫോണിലോ ഗ്ലുക്കോസിന്റെ അളവ് ലഭിച്ചുകൊണ്ടിരിക്കും.

കൂടാതെ, അടുത്ത അര മണിക്കൂറിൽ പഞ്ചസാര കൂടാനോ കുറയാനോ ഉള്ള സാധ്യതകൾ സൂചിപ്പിക്കുന്ന അടയാളങ്ങളും പ്രത്യക്ഷപ്പെടും. ടൈം ഇൻ റേഞ്ച് കിട്ടുകയും ചെയ്യും.

ഇൻസുലിൻ പമ്പ്: കുഞ്ഞുങ്ങളിൽ വരുന്ന ടൈപ്പ് 1 ഡയബറ്റിസിനും മുതിർന്നവരിൽ അനിയന്ത്രിതമായ ഗ്ലൂക്കോസ് വ്യതിയാനങ്ങൾ തെളിയിക്കപ്പെട്ട പ്രമേഹത്തിന്റെചികിത്സയ്ക്കും ഉപയോഗിക്കുന്നതാണ് ഇൻസുലിൻ പമ്പ്. ട്യൂബുകളൊന്നുമില്ലാതെ തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന തരം ഇൻസുലിൻ പമ്പും ഉടൻ വിപണിയിൽ എത്തും. ലളിതമായ ഉപയോഗക്രമമാണ് ഇവയുടെയെല്ലാം പൊതു പ്രത്യേകത.

പുതുവാർത്തകൾ 

ടൈം ഇൻ റേഞ്ച് (TIR): പ്രമേഹ ചികിത്സാ വേളയിൽ രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കിലും കുറവാണെങ്കിലും അത് അപകടമാണ്.

കൂടുതൽ ആണെങ്കിൽ അത് പതിയെ എല്ലാ അവയവങ്ങളെയും തകർക്കുന്നു. കുറഞ്ഞു പോയാലാകട്ടെ അതു അതീവ ഗുരുതരമായി മാറുന്നു. ഇത് കൃത്യമായി കണ്ടെത്താനാണ് മൂന്നു മാസത്തിലൊരിക്കൽ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി നിർണയിക്കുന്ന HbA1c യോടൊപ്പം പുതിയ പരിശോധനയായ TIR (Time In Range) നിലവിൽ വന്നത്.

ഇതിന്റെ നോർമൽ ഓരോ രോഗികൾക്കും വ്യത്യസ്തമാണ്. പ്രമേഹ രോഗിക്ക് ശരാശരി പഞ്ചസാര 70 നും 180 mg/dl നും ഇടയിൽ ഒരു ദിവസം 70% ലേറെ സമയം നിലനിൽക്കണം. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ TIR എത്ര കൂട്ടാൻ കഴിയുന്നുവോ അത്രയും നല്ലത്. പ്രമേഹ പാരമ്പര്യം ഉള്ളവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

ഹൃദ്രോഗം, വൃക്കരോഗം: പ്രമേഹ രോഗികൾക്ക്, ഹൃദ്രോഗം, വൃക്കരോഗം ഇവ വരാനുള്ള സാധ്യത കൂടുതലാണെങ്കിൽ ചില പ്രത്യേക ഔഷധങ്ങൾ ചികിത്സയിൽ ഉ ൾപ്പെടുത്തേണ്ടതായി വരും.

ഇത്തരം ഔഷധങ്ങൾക്ക് പാർശ്വഫലങ്ങൾ ഏറെയുള്ളതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരമുള്ള അ ളവിൽ മാത്രം ഉപയോഗിക്കുക.            

Tags:
  • Health Tips
  • Glam Up