Saturday 28 December 2019 06:31 PM IST : By സ്വന്തം ലേഖകൻ

അരക്കെട്ടിന്റെ വണ്ണം പ്രമേഹത്തിന് ഒരു കാരണം; പൊണ്ണത്തടി കുറച്ച് പ്രമേഹ സാധ്യത കുറയ്ക്കാം, ഇല്ലാതാക്കാം!

diaberrt

ഇരുപതുകൾ കഴിയുന്നതിനു മുന്നേ പ്രമേഹം  പിടിപെടുന്ന ചെറുപ്പക്കാരുടെ എണ്ണമേറുകയാണ്. കായി കാധ്വാനം  ഇല്ലാതായി, ഭക്ഷണശീലം  മാറി, ഇലക്കറികൾ, മത്സ്യം ഇവയ്ക്കു പകരം മാംസവും ഫാസ്റ്റ്ഫൂഡും പ്രിയഭക്ഷണമായി. ജീവിതശൈലിയിലെ ഇത്തരം മാറ്റമാണ് കേരളത്തെ പ്രമേഹത്തിന്റെ സ്വന്തം നാടാക്കിയത്. പ്രമേഹമുണ്ട് എന്നറിയുമ്പോൾ  മധുരം നിർത്തി  ചോറും പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും ഒഴിവാക്കുന്നതു കൊണ്ടു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയണമെന്നില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ശീലിച്ചാൽ പ്രമേഹം നിയന്ത്രണത്തിലാക്കാൻ കഴിയും.

വേണം മാതൃകാ ഭക്ഷണക്രമം

നമ്മുടെ പരമ്പരാഗതമായ ആഹാരരീതിയിൽ ചെറിയ ചില മാറ്റം വരുത്തിയാൽ മാതൃകാഹാരക്രമത്തിന് തുല്യമാക്കാം. ആഹാരം കുറയ്ക്കുക  എന്നതല്ല  ഭക്ഷണനിയന്ത്രണം  പാലിക്കണമെന്നതിനർഥം. എല്ലാ പോഷകങ്ങളും ആവശ്യാനുസരണം ലഭിക്കുന്ന ആഹാരം കഴിക്കുകയാണു വേണ്ടത്. അമിതഭാരം കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി പ്രമേഹം നിയന്ത്രിക്കാനും ശരിയായ ഭക്ഷണക്രമം സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം ഗ്ലൂക്കോസിന്റെ  അളവ് നിലനിർത്താൻ ശരീരത്തെ പ്രാപ്തമാക്കുകയും  പ്രമേഹം  കൊണ്ടുള്ള സങ്കീർണതകളും ദോഷങ്ങളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ശരിയായ ഭക്ഷണക്രമം ശീലിച്ചാൽ മരുന്നുകൾ കൂടുതൽ പ്രയോജനപ്പെടും. ഭാവിയിൽ മരുന്നിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. പ്രമേഹരോഗിയുടെ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക എന്നതാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്. രോഗിയുടെ പ്രായം, ശരീരഭാരം, ഏതുതരം പ്രമേഹം  എന്നിവയെ ആശ്രയിച്ചാണ് ആഹാരരീതി നിശ്ചയിക്കേണ്ടത്.

പ്രമേഹം തടയുക, രോഗം ബാധിച്ചാൽ നിയന്ത്രണവിധേയമാക്കുക, പ്രമേഹരോഗികളുടെ ശരീരത്തിലെ അവയവങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയുക തുടങ്ങി മൂന്നു രീതിയിൽ പ്രമേഹനിയന്ത്രണം ഭക്ഷണത്തിലൂടെ സാധ്യമാക്കാം. പ്രമേഹരോഗിക്ക് ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെ േപാഷകങ്ങൾ അത്യാവശ്യമാണ്. അന്നജവും പ്രോട്ടീനും  പച്ചക്കറികളും മിതമായ അളവിൽ പഴങ്ങളും ഭക്ഷ്യനാരുകളുമടങ്ങിയ സമീകൃതാഹാരമാണ് പ്രമേഹരോഗിക്കു വേണ്ടത്.

മധുരം മാത്രം ഒഴിവാക്കിയാൽ മതിയല്ലോ എന്ന് കരുതി പല പ്രമേഹരോഗികളും എണ്ണപ്പലഹാരങ്ങൾ അമിതമായി കഴിക്കാറുണ്ട്. 100 ഗ്രാം തേങ്ങയും ഒരു വലിയ സ്പൂൺ എണ്ണയും ദിവസേന പാചകത്തിന് ഉപയോഗിക്കുമ്പോൾ ശരീരത്തിനാവശ്യമായ ഊർജം എണ്ണയിൽ നിന്നു ലഭിക്കും. ഇതിനു പുറമെയാണ് പലഹാരങ്ങളിൽ നിന്നുള്ള എണ്ണയിൽ നിന്നും  ലഭിക്കുന്ന ഊർജം. അമിതമായ അളവിൽ എണ്ണയും തേങ്ങയും സ്ഥിരമായി ഉപയോഗിക്കുന്നത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടുതൽ അളവിൽ അന്നജം കഴിക്കുന്നതും തീർത്തും ഒഴിവാക്കുക. പ്രമേഹം ഒന്നിനും തടസ്സമല്ല. കഴിക്കുന്ന ഭക്ഷണം ആരോഗ്യകരവും ആസ്വാദ്യകരവുമാക്കാനാണ് പ്രമേഹരോഗി ശ്രദ്ധിക്കേണ്ടത്. മിതമായി പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, പയർ, പരിപ്പുവർഗങ്ങൾ, മുഴുധാന്യങ്ങൾ, നിയന്ത്രിത അളവിൽ എണ്ണ, പച്ചക്കറികൾ, കുറഞ്ഞ അളവിൽ പഴങ്ങൾ ഇവ ഉൾപ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കാനാണ് ഒാേരാ പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ടത്.

കൂടുതൽ അളവിൽ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും താമസിച്ച് ഭക്ഷണം കഴിക്കുന്നതും പച്ചക്കറികളുടെ കുറഞ്ഞ ഉപയോഗവും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടാം. പെട്ടെന്ന് ദഹിക്കുന്ന കഞ്ഞിയും ഉരുളക്കിഴങ്ങും  മറ്റും അളവിൽ കൂടുതൽ  കഴിക്കുന്നത് ഒഴിവാക്കണം.  ഒന്നോ രണ്ടോ  മണിക്കൂർ  ഇടവേളകളിൽ പച്ചക്കറികൾ കഴിക്കുന്നതു പ്രമേഹരോഗികൾക്കു നല്ലതാണ്. ചുവന്ന അരിയോ, പുഴുങ്ങലരിയോ ആണ് പച്ചക്കറിയേക്കാൾ പ്രമേഹരോഗികൾക്കു നല്ലത്. പ്രമേഹരോഗി എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കണം എന്ന നിബന്ധനയില്ല. ഭക്ഷണം മാറിമാറി കഴിക്കാം. എന്നാൽ വേണ്ട ഊർജത്തിന്റെ അളവിൽ മാറ്റം വരുത്താൻ പാടില്ല. ചെയ്യുന്ന ജോലി, പ്രായം, സ്ത്രീേയാ പുരുഷനോ എന്നതനുസരിച്ചും ഊർജത്തിൽ വ്യത്യാസം വരും.

food-dieb

പാരമ്പര്യം രോഗത്തിലേക്ക് നയിക്കാം

െെടപ്പ് 2 പ്രമേഹം പാരമ്പര്യരോഗമാണ്. അച്ഛനും അമ്മയും പ്രമേഹരോഗമുള്ളവരാണെങ്കിൽ മക്കൾക്ക് ഈ രോഗം ഉണ്ടാകാനുള്ള സാധ്യത 90–100 ശതമാനമാണ്.  മുൻകരുതലെടുക്കുന്നതിലൂടെ പ്രമേഹം തടയുകയോ നീട്ടിവയ്ക്കുകയോ ചെയ്യാനാകും. ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും ഒപ്പം ശരീരഭാരം  കൃത്യമാക്കുകയും കൂടി ചെയ്താൽ പ്രമേഹം ഒരു പരിധി വരെ നീട്ടിവയ്ക്കാം. 33നും 55 വയസ്സിനും ഇടയിലുള്ള കാലമാണ് ഒരു വ്യക്തിയുടെ ക്രിയാത്മക കാലം. ആ പ്രായത്തിൽ പ്രമേഹം തടയാൻ സാധിച്ചാൽ സങ്കീർണതകൾ കുറയ്ക്കാൻ കഴിയും. ദുർമേദസ്സുള്ളവരും വ്യായാമമില്ലാത്ത ജോലിയിൽ ഏർപ്പെടുന്നവരും ഭക്ഷണനിയന്ത്രണവും വ്യായാമവും ശീലമാക്കണം. അരക്കെട്ടിന്റെ വണ്ണം പ്രമേഹത്തിന് കാരണമാണ്. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ അമിതവണ്ണമുള്ളവരിൽ ശരിയായി പ്രവർത്തിക്കാതെ വരുന്നു. ‘ഇൻസുലിൻ റസിസ്റ്റൻസ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. പൊണ്ണത്തടി കുറയ്ക്കുന്നതിലൂടെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയും. അരക്കെട്ടിന്റെ വണ്ണം പുരുഷന്മാരിൽ 35  ഇഞ്ചും സ്ത്രീകൾക്ക് 30  ഇഞ്ചും ആണ് ഉത്തമം.

ഗർഭകാലത്തെ പ്രമേഹം

ഗർഭാവസ്ഥയിലെ പ്രമേഹപരിചരണം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പല തവണ പരിശോധിക്കുകയും അതനുസരിച്ച് ആഹാരം ക്രമപ്പെടുത്തുകയും വേണം. സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണം ഗർഭിണികൾക്ക് ആവശ്യമാണ്. ധാരാളം പച്ചക്കറികളും അധികം  മധുരം ഇല്ലാത്തതും നാരുകൾ അധികമുള്ളതുമായ പഴവർഗങ്ങളും  കഴിക്കണം. മിതമായ അളവിൽ  മാംസവും (െകാഴുപ്പില്ലാത്തവ) ആരോഗ്യകരമായ എണ്ണയും  ഉപയോഗിക്കാം. പൂരിത കൊഴുപ്പും വനസ്പതിയും ഒഴിവാക്കണം. നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളും പയർ പരിപ്പു വർഗങ്ങളും പതിവായി കഴിക്കണം.

മൂന്ന് സാധാരണ ഭക്ഷണവും രണ്ട് ഇടനേരഭക്ഷണവും കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം ഒഴിവാക്കാൻ പാടില്ല. ചെറിയ അളവിൽ ഇടവിട്ട് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കും. നേരിട്ടുള്ള  മധുരം അടങ്ങിയ പലഹാരങ്ങളും  പാനീയങ്ങളും ഒഴിവാക്കുക. പയർ മുളപ്പിച്ചത്, അവൽ, കടല പുഴുങ്ങിയത് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അന്നജവും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ദോശ, ഇഡ്ഡലി എന്നിവയ്ക്കൊപ്പം ചട്നിയെക്കാൾ നല്ലത് കൂടുതൽ പച്ചക്കറി ചേർത്ത സാമ്പാറാണ്. പുട്ടിനോടോപ്പം കടലക്കറി ഉപയോഗിക്കാം.

കശുവണ്ടി, ബദാം തുടങ്ങിയവ ചെറിയ അളവിൽ ലഘുഭക്ഷണമായി കഴിക്കാം. വറുത്ത പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക. ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണത്തോടൊപ്പം സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇടയ്ക്കിടെ കൃത്യമായി വൈദ്യപരിശോധന നടത്താൻ മറക്കരുത്. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇൻസുലിൻ ഉപയോഗിച്ചു പ്രമേഹം കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്.

ഗർഭകാല പ്രമേഹം; സൂചന

ഗർഭാവസ്ഥയിലെ പ്രമേഹം ഭാവിയിൽ പ്രമേഹമുണ്ടാകാനുള്ള സാധ്യതയുടെ ശക്തമായ സൂചനയാണ്. ചിട്ടയായ ഭക്ഷണക്രമീകരണവും  വ്യായാമവും വഴി ശരീരഭാരം നിയന്ത്രിക്കുക വഴി ഭാവിയിൽ പ്രമേഹം ഉണ്ടാകുന്നത് തടയാം. പ്രത്യേകിച്ച്  ലക്ഷണങ്ങൾ ഇല്ലെങ്കിൽ  തന്നെ വർഷംതോറും പ്രമേഹം ഉണ്ടോ എന്ന് പരിശോധിക്കണം. മധുരപാനീയങ്ങളും മധുരപലഹാരവും നിയന്ത്രിക്കുക. വറുത്ത ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. ശരീരത്തിനും ആരോഗ്യത്തിനും അനുയോജ്യമായ സന്തുലിതമായ ഭക്ഷണക്രമമാണ് ഉത്തമം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ, കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്, തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up