ചെറിയ കാര്യങ്ങൾ ഇടതടവില്ലാതെ പതിവായി പിന്തുടരുക എന്നതാണ് ഫിറ്റ്നസ്സിന്റെ രഹസ്യം. ഡയറ്റ് പ്ലാനിങ്ങിനായി ഒരുങ്ങുമ്പോൾ പിന്തുടരാൻ ചില ടിപ്സ് ഇതാ...
∙ നാലു തവി ചോറും ഒരു തവി തോരൻ അല്ലെങ്കിൽ മെഴുക്കുപുരട്ടി എന്ന രീതി മാറ്റി രണ്ടു തവി ചോറും രണ്ടു തവി പച്ചക്കറി വിഭവവും എന്ന രീതിയിലേക്കു മാറുക. ഇതിനൊപ്പം ഒരു തവി ഇറച്ചി/മീൻ വിഭവവും.
∙ ആഹാരം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.
∙ വിശന്നിരിക്കുമ്പോൾ സൂപ്പർ മാർക്കറ്റിൽ കയറിയാൽ കണ്ണിൽ കാണുന്ന ജങ്ക് ഫൂഡ് എല്ലാം വാങ്ങാൻ തോന്നും. അതു കഴിക്കുകയും ചെയ്യും. അതുകൊണ്ടു വിശപ്പു മാറ്റിയശേഷം സാധനങ്ങൾ വാങ്ങാൻ ഇറങ്ങാം.
∙ ഒരു ലിസ്റ്റ് ഉണ്ടാക്കിട്ടു വേണം സാധനങ്ങൾ വാങ്ങാൻ പോകാൻ. അതിൽ സമീകൃതാഹാരത്തിനു വേണ്ട പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതും പച്ചക്കറികളും പഴങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക.
∙ വറുത്തതും പൊരിച്ചതുമായ സ്നാക്സ് കൊറിക്കാൻ തോന്നുമ്പോൾ അവ ഇട്ടുവച്ചിരിക്കുന്ന പാത്രത്തോടെ എടുത്ത് അതിൽ നിന്നു കഴിക്കരുത്. പകരം അൽപം മാത്രം ഒരു ചെറിയ പാത്രത്തിലെടുത്തു സാവധാനം കഴിക്കുക. ഇതിനൊപ്പം പച്ചക്കറി അരിഞ്ഞതോ പഴങ്ങളോ കഴിക്കാം. ഡിപ് ആയി അൽപം കട്ടത്തൈര് കൂടിയുണ്ടെങ്കിൽ ആരോഗ്യകരമായി.