Tuesday 09 August 2022 03:27 PM IST

‘രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം; പക്ഷേ, കരിക്കിൻ വെള്ളം അമിതമായാൽ നല്ലതല്ല’; ഡയറ്റ് എടുക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കാം

Tency Jacob

Sub Editor

_DSC0525

അമിതഭാരവും ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു കാരണം ആകാരവടിവിൽ വരുന്ന വ്യതിയാനം പല സ്ത്രീകളെയും അലോസരപ്പെടുത്താറുണ്ട്. കൂടാതെ ജീവിതശൈലീരോഗങ്ങൾക്കും അതു വഴിവയ്ക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രം പോര. പോഷകങ്ങൾ സമീകൃതമായി അടങ്ങിയ ഭക്ഷണക്രമം അത്യാവശ്യമാണ്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അന്നജമാണ് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നത്. മാംസ്യം, കൊഴുപ്പ് എന്നിവ ശരീരത്തെ പോഷിപ്പിക്കുകയും വൈറ്റമിനുകളും ധാതുക്കളും ശരീരധർമങ്ങളെ സംരക്ഷിച്ചു കൊണ്ടുപോകുകയും ചെയ്യും. അമിതവണ്ണം കുറയ്ക്കാനായി ഭക്ഷണം ക്രമീകരിക്കുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ നിന്നു മാത്രമുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുക വഴി ശരീരത്തിന്റെ പോഷക തുല്യത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുന്നതിന്‌ പോഷകാഹാരവിദഗ്ധരുടെ നിർദേശം സ്വീകരിക്കുന്നതാണ് ഉചിതം. എങ്കിലും, ഭക്ഷണത്തിലെ ഊർജത്തിന്റെ അളവിൽ ഗണ്യമായ കുറവു വരുത്തുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കൊഴുപ്പും അന്നജവും കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഊർജത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി അമിതവണ്ണം ഇല്ലാതാകാനും സഹായിക്കും. മുൻ ഭക്ഷണരീതി,വ്യായാമശീലം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്തു വേണം ഏതു ഡയറ്റ് പിന്തുടരണമെന്നു നിശ്ചയിക്കാൻ.

ഭക്ഷണത്തിലെ ഊർജം കുറയ്ക്കാൻ

∙ ധാരാളം പച്ചക്കറികളും അന്നജം കുറഞ്ഞ പഴവർഗങ്ങളും ഉൾപ്പെടുത്തുക.

∙ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം വിശപ്പിനെയും ദഹനവ്യവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

∙ അന്നജത്തിന്റെ പ്രധാന സ്രോതസായ ധാന്യാഹാരം തവിടോടുകൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ ഊർജത്തിനും കൊഴുപ്പിനും പുറമെ ഉയർന്ന തോതിൽ മാംസ്യം, നാര് എന്നിവയാലും സമ്പുഷ്ടമാണ് നട്സ്. നിയന്ത്രിതമായി നട്സ് ഉപയോഗിക്കുന്നത് അമിതവിശപ്പിനെ തടയാനും ശരീരഭാരം കുറയാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു.

∙ ലഘുഭക്ഷണമായി കൊഴുപ്പ് കുറഞ്ഞതും, കൊഴുപ്പ് നീക്കം ചെയ്തതുമായ  തൈര്, മോര്, യോഗർട്ട് എന്നിവ ഉപയോഗിക്കുന്നത് ആഹാരത്തോടുള്ള അമിതതാൽപര്യം നിയന്ത്രിക്കാൻ സഹായിക്കും.

∙ ഊർജത്തിന്റെ നിറഞ്ഞ സ്രോതസ്സും എന്നാൽ സൂക്ഷ്മപോഷകങ്ങൾ താരതമ്യേന കുറഞ്ഞതുമായ ശീതളപാനീയങ്ങൾ, മിഠായി, മധുരപലഹാരങ്ങൾ എന്നിവ പാടെ ഉപേക്ഷിക്കുക. ഇവയുടെ ഉപയോഗം അമിതഭാരം ഉണ്ടാക്കുന്നതിനോടൊപ്പം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗസാധ്യത എ ന്നിവയും വർധിപ്പിക്കുന്നു.

∙ ജ്യൂസിനു പകരം പഴവർഗങ്ങൾ ശീലമാക്കുക.

∙ പ്രാതൽ ഒഴിവാക്കുന്നത് അമിതവണ്ണത്തിന് കാരണമായിമാറും. പ്രത്യേകിച്ച്, കുട്ടികളിലും കൗമാരക്കാരിലും.  

∙ ഊർജത്തിന്റെ അളവു കുറയ്ക്കുന്ന സമയത്ത് ശരീരത്തിനു ആവശ്യമായ മാംസ്യത്തിന്റെ ലഭ്യത ഉറപ്പാക്കണം. പയർവർഗങ്ങൾ, മത്സ്യം, കൊഴുപ്പു നീക്കം ചെയ്ത മാംസാഹാരം, മുട്ട എന്നിവ മാംസ്യത്തിന്റെ സ്രോതസ്സുകളാണ്. പയർവർഗങ്ങൾ കുതിർത്തും മുളപ്പിച്ചും ഉപയോഗിക്കുമ്പോൾ പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കാനും അവയിൽ അടങ്ങിയിരിക്കുന്ന പോഷകവിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യാനും സാധിക്കുന്നു.

∙ പ്രധാനഭക്ഷണത്തിനു തൊട്ടു മുൻപ് മോരുംവെള്ളം,  കൊഴുപ്പില്ലാത്ത സൂപ്പ്, പേരയ്ക്ക, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെ അന്നജം കുറഞ്ഞ പഴവർങ്ങൾ, പച്ചക്കറികളും ഇലക്കറികളും ഉപയോഗിച്ചുള്ള സാലഡ് എന്നിവയിൽ ഏതെങ്കിലും കഴിക്കാം. ഇത് പ്രധാന ആഹാരത്തിന്റെ അളവിനെ നിയന്ത്രിച്ച് ശരീരത്തിലെത്തുന്ന ഊർജത്തിന്റെ തോത് കുറയ്ക്കും.

∙ ഏതു ഡയറ്റ് പാലിക്കുമ്പോഴും നിർജലീകരണം തടയുന്നതിനും സുഗമമായ ശാരീരികപ്രക്രിയകൾക്കും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

∙ കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി പിന്തുടരുമ്പോഴും ചെറിയതോതില്‍ കൊഴുപ്പിന്റെ ലഭ്യത ഉറപ്പാക്കണം. ധാതുക്കളായ A, D, E, K എന്നിവയുടെ ആഗിരണത്തിനു കൊഴുപ്പ് ആവശ്യമാണ്. ക്രമാതീതമായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി പിത്തസഞ്ചിയിൽ കല്ലുണ്ടാവാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

∙ തിരഞ്ഞെടുക്കുന്ന ക്രമീകൃത ഭക്ഷണം ഓരോ വ്യക്തിയുടെയും ശരീരഭാരം, ഘടന, പ്രായം, ജോലി , ആരോഗ്യസ്ഥിതി, ശാരീരികക്ഷമത ഇവയ്ക്ക് ഇണങ്ങുന്നതാകണം. ഇതിനുപുറമെ ഭക്ഷണത്തിന്റെ ലഭ്യത, സാമ്പത്തികസ്ഥിതി എന്നിവയും കണക്കിലെടുത്തു വേണം ഡയറ്റ് കണ്ടെത്താൻ.  

∙ ഡയറ്റ് ചെയ്യുന്നവർ രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. വ്യായാമം ചെയ്യുന്നവർ മൂന്നര ലീറ്റർ വരെ കുടിക്കണം. ഉപ്പിട്ട മോരുംവെള്ളം, നാരങ്ങ വെള്ളം എന്നിവയും കുടിക്കാം. കരിക്കിൻ വെള്ളം അമിതമായാൽ നല്ലതല്ല.

Tags:
  • Health Tips
  • Glam Up