Tuesday 10 November 2020 11:12 AM IST

നല്ലതെന്ന് കരുതി ചെയ്യുന്ന ഡയറ്റിങ്ങിലും അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ? ; ഭക്ഷണംകുറയ്ക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാം...

Shyama

Sub Editor

diee

നമ്മൾ മുൻപെങ്ങും കേൾക്കാത്ത പല പേരുകളിലും രീതികളിലും ഉള്ള പുതിയ ധാരാളം ഡയറ്റുകൾ വരുന്നു. ചില ചിത്രങ്ങളും മറ്റും കാണുമ്പോഴും ചില  അനുഭവങ്ങൾ കേൾക്കുമ്പോഴും നമുക്കും ഇതൊക്കെയൊന്ന് പരീക്ഷിച്ചാലോ എന്നും തോന്നും. എന്നാൽ ഓർക്കുക എല്ലാത്തരം ഡയറ്റുകളും എല്ലാവർക്കും ഇണങ്ങണം എന്നില്ല. അടിസ്ഥാന വിവരങ്ങൾ പോലും പരിശോധിക്കാതെയുള്ള ഡയറ്റിങ്ങ് പരീക്ഷണങ്ങൾ ഗുണത്തെക്കാളുപരി ദോഷം വരുത്തി വയ്ക്കുകയും ചെയ്യും.

അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

1. ആദ്യമേ തന്നെ നിങ്ങൾ ബി. എം. ഐ. ( ബോഡി മാസ്സ് ഇൻഡക്സ്) നോക്കുക. ശരീരഭാരത്തെ ഉയരത്തിന്റെ രണ്ടിരട്ടി കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് ബി. എം. ഐ. ഇത് നോക്കാനുള്ള ധാരാളം കാൽകുലേറ്ററുകൾ ഇന്റർനെറ്റിൽ തന്നെയുണ്ട്.

ബി. എം. ഐ. 18നും 24നും ഇടയിൽ വരുന്നതാണ് പൊതുവെ നോർമൽ ആയി കണക്കാക്കുന്നത്. ഇതിൽ കുറവ് വന്നാൽ പോഷകാഹരകുറവുണ്ടാകാനും കൂടിയാൽ അമിതവണ്ണമോ പോണ്ണതടിയോ ഉണ്ടാകാം. ഇതിനനുസരിച്ചു വേണം ഡയറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

2. ഏത് ഡയറ്റ് തുടങ്ങും മുൻപും ഒരു ഡയറ്റീഷ്യനെ കാണുന്നതാണ് ഏറ്റവും ഉത്തമം. നിങ്ങളുടെ ശരീരത്തിന്റെ പ്രതേകതകൾക്കനുസരിച്ചും ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചും  കൃത്യമായ ഡയറ്റ് നിർദേശിക്കാൻ അവർക്കാകും.

  മുൻപ് ഇല്ലാതിരുന്നിട്ട് ഇന്ന്‌ ഏറ്റവും കൂടുതൽ കാണുന്നൊരു പ്രതിഭാസമാണ് കുട്ടികളിലെ പൊണ്ണതടിയും മറ്റും. കളികളില്ലാതെ സ്ക്രീൻ ടൈം കൂടുന്നത് ഇതിനൊരു പ്രധാന കാരണമാണ്. അതുകൊണ്ട് ഇന്നത്തെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഡയറ്റ് നിശ്ചയിക്കാൻ വിദഗ്ദ്ധനിർദേശം തന്നെ സ്വീകരിക്കുക.

3. പ്രമേഹരോഗികൾ, ബി. പി. കൂടുതലും കുറവും ഉള്ളവർ, സോഡിയം കുറവുള്ളവർ, വിളർച്ചയുള്ളവർ എന്നിങ്ങനെ എന്ത് തരം രോഗങ്ങളുള്ളവരും സ്വയം ഡയറ്റിങ്ങ് ചെയ്യരുത്. ഡോക്ടറേയും ഡയറ്റീഷ്യനെയും കാണുക തന്നെ വേണം. പല ഡയറ്റുകളിലും നിങ്ങളുടെ മരുന്നുകൾക്കനുസരിച്ചോ ശരീരത്തിലെ കുറവുകൾക്കനുസരിച്ചോ ഉള്ള ഭക്ഷണരീതി ആവില്ല. നിങ്ങളുടെ ശരീരത്തിനനുസരിച്ച് അളവുകളും ആഹാരപദാർത്ഥങ്ങളും കസ്റ്റമൈസ്‌ ചെയ്തെടുക്കണം.

4. തടി കുറക്കാൻ കീറ്റോ/ഫ്രൂട്ട്/മിൽക്ക് എന്നിങ്ങനെ ഒരു തരം മാത്രം ഭക്ഷണം അടങ്ങുന്ന ഡയറ്റ് ശീലിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇതൊക്ക ദീർഘാകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ശരീരത്തിന് എപ്പോഴും ആവശ്യം സമീകൃതആഹാരമാണ്.

എല്ലാം ഉൾക്കൊള്ളുന്ന ഭക്ഷണം ആണ് വേണ്ടത്. അതിൽ നിങ്ങളുടെ ശരീരത്തിനനുസരിച്ച് മാറ്റം വരുത്തുക.

5. ഒന്നും കഴിക്കാതിരുന്ന് മെലിയുന്നതും ശരീരത്തിന് ദോഷം ചെയ്യും. കുറേ നേരം ഒന്നും കഴിക്കാതെ പെട്ടെന്ന് ഭക്ഷണം കുറേ കഴിക്കുന്നതും ഒക്കെ ശരീരത്തിന്റെ മെറ്റബോലിസത്തെ ബാധിക്കും.

6. സാധാരണക്കാർക്ക് എപ്പോഴും നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏത് സപ്ലൈമെന്റുകളെക്കാളും നല്ലത്. അമിതവണ്ണമുള്ളവർക്ക് ചില പൊടികൾ കൊടുത്താലും അവരോട് ഒരു നേരമൊഴികെ ബാക്കി സമയം നോർമൽ ഡയറ്റ് ശീലിക്കാൻ ഡയറ്റീഷ്യൻ പറയാറുണ്ട്. അല്ലാത്ത ഒരു നേരം/കുറച്ചു ദിവസം ശ്രദ്ധിചിട്ട് ബാക്കി സമയം വറുത്തതും പൊരിച്ചതും ഒക്കെ കഴിച്ചാൽ പറ്റിക്കപ്പെടുന്നത് നിങ്ങൾ തന്നെയാണ്. അതുകൊണ്ട് ഉള്ള ഭക്ഷണം ആരോഗ്യകരമായി പാകം ചെയ്ത് കൃത്യമായ അളവിൽ കൃത്യസമയത്ത് കഴിക്കുന്നതാണ് തന്നെയാണ് ഏറ്റവും ഉത്തമം.

7. തടി കൂടുന്നെണ്ടെന്ന് തോന്നിയാൽ ചെറുപ്പക്കാർ വ്യായാമം മുടക്കാതെ ചെയ്യുക. വ്യായാമം ഇഷ്ടമല്ലാത്തവർ നീന്തൽ, ഡാൻസിങ്ങ്, ബാഡ്മിന്റൺ പോലുള്ള ചെയ്യുക. വീട്ടിൽ നിൽക്കുന്നവർ വീട് അടിച്ചു തുടയ്ക്കുക, മുറ്റമടിക്കുക എന്നിവയൊക്കെ ചെയ്യുന്നതും നല്ലതാണ്.   ജങ്ക് ഫുഡ്‌, മദ്യപാനം എന്നിവ കഴിവതും കുറയ്ക്കുക. 60 വയസിൽ കൂടുതൽ ഉള്ളവർ സ്ട്രിക്റ്റ് ഡയറ്റിൽ തന്നെ ശ്രദ്ധിക്കുക.

ധാരാളം വെള്ളം കുടിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: അൽഫോൻസ പ്രഭ,

ഡയറ്റീഷ്യൻ,

ഇന്ദിര ഗാന്ധി കോഓർപറേറ്റീവ് ഹോസ്പിറ്റൽ,

കടവന്ത്ര,

കൊച്ചി.

Tags:
  • Health Tips
  • Glam Up