Friday 22 April 2022 02:42 PM IST : By സ്വന്തം ലേഖകൻ

‘ഡോക്ടറെ.. ഇന്നലെ ഉറങ്ങിയോ, ആഹാരം കഴിച്ചിരുന്നോ, വിശ്രമം ലഭിച്ചുവോ എന്നൊക്കെ ചോദിക്കുന്നത് സ്വന്തം ജീവന് വളരെ നന്ന്’; ‘ഡോക്ടർ ഹിപ്നോസിസ്’ അറിയാം

tried-doctor

"ഡോക്ടറെ, ഇന്നലെ ഉറങ്ങിയോ? അത്യാഹിത വിഭാഗത്തിലും ഒപ്പിയിലും എന്തിന് ഓപ്പറേഷൻ തിയറ്ററിലും ഡോക്ടറോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പറ്റുമോ. ചോദിക്കണമെന്നാണ് വിദഗ്ധമതം! ഹൈവേ ഹിപ്നോസിസ് എന്ന് കേട്ടിട്ടുണ്ടാവും. ചികിത്സിക്കുന്നതിനിടയിൽ ‘ഡോക്ടർ ഹിപ്നോസിസ്’ ആയാലോ?"- ഡോക്ടർ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. 

ഡോക്ടർ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

ഉറങ്ങിയോ? 

ഡോക്ടറെ, ഇന്നലെ ഉറങ്ങിയോ? അത്യാഹിത വിഭാഗത്തിലും ഒപ്പിയിലും എന്തിന് ഓപ്പറേഷൻ തിയറ്ററിലും ഡോക്ടറോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പറ്റുമോ. ചോദിക്കണമെന്നാണ് വിദഗ്ധമതം! ഹൈവേ ഹിപ്നോസിസ് എന്ന് കേട്ടിട്ടുണ്ടാവും. ചികിത്സിക്കുന്നതിനിടയിൽ ‘ഡോക്ടർ ഹിപ്നോസിസ്’ ആയാലോ? 

ദീർഘദൂരം ഹൈവേയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർ സ്വയം അറിയാതെ ഉറങ്ങിപോകുന്ന അവസ്ഥയാണ് റോഡ് ഹിപ്നോസിസ്. കണ്ണുകൾ തുറന്നിരിക്കും കൈകാലുകൾ ചലിക്കും. പക്ഷേ, ഉറക്കമാണ്. എപ്പോ വണ്ടി തവിടുപൊടിയായിയെന്ന് ചോദിച്ചാൽ മതി. അതുപോലെ ചികിത്സയ്ക്കിടയിൽ കണ്ണുകൾ തുറന്നിരിക്കും, കൈകാലുകൾ ചലിക്കും. പക്ഷേ, ഡോക്ടർ ഉറക്കമാണ്. ഈ ചികിത്സ ജീവൻ എടുക്കും. ഉറപ്പല്ലേ..

റോഡിലെ ഒട്ടുമിക്ക അപകടങ്ങളുടെയും കാരണം റോഡ് ഹിപ്നോസിസ് ആണെന്ന് പറയപ്പെടുന്നു. ഇതിനേക്കാൾ അപകടം പിടിച്ച പണിയാണ് ഡോക്ടർമാർ ഉറങ്ങാതെ, വിശ്രമമില്ലാതെ, തുടർച്ചയായി ജോലി ചെയ്യുന്ന അവസ്ഥ. അതുകൊണ്ടുതന്നെ അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ ഉറങ്ങിയോയെന്ന് ചോദിക്കണം.

എംബിബിഎസ് വിദേശ കോളജിലാണൊ പഠിച്ചത്?

ഭാരതത്തിലെ ഏതു കോളജിൽ പഠിച്ചു?

ബിരുദാനന്തരബിരുദം പഠിച്ച കോളജ്?

പരിചയസമ്പത്ത് എന്താണ്?

ഡോക്ടറെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം എന്താണ്?

ഇതൊക്കെ അന്വേഷിക്കുന്നതിനോടൊപ്പം,

ഇന്നലെ ഉറങ്ങിയോ?

ആഹാരം കഴിച്ചിരുന്നൊ?  

വിശ്രമം ലഭിച്ചുവോ?

എന്നൊക്കെ ചോദിക്കുന്നത് സ്വന്തം ജീവന് വളരെ നന്ന്. രോഗിയുടെ രോഗലക്ഷണങ്ങൾ രോഗിയെ പരിശോധിക്കുമ്പോൾ കിട്ടുന്ന ചില സൂചനകൾ  പരിശോധനാഫലങ്ങൾ എന്നിവയൊക്കെ കൃത്യമായി തലച്ചോറിൽ ഫീൽഡ് ചെയ്യപ്പെട്ടാൽ കൃത്യമായ രോഗനിർണയവും ചികിത്സയും കിട്ടും. ഉറങ്ങാതെ വിശ്രമമില്ലാതെ ജോലി ചെയ്താൽ ഇതൊക്കെ തെറ്റിപോകാനുള്ള സാധ്യത ആയിരം മടങ്ങ് കൂടുതൽ.

8 മണിക്കൂർ ഉറക്കം. കൃത്യസമയത്ത് ആഹാരം. മറ്റ് മനുഷ്യജീവികളെ പോലെ തന്നെ മാനസിക ഉല്ലാസത്തിനും ശാരീരിക ഉല്ലാസത്തിനുമുള്ള സമയം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരം. ആഴ്ചയിൽ ഒരു ദിവസം അവധി, നൈറ്റ് ഡ്യൂട്ടി എടുത്താൽ അടുത്തദിവസം പരിപൂർണ്ണമായ ഓഫ്. ഇതൊക്കെ മറ്റെല്ലാ മനുഷ്യർക്കും തൊഴിൽ വിഭാഗങ്ങൾക്കും ലഭിക്കുന്നതുപോലെ ഡോക്ടർമാർക്കും ലഭിക്കണം.

പിജി പഠനകാലയളവിലെ ജോലി ഭാരത്തെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ വളരെ ഇന്ട്രെസ്റ്റിംഗായി തോന്നി. വിശ്രമവും ഉറക്കവും വളരെ വളരെ ആവശ്യം എന്നുള്ളതിന് മറ്റൊരു പക്ഷമില്ല. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം അത്ര എളുപ്പമുള്ള ഒരു പരിശീലനപരിപാടി ആണെന്ന് ആരും ധരിക്കേണ്ട. എംബിബിഎസ് പഠന കാലയളവ് തന്നെ ലഭ്യമായ തിരക്കുള്ള മെഡിക്കൽ കോളേജുകളിൽ പഠിച്ച്  വരുംകാലങ്ങളിലെ കഠിനപരിശ്രമത്തിന് തയ്യാറെടുപ്പ് ഉണ്ടാകണം. കഠിനമായി പരിശീലനം ലഭിക്കുന്നവർക്ക് തീർച്ചയായും അതിൻറെ ഫലം ഉണ്ടാകും. ഉറപ്പ്.

അതിനർത്ഥം ഉറക്കം വേണ്ട, വിശ്രമം വേണ്ട എന്നല്ല. റോഡ് ഹിപ്നോസിസ് ഒഴിവാക്കുവാൻ ധാരാളം മാർഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. സാധാരണ ഉറങ്ങുന്ന സമയത്തുള്ള ഉള്ള ഡ്രൈവിങ് ഒഴിവാക്കുക, കൃത്യമായ ഇടവേളകളെടുക്കുക, സഹയാത്രികരുമായി സംസാരിക്കുക തുടങ്ങി അനവധി മാർഗ്ഗങ്ങൾ ഡോക്ടർ ഹിപ്നോസിസ് ഒഴിവാക്കുവാൻ ഒറ്റ മാർഗം മാത്രം. അവർക്ക് മതിയായ വിശ്രമം ഉറക്കം ആഹാരം മറ്റു ശാരീരിക മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാകും. അപ്പൊ ഇനി ഡോക്ടറെ കാണുമ്പോൾ ഗുഡ്മോണിങ് പറയുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോയെന്ന് ചോദിക്കണം. സ്വന്തം ജീവൻ രക്ഷയെ കരുതി.

Tags:
  • Glam Up