Saturday 23 October 2021 12:21 PM IST : By സ്വന്തം ലേഖകൻ

ചെവിക്കായം നീക്കം ചെയ്യണോ? ചെവിക്കുള്ളിൽ പ്രാണി കടന്നാൽ? ചെവിയുടെ ആരോഗ്യത്തിന്‌ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

A women clean the ear with cotton swab

ചെവിക്കായം സ്വാബ് ഉപയോഗിച്ച് വൃത്തിയാക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ചെവിക്കായം നീക്കം ചെയ്യണോ? അതു തനിയെ പോകുകയില്ലേ? ഇങ്ങനെ ചെവിയിൽ കോലിട്ട് തോണ്ടുന്നത് അപകടമല്ലേ? പലരുടെയും സംശയമാണ് ഇത്. സാധാരണയായി പ്രായമായവരിലാണ് ചെവിക്കായം കൂടുതലായി കാണുന്നത്. പക്ഷേ, അതു തനിയെ പൊയ്ക്കോളും. സേഫ്ടിപിൻ, ഈർക്കിൽ, നഖം, സ്വാബ് ഇവയൊന്നും വൃത്തിയാക്കാൻ ഉപയോഗിക്കേണ്ട ആവശ്യമില്ല. ചെവിയുടെ ആരോഗ്യത്തിന്‌ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം; 

ചെവിയിൽ വെള്ളം പോയാൽ 

ചെവിയിൽ വെള്ളം പോയാൽ അതു തനിയെ തിരികെ വരും. അല്ലെങ്കിൽ ചെവിക്കായവുമായി കൂടി ചേർന്നു കൊള്ളും. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ മാത്രം ഡോക്ടറെ കാണിച്ച് പ്രത്യേക മെഷീന്റെ സഹായത്താൽ പുറത്തേക്ക് വലിച്ചെടുക്കണം. ഒരു കാരണവശാലും ചെവിക്കകത്തേക്ക് വെള്ളം ചീറ്റിക്കരുത്. 

പ്രാണി കടന്നാൽ

ആദ്യം പ്രാണിയെ കൊല്ലുന്നതിനാണ് പരിഗണന നൽകേണ്ടത്. ഇല്ലെങ്കിൽ അവ കർണപടത്തിലോ മറ്റു ഭാഗങ്ങളിലോ കടിച്ചു പ്രശ്നമുണ്ടാക്കാം. ചെവിക്കുള്ളിൽ കയറിയ പ്രാണിയെ കൊല്ലാൻ കട്ടികൂടിയ ഉപ്പു ലായനി സാധാരണ വെള്ളത്തിൽ തയാറാക്കി വേണം ഉപയോഗിക്കാൻ. ചൂടാക്കിയ എണ്ണ ഒരു കാരണവശാലും ചെവിക്കുള്ളിൽ ഒഴിക്കാൻ പാടില്ല. പ്രാണിയെ കൊന്നു കഴിഞ്ഞാൽ ഡോക്ടറെ സമീപിച്ച് അതിനെ പുറത്തെടുക്കാം. 

ചെവിക്കുള്ളിൽ മുറിവ്

ചെവിക്കുള്ളിൽ മുറിവുണ്ടായാൽ അതിനു സാധാരണഗതിയിൽ ചികിത്സയൊന്നും വേണ്ട. തനിയെ ഉണങ്ങി കൊള്ളും. ഇത്തരം സാഹചര്യങ്ങളിൽ ചെവിക്കുള്ളിൽ വെള്ളം ഒഴിക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യരുത്. 

കർണപടം പൊട്ടിയാൽ  

കർണപടം പൊട്ടിയാൽ സാധാരണഗതിയിൽ ഏതാനും ആഴ്ചകൾ കൊണ്ട് സ്വയം സുഖപ്പെടുന്നതാണ്. ഈ സമയം ഒരു കാരണവശാലും ചെവിക്കുള്ളിൽ വെള്ളം പോകരുത്. കുളിക്കുമ്പോൾ പഞ്ഞി ഉപയോഗിച്ച് ചെവി അടച്ച് വെള്ളം അകത്തേക്ക് കയറില്ലെന്ന് ഉറപ്പു വരുത്തണം.

തണുത്ത കാറ്റ് അടിച്ചാൽ 

ചെവിക്കുള്ളിലേക്ക് തണുത്ത കാറ്റ് അടിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് ചെവിക്കുള്ളിലെ താപനില വ്യത്യാസപ്പെടുകയും തന്മൂലം ചെവിയുടെ ഉള്ളിലുള്ള ദ്രാവകം വിപരീതദിശയിലേക്ക് ഒഴുകും. 

Tags:
  • Health Tips
  • Glam Up