Friday 27 November 2020 12:00 PM IST : By സ്വന്തം ലേഖകൻ

ദിവസവും ഒന്നിലധികം മുട്ട കഴിച്ചാൽ പ്രമേഹം? പുരുഷന്മാരേക്കാൾ രോഗസാധ്യത സ്ത്രീകളിൽ? പുതിയ പഠനം പറയുന്നത്!

Eggscream

ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുട്ട. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായി കരുതപ്പെടുന്ന ഒന്നാണ് മുട്ട. അതേസമയം മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരും കുറവല്ല. എന്നാൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. 

എന്നാൽ മുട്ടയുടെ ഉപയോഗം അമിതമായാൽ പ്രമേഹസാധ്യത വർധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകർ പറയുന്നു. ചൈന മെഡിക്കൽ സർവകലാശാലയും ഖത്തർ സർവകലാശാലയുമായി ചേർന്ന് 1991 മുതൽ 2009 വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 

ചൈനയിലെ മുതിർന്ന ആളുകൾക്കിടയിൽ മുട്ടയുടെ ഉപയോഗം കണക്കാക്കി. ദിവസവും ഒന്നോ അതിലധികമോ മുട്ട (50 ഗ്രാമിലധികം)  കഴിച്ച ആളുകളിൽ പ്രമേഹസാധ്യത 60 ശതമാനം ആണെന്ന് കണ്ടെത്തി. ദിവസം 38 ഗ്രാമിലധികം മുട്ട വീതം ദീർഘകാലം കഴിക്കുന്നത് മുതിർന്നവരിൽ പ്രമേഹസാധ്യത 25 ശതമാനം കൂട്ടുമെന്നു കണ്ടു. പുരുഷന്മാരേക്കാളധികം സ്ത്രീകളിലാണ് രോഗസാധ്യത കൂടുന്നതെന്നും പഠനത്തിൽ കണ്ടു. 

കൊളസ്ട്രോളിന്റെ അളവ് ?

ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലി ഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. എഴുപതു ശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല. ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടാം.

മറ്റൊരു ഗുണം, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആറാഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച്ഡിഎല്‍– ന്റെ അളവ് 10 ശതമാനം കൂട്ടും. 

സൗന്ദര്യം കൂട്ടും 

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു. 

Tags:
  • Health Tips
  • Glam Up