Thursday 14 April 2022 03:10 PM IST : By ശ്യാമ

ജിമ്മിൽ പോകാൻ ഇഷ്ടമല്ലെങ്കിലും വ്യായാമം ചെയ്യാം; ആറു മാസത്തിൽ ഒരിക്കലോ വർഷത്തിൽ ഒരിക്കലോ ഹെൽത് ചെക്കപ്പ് നിർബന്ധം!

esscvj90900

കോവിഡ് കാലത്തിലൂടെ കടന്നു പോയപ്പോൾ ആരോഗ്യം എത്ര പ്രധാനമാണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയതാണ്. അതുകൊണ്ട് തന്നെ വ്യായാമം നമ്മൾ ഓരോരുത്തരും ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്. വ്യായാമം ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അത് തുടർച്ചയായി ചെയ്യാനുള്ള മാനസിക തയാറെടുപ്പ് കൂടി നടത്തണം. അലാം വച്ചോ റിമൈൻഡറിട്ടോ മുടങ്ങാതെ ചെയ്യുന്നതിലാണ് കാര്യം. ഒരാഴ്ചയിൽ മൂന്നു–അഞ്ച് ദിവസം വരെ വ്യായാമം ചെയ്തു ശീലിക്കാം. അതിൽ തന്നെ 30–40 മിനിറ്റ് നേരം ഒരു ദിവസം വ്യായാമത്തിനായി ചെലവഴിക്കണം. 

ജിമ്മിൽ തന്നെ പോകണമെന്ന് നിർബന്ധമില്ല

വ്യായാമം എന്നു പറഞ്ഞാൽ ജിമ്മിൽ തന്നെ പോയി ചെയ്യുന്നൊരു കാര്യമെന്നാണ് ചിലരുടെയെങ്കിലും ധാരണ.  എന്നാൽ ജിമ്മിൽ പോകാതെ വീട്ടിലും നിങ്ങൾക്ക് വ്യായാമം ചെയ്യാം. ഒരു സെറ്റ് ഡംബൽസോ വെയ്റ്റ് ബാറുകളോ റസിസ്റ്റൻസ് ബാന്റുകളോ   ന്യൂഇയർ ഗിഫ്റ്റായി സ്വയം വാങ്ങൂ. വെയ്റ്റ് ട്രെയിനിങ്ങ് എക്സർസൈസുകൾ ചെയ്യാം. തുടക്കത്തിൽ ചെറിയ വെയ്റ്റ് എടുത്തിട്ട് സാവധാനം കൂട്ടുന്നതാണ് നല്ലത്. 

ഒറ്റയടിക്ക് വലിയ ഭാരമുയർത്തി തുടങ്ങിയാൽ ചിലപ്പോൾ ഡിസ്കിനടക്കം പ്രശ്നങ്ങൾ വരാം. കാർഡിയോ എക്സർസൈസുകളായ സ്ക്വാട്ട് ജംപ്, ലെഗ് സ്റ്റാൻഡ്, സ്കിപ്പിങ്ങ്, മൗണ്ടേയ്ൻ ക്ലൈംബിങ് എക്സർസൈസ്  തുടങ്ങിയവ ചെയ്യാം. ഫ്ലക്സിബിലിറ്റി വ്യായാമ മുറകളും വീട്ടിൽ ചെയ്യാം. 

സ്റ്റാൻഡിങ് ഹാംസ്ട്രിങ് സ്ട്രെച്ച്, ബട്ടർഫ്ലൈ സ്ട്രെച്ച്, സൈഡ് ബെന്റ്സ്, ഹെഡ്/ ഷോൾഡർ റോൾസ് ഒക്കെ ചെയ്യാവുന്നതാണ്. വ്യായാമം തുടങ്ങും മുൻപേ ഒരു ട്രെയ്നറെ കണ്ട് നിങ്ങൾക്കിണങ്ങുന്ന വ്യായാമമുറകളും ഉപകരണങ്ങളും ചോദിച്ചറിഞ്ഞ് അതിനനുസരിച്ച് മാത്രം മുന്നോട്ടു പോകുക. എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ അത് കൃത്യമായി ട്രെയ്നറോട് പറയുക, സർജറി കഴിഞ്ഞ വിവരങ്ങൾ, മുൻപ് എല്ലിനോ പേശികൾക്കോ തകരാറുണ്ടായിട്ടുണ്ടെങ്കിൽ, സ്ഥിരമായി എന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി തുറന്നു പറയാൻ മടിക്കരുത്.    

തനിച്ച് വ്യായാമം ചെയ്യാൻ മടിയോ?  

പലപ്പോഴും തനിച്ച് വ്യായാമം ചെയ്ത് തുടങ്ങി പാതി വഴിയിൽ ബോറടിച്ച് അവസാനിപ്പിക്കുന്നവരാണ് പലരും. ഇത്തരക്കാർക്ക് വർക്കൗട്ട് ബഡ്ഡീസിനെ തിരഞ്ഞെടുക്കാം. ജിമ്മിൽ നിന്ന് തന്നെ വർക്കൗട്ട് ബഡ്ഡീസിനെ ക ണ്ടെത്താം. വീട്ടിലെ വർക്കൗട്ടിൽ പങ്കാളിയെയോ കുട്ടികളെയോ ഒപ്പം കൂട്ടാം. ഒരുമിച്ചല്ലാത്തവർ വാട്സാപ് ഗ്രൂപ് തുടങ്ങി അതിൽ അന്നന്ന് ചെയ്ത് എന്തൊക്കെയെന്ന് പറയാം. പരസ്പരം അഭിനന്ദിക്കുകയും ഇടയ്ക്കൊന്നു മുടങ്ങിയാൽ അടുത്ത ദിവസം വർക്കൗട്ട് കൃത്യമായി ചെയ്യാൻ മോട്ടിവേറ്റ് ചെയ്യുകയുമാകാം.

വ്യായാമത്തിനിടെ വിശ്രമം

ഓരോ വ്യായാമത്തിനിടയിലും ഓരോ സെറ്റ് കഴിയുമ്പോഴും ഒരു മിനിറ്റ് വിശ്രമിച്ചിട്ട് അടുത്തത് ചെയ്യാൻ ശ്രദ്ധിക്കണം. എന്നാൽ ശരീരം തണുക്കും വരെ വിശ്രമിച്ചിട്ട് വീണ്ടും വ്യായാമം തുടരുന്നതും നന്നല്ല. കൃത്യമായ ചെറു ഇടവേളകളാണ് നല്ലത്. വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഉടനെ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം വ്യായാമം ചെയ്യുക.

വ്യായാമം മടുപ്പല്ല

ജിമ്മിൽ പോകാൻ ഇഷ്ടമല്ലെങ്കിലും വ്യായാമം ചെയ്യാം. പുറത്ത് പോകാനിഷ്ടമുള്ളവർക്ക് ജോഗിങ്, വാക്കിങ്, സൈക്ലിങ്, സ്വിമ്മിങ് അങ്ങനെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.  

ഓടുമ്പോഴും നടക്കുമ്പോഴും ആദ്യമേ എട്ട് കിലോമീറ്റർ ഓടാതെ ആദ്യം രണ്ടിൽ തുടങ്ങി പതിയ ദിവസം ചെല്ലും തോറും ദൂരം കൂട്ടുന്നതാണ് നല്ലത്. 

മടുപ്പ് വരാത്ത തരത്തിൽ പലതും ഇടകലർത്തി ചെയ്യാം. ഉദാഹരണത്തിന് തിങ്കൾ വെയ്റ്റ് ട്രെയ്നിങ്ങ് ആണെങ്കിൽ ചൊവ്വ കാർഡിയോ, ബുധൻ യോഗ, മെഡിറ്റേഷൻ വ്യാഴം വിശ്രമദിനം, വെള്ളി ജോഗിങ്, ശനി സ്വിമ്മിങ്ങോ സൈക്ലിങ്ങോ... ഞായർ വീണ്ടും വിശ്രമദിനം. അങ്ങനെ പലതരത്തിൽ മാറ്റി വ്യായാമത്തിലെ മടുപ്പ് ഒഴിവാക്കാം. 

shutterstock_344027039

ഹെൽത് ചെക്കപ് നിർബന്ധം

വ്യായാമത്തിനിടയോ മറ്റോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് തോന്നിയാൽ അതവഗണിച്ച് വ്യായാമം തുടരരുത്. ഉടനെ നിർത്തുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വീണ്ടും തുടങ്ങാവൂ. 

യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്തവർ ആണെങ്കിലും ആറു മാസത്തിൽ ഒരിക്കലോ വർഷത്തിൽ ഒരിക്കലോ നിർബന്ധമായി ഹെൽത് ചെക്കപ്പ് ചെയ്യണം. 

ഉറക്കം നിസ്സാരമല്ല... ഇത് സത്യം! 

ഇത്രയധികം ജോലി ചെയ്യുന്ന ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. അത് നിസ്സാരമായി കാണരുത്. 

ഉറക്കകുറവ് പതിവായാൽ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരം പ്രശ്നങ്ങൾ തുടർന്നാൽ ഡോക്ടറെ കാണാൻ മടിക്കരുത്. 

രാത്രിയിലുള്ള ഷിഫ്റ്റ് ഒന്നുമില്ലാത്തവർ കഴിവതും 12 മണിക്ക് മുൻപെങ്കിലും ഉറങ്ങാൻ ശ്രമിക്കണം. എന്നാലേ ശരീരത്തിൽ അടിയുന്ന ടോക്സിനുകളെ കൃത്യമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സുഗമമായി നടക്കൂ. 

ഉറക്കം കുറവുള്ളവർ ഉറങ്ങാൻ സഹായിക്കുന്ന സംഗീതവും വെളിച്ചമില്ലാത്ത മുറിയും അനുയോജ്യമായ കിടക്കയും തലയണയും ഒക്കെ ഒരുക്കുക. ഉറക്കം വിട്ടൊരു പരിപാടിയുമില്ലെന്ന് സ്വയം പ്രതിജ്ഞ എടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ദീപക് പ്രകാശ്, ഫിറ്റ്നസ് കൺസൽറ്റന്റ്, റീജനൽ സ്പോർട്സ് സെന്റർ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കടവന്ത്ര. 

Tags:
  • Health Tips
  • Glam Up