Friday 07 January 2022 04:03 PM IST : By സ്വന്തം ലേഖകൻ

‘ഇതും ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട്’ എന്ന മനോഭാവമാണ് കാരണം; വിവാഹേതര ലൈംഗികബന്ധങ്ങൾ സമൂഹത്തിൽ, ഡോക്ടർ പറയുന്നു

istockphoto-extra-marital

വിവാഹത്തിനു മുൻപുള്ളതും വിവാഹേതരവുമായ ധാരാളം ലൈംഗിക ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നില്ലേ... ?

അതേ. ഇപ്പോഴതു കൂടുതലാണ്. ഒരു പങ്കാളിയിൽ പലരും ലൈംഗിക തൃപ്തി കണ്ടെത്തുന്നില്ല. കാമുകൻ, കാമുകി, രണ്ടാം ഭാര്യ, ഭർത്താവ്... അങ്ങനെ ഒന്നിലധികം പങ്കാളികൾ  ലൈംഗികജീവിതത്തിലേക്കു കടന്നുവരുന്നു. മലയാളി സമൂഹവും ഇതിൽ നിന്നു വ്യത്യസ്തമല്ല. 

പരസ്ത്രീ– പരപുരുഷബന്ധങ്ങൾ മുൻപും നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ബന്ധങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത സ്വീകാര്യത കൈവന്നിരിക്കുന്നു. ‘ഇതും ഇതിനപ്പുറവും ലോകത്ത് നടക്കുന്നുണ്ട്.’ എന്നൊരു മനോഭാവമാണ് ഇതിനു കാരണം.  

സുഖവും ലഹരിയും ജീവജാലങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നവയാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ഇതു രണ്ടും അന്വേഷിച്ചു പോകാനുള്ള  പ്രവണതയും ഉണ്ടാകും. സമൂഹത്തിൽ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന സാമ്പത്തികാഭിവൃദ്ധി ഇത്തരം സുഖാന്വേഷണത്തിലേക്കു നയിക്കുന്നു. 

സോഷ്യൽ മീഡിയയാണ് പരബന്ധങ്ങൾക്കു മറ്റൊരു കാരണം. ഉദാഹരണത്തിന് സ്കൂൾ, കോളജ് കാലത്തുള്ള ചില സൗഹൃദകൂട്ടായ്മകൾ പോലും പരബന്ധങ്ങൾക്കു കാരണമാകുന്നതും അതുമൂലമുണ്ടാകുന്ന ദാമ്പത്യപ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും വർധിക്കുന്നതായി കേരളപൊലീസ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. മാത്രമല്ല, വിവാഹമോചനത്തിനുവേണ്ടി കുടുംബകോടതിയിൽ എത്തുന്ന കേസുകളിൽ പരബന്ധം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

പങ്കാളിയിലുള്ള ലൈംഗിക അസംതൃപ്തിയാണോ ഇതരബന്ധങ്ങൾക്കു കാരണം? സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നവരും അവസരം വരുമ്പോൾ പരബന്ധങ്ങളിലേക്കു നീങ്ങുന്നുണ്ട്. ഇതെന്തു കൊണ്ട്?

പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തവും ലൈംഗികവേഴ്ചകൾ പരസ്പരം തൃപ്തികരവുമാണെങ്കിൽ പരബന്ധത്തിലേക്കു പോകാനുള്ള സാധ്യത കുറയും. എന്നാൽ ഇന്ന് അത്ര ദൃഢമായ ബന്ധങ്ങളല്ല പൊതുവെ കണ്ടുവരുന്നത്. കിടപ്പുമുറിക്കു പുറത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളും കിടപ്പറയിലേക്കു നീളുന്നതാണ് പ്രധാനകാരണം. 

കിടപ്പറകളിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ 40 ശതമാനത്തോളം വൻപരാജയങ്ങളാണ് എന്നു ചില പഠനങ്ങളില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. 23 ശതമാനം സ്ത്രീകളും 17 ശതമാനം പുരുഷന്മാരും ഈ ലൈംഗികപരാജയത്തിന്റെ ഇരകളാണ്. ഈ അസംതൃപ്തി പലരെയും മറ്റു ബന്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നു. എന്നാൽ പ്രധാനപ്പെട്ട കാര്യം പലരും അവരുടെ ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്. പകരം അവസരം വരുമ്പോൾ പരബന്ധങ്ങൾ തേടിപ്പോകുകയാണു ചെയ്യുന്നത്. 

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവർ അവസരം വരുമ്പോൾ പരബന്ധങ്ങളിലേക്കു പോകുന്നത് ഒന്നുകിൽ മനോവൈകല്യം കൊണ്ടായിരിക്കാം അല്ലെങ്കിൽ പുറത്തു കാണുന്ന തരത്തിൽ സന്തോഷകരമായിരിക്കില്ല അവരുടെ സ്വകാര്യജീവിതം.

ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്ന ഒരു പാടു പ്രശ്നങ്ങൾ ഉണ്ട്. ഇതിനു പിന്നിൽ ലൈംഗിക താളപ്പിഴകളാണോ ?

ഇത്തരം പീഡനങ്ങളിൽ ലൈംഗികതയ്ക്ക് യാതൊരു സ്ഥാനവുമില്ല. നല്ല ലൈംഗികതയുടെ അഭാവം ഇവിടെ വില്ലനായുണ്ട് താനും.

ഗാർഹിക പീഡനവും സ്ത്രീധന പീഡനവും ഭർത്താവിന്റെയും അയാളുടെ ചുറ്റുമുള്ള ബന്ധുജനങ്ങളുടെയും മനസ്സിന്റെ പ്രതിഫലനമാണ്. അത് മനോരോഗവും നിയമപ്രശ്നവുമാണ്.

ഇങ്ങനെയുള്ള പത്തു കേസ്സുകളിൽ മാതൃകാപരമായ ശിക്ഷ ലഭിച്ചാൽ ഇതിനൊരു അറുതി വരും. കാരണം ജീവിതപങ്കാളിയെ പീഡിപ്പിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്.

കടപ്പാട്: പ്രമുഖ സെക്സോളജിസ്റ്റ്- ഡോ. ഡി. നാരായണറെഡ്ഡി, ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ

Tags:
  • Health Tips
  • Glam Up