പൊടിപടലങ്ങളും പൂമ്പൊടിയും പുകയുമൊക്കെ അലർജിയുണ്ടാക്കുമെന്നു നമുക്കറിയാം. എന്നാൽ ചിലപ്പോൾ ചില പ്രത്യേക ഭക്ഷണ വിഭവങ്ങളോടും അലർജിയുണ്ടാകാം. ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഫാസ്റ്റ് ഫൂഡ് വിഭവങ്ങളുടെ വ്യാപകമായ ഉപയോഗവും ഫൂഡ് അലർജി വർധിക്കാൻ കാരണമായിട്ടുണ്ട്.
ചില പ്രത്യേക സന്ദർഭങ്ങളിൽ ഗുരുതരമായ ഭക്ഷണ അലർജി മൂലം ജീവൻ പോലും അപകടത്തിലാകാം. അലർജിയുണ്ടാക്കുന്ന ഭക്ഷണം കണ്ടെത്തി ഒഴിവാക്കുകയെന്നതാണ് ഫൂഡ് അലർജി നിയന്ത്രിക്കാനുള്ള വഴി.
പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും
ഭക്ഷണത്തിലെ പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും അലർജിയുണ്ടാക്കാം. പഴച്ചാറുകളിലും കാർബണേറ്റഡ് പാനീയങ്ങളിലും ചേർക്കുന്ന ബെൻസോയിക് ആസിഡ്, സോഡിയം ബെൻസോയേറ്റ് എന്നീ പ്രിസർവേറ്റീവുകൾ കടുത്ത അലർജിയുണ്ടാക്കാം. കൂടാതെ ബേക്കറി പലഹാരങ്ങൾ, മഞ്ഞൾപൊടി, മുളകുപൊടി, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ എന്നിവയിൽ നിറങ്ങൾ ചേർക്കാറുണ്ട്. മഞ്ഞ നിറം നൽകുന്ന ടാർട്രസിൻ, ചുവപ്പു നിറം കിട്ടാൻ ചേർക്കുന്ന പോൺസ്യൂ 4 ആർ, നീല നിറത്തിൽ ചേർക്കുന്ന ഇൻഡിഗോ കാർമൈൻ ഇവയൊക്കെ അലർജിയുണ്ടാക്കും.
പാരമ്പര്യമായി കുടുംബത്തിൽ ഫൂഡ് അലർജിയുണ്ടെങ്കിൽ അലർജിക്ക് സാധ്യതയേറെയാണ്. ആസ്‌മ, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും ഫൂഡ് അലർജിയുണ്ടാകാം. കുട്ടികൾക്കും പൊടിപടലങ്ങളോടും മറ്റും അലർജിയുള്ളവർക്കും ഫൂഡ് അലർജി സാധ്യത കൂടുതലാണ്.
ചൊറിച്ചിലും ഉദരപ്രശ്നങ്ങളും
തൊലിപ്പുറത്തെ ചൊറിച്ചിലും ചുണ്ട്, മുഖം, നാക്ക്, തൊണ്ട എന്നീ ഭാഗങ്ങൾ തടിച്ചു വീർക്കുകയുമാണ് പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, ചുമ, ആഹാരമിറക്കാൻ പ്രയാസം തുടങ്ങിയവയുമുണ്ടാകാം. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണു സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങൾ.
അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ രണ്ടു മണിക്കൂറുകൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരമായ ഫൂഡ‍് അലർജിയാണ് അനാഫിലാക്സിസ്. ശ്വാസം മുട്ടൽ, തൊണ്ടയിൽ തടസ്സം, രക്തസമ്മർദം ഗണ്യമായി താഴുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അടിയന്തര വൈദ്യസഹായം തേടിയില്ലെങ്കിൽ രോഗി ഗുരുതരാവസ്ഥയിലെത്താം.
ഒഴിവാക്കലാണ് ചികിത്സ
ഏതു ഭക്ഷണത്തോടാണ് അലർജിയെന്നു കണ്ടുപിടിച്ച് ആ ഭക്ഷണം ഒഴിവാക്കുക എന്നതാണ് പ്രധാനം. മാംസ വിഭവങ്ങളിൽ ബീഫ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റാണ് പ്രശ്നമുണ്ടാക്കാറ്. കോഴിയിറച്ചിയും ആട്ടിറച്ചിയും താരതമ്യേന സുരക്ഷിതമാണ്.
കൊഞ്ച്, ഞണ്ട്, കക്ക, കല്ലുമ്മക്കായ എന്നിവയും സ്രാവ്, തിരണ്ടി തുടങ്ങിയവയും അലർജി ഉണ്ടാക്കാറുണ്ട്. ധാന്യവർഗങ്ങളിൽ പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടനാണ് അലർജിയുണ്ടാക്കുന്നത്. ഗോതമ്പ്, ചോളം, ബാർലി തുടങ്ങിയവയൊക്കെ അലർജി ഉണ്ടാക്കും. മുട്ട വെള്ളയും പാലും പാൽ ഉൽപന്നങ്ങളും ഫൂഡ് അലർജിക്ക് കാരണമാകാറുണ്ട്. ബീറ്റ്‌റൂട്ട്, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവർഗങ്ങൾ, കപ്പലണ്ടി ഇവയും സൂക്ഷിക്കണം. പുറത്തുനിന്നു കഴിക്കുമ്പോൾ ചേരുവകൾ ചോദിച്ചു മനസ്സിലാക്കാൻ മടിക്കേണ്ട.