Saturday 28 September 2019 02:38 PM IST : By സ്വന്തം ലേഖകൻ

ഭക്ഷ്യവിഷബാധ തലച്ചോറിനെ വരെ ബാധിച്ച് ഗുരുതരമാകാം; വീട്ടിലായാലും ഹോട്ടലിലായാലും വേണം മുൻകരുതൽ!

food-pois89

ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് രോഗം ബാധിച്ചു, ഷെവർമ കഴിച്ച് ആശുപത്രിയിലായി.. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ കേൾക്കാറില്ലേ? ഹോട്ടൽ ഭക്ഷണം വഴി മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ചിലപ്പോൾ ഫൂഡ് പോയ്സനിങ് സംഭവിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമാക്കി മാറ്റുന്നതും അണുബാധയിലേക്കു വഴിയൊരുക്കുന്നതും. ഭക്ഷ്യ വിഷബാധ, ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയ മൂലമോ സംഭവിക്കാം. പൊടിപടലങ്ങളിൽ നിന്നും  മലിന ജലത്തിൽ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാം. 

എന്തുകൊണ്ട് ഭക്ഷ്യ വിഷബാധ?

ഭക്ഷ്യവിഷബാധയ്ക്കു കാരണം പലതാകാം. വൃത്തിയില്ലാത്ത കൈ കൊണ്ട് പാചകം ചെയ്യുന്നതു കാരണമാകാം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ വളരുന്ന പച്ചക്കറികളിൽ നിന്നും ചീഞ്ഞ പച്ചക്കറികളിൽ നിന്നുെമാക്കെ അണുബാധയുണ്ടാകാം.  ഇറച്ചി, മീൻ, പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയിലാണ് ബാക്ടീരിയ കൂടുതൽ കാണപ്പെടുന്നത്. ചിലപ്പോൾ ഭക്ഷ്യ വിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ച് ഗുരുതരമാകാം. അതിനാൽ നിസ്സാരമായി കാണരുത്. ഭക്ഷണം കഴിച്ച ശേഷം ഒാക്കാനം, ഛർദി, മനം പിരട്ടൽ, ശരീര വേദന, ശരീരത്തിൽ തരിപ്പ്, വയറിളക്കം, വയറു വേദന ഇതൊക്കെ ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളാണ്. 

ഭക്ഷ്യവിഷബാധ വന്നാൽ

സാധാരണ ഗതിയിലുള്ള, അധികം ഗുരുതരമല്ലാത്ത ഭക്ഷ്യ വിഷബാധയാണെങ്കിൽ രണ്ടു മൂന്നു മണിക്കൂറു െകാണ്ട് മാറാം. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം, ഒ ആർ എസ് ലായനി തുടങ്ങിയവ കുടിക്കാൻ നൽകാം. ശരീരത്തിന്റെ ജലാംശം കുറയാെത നോക്കണം.

ഛർദി ആവർത്തിച്ചാലും ഒരു ദിവസം കഴിഞ്ഞും മാറാതെ നിന്നാലും ഡോക്ടറെ കാണണം. രോഗി തളർന്ന് അവശനിലയിലാവുക, വയറിളക്കം വരിക, മലത്തിൽ രക്തത്തിന്റെ അംശം കാണുക, കടുത്ത വയറു വേദന അനുഭവപ്പെടുക ഈ ലക്ഷണങ്ങൾ കണ്ടാലും വേഗം ഹോസ്പിറ്റലിലെത്തിക്കണം.

ഭക്ഷ്യവിഷബാധ തടയാൻ മുൻ കരുതലുകൾ.

ശുചിത്വമാണ് ഏറ്റവും പ്രധാനം. അടുക്കളയും പരിസരവും എ പ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൈകൾ ശരിയായി വൃത്തിയാക്കിയ ശേഷമേ ഭക്ഷണം പാകം ചെയ്യാവൂ. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും നല്ല  വൃത്തിയുള്ളതാവണം.  

പച്ചക്കറി, മീന‍്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ വേസ്റ്റ് ബാസ്കറ്റിലിട്ട് യഥാസമയം പുറത്തു കളയണം. വേസ്റ്റ് ബാസ്കറ്റ് എല്ലാ ദിവസവും വൃത്തിയാക്കി വ യ്ക്കണം. ഈച്ചകൾ പരക്കാൻ അനുവദിക്കരുത്.

ചീഞ്ഞ പച്ചക്കറികളോ പഴകിയ മീനോ മുട്ടയോ ഇറച്ചിയോ ഒരു കാരണവശാലും ഉപയോഗിക്കരുത്.

പച്ചക്കറികൾ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയിട്ട് മാത്രം ഫ്രിജിൽ വയ്ക്കുക. കേടായ ഭക്ഷ്യ വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. മണ്ണിൽ വളരുന്ന  കാരറ്റ് പോലു ള്ള പച്ചക്കറികൾ പാകം ചെയ്തു മാത്രം ഉപയോഗിക്കുക.

ഭക്ഷണം ഒരിക്കലും തുറന്ന് വയ്ക്കരുത്. പഴകിയ ഭക്ഷണവും പൂപ്പലുള്ള ഭക്ഷണവും ഉപേക്ഷിക്കുക. എക്സ്പയറി ഡേറ്റ് കഴിഞ്ഞ പായ്ക്കറ്റ് ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കരുത്.

രാവിെലയും വൈകിട്ടും പാചകത്തിനു ശേഷം പാതകം ന നഞ്ഞ തുണി െകാണ്ട് നന്നായി തുടച്ച് വൃത്തിയാക്കുക.

വൃത്തിയുള്ള ഹോട്ടലിൽ നിന്നേ ആഹാരം കഴിക്കാവൂ. യാത്രകളിൽ കഴിയുന്നതും സസ്യ ഭക്ഷണം മാത്രം കഴിക്കുക.   

Tags:
  • Health Tips
  • Glam Up