Saturday 27 November 2021 04:00 PM IST : By സ്വന്തം ലേഖകൻ

താരനും മുടികൊഴിച്ചിലും മാറാത്തതിനു കാരണം വൃത്തിയില്ലാത്ത ചീപ്പ്; വെള്ളത്തിൽ ‘മുക്കി വയ്ക്കാതെ’ ഹെയർ ബ്രഷ് വൃത്തിയാക്കാം

hair-brush6545777

താരനും മുടി കൊഴിച്ചിലും മാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൃത്തിയാക്കാത്ത ബ്രഷ് ആണ്. ഷാംപൂവും കണ്ടീഷനറുമിട്ട് സുന്ദരമാക്കിയ മുടി എണ്ണയും പൊടിയും പിടിച്ചിരിക്കുന്ന ബ്രഷ് കൊണ്ടു ചീകിയാൽ പ്രശ്നമാകാതെങ്ങനെ. ഓരോരുത്തരുടെയും മുടിയുടെ സ്വഭാവത്തിനിണങ്ങുന്ന ഹെയർ ബ്രഷ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. 

∙ ഹെയർ ബ്രഷിലെ മുടി നീക്കം ചെയ്യലാണ് ആദ്യ പടി. ഇതിനായി പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കാം. ബ്രഷിലൂടെ ചീപ്പ് ഒരേ ദിശയിൽ ചീകിയാൽ മുടികൾ എളുപ്പത്തിൽ നീക്കാം. അതല്ലെങ്കിൽ നീളൻ വാലുള്ള ചീപ്പിന്റെ കൂർത്ത ഭാഗം കൊണ്ട് ഹെയർ ബ്രഷിലെ മുടി നീക്കാം. മുടി നീക്കാൻ പ്രയാസം തോന്നിയാൽ കുരുങ്ങി കിടക്കുന്ന മുടി ചെറിയ കത്രിക ഉപയോഗിച്ച് മുറിക്കുക. അധികബലം പ്രയോഗിച്ച് വലിച്ചെടുത്താൽ ബ്രഷ് ചീത്തയാകും.

∙ വലിയ ബൗളിൽ ചൂടുവെള്ളം നിറച്ച് ഷാംപൂവോ ഹാൻഡ് വാഷോ ചേർത്തിളക്കുക. അൽപം വിനാഗിരി കൂടി ചേർത്ത ശേഷം ബ്രഷ് ഇതിൽ ഒരു മണിക്കൂർ ഇട്ടുവയ്ക്കാം. പഴയ ടൂത്ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കിയെടുക്കാം. ഇനി തല കീഴായി ടിഷ്യൂ പേപ്പറിൽ വച്ച് ഉണക്കിയെടുക്കുക.

∙ ഹെയർ ബ്രഷ് ‘മുക്കി വയ്ക്കാതെ’ വൃത്തിയാക്കാൻ വഴിയുണ്ട്. ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ബേക്കിങ് സോഡ കലർത്തുക. പഴയ ടൂത്ബ്രഷ് ഇതിൽ മുക്കി ബ്രഷിൽ ഉരച്ചു കഴുകുക. നല്ല വെള്ളത്തിൽ കഴുകി ഒരു രാത്രി മുഴുവൻ വച്ച് ഉണക്കിയെടുക്കുക.

∙ മുടി ചീകിയ ശേഷം ഹെയർ ബ്രഷിലെ മുടി നീക്കം ചെയ്തു വയ്ക്കുന്നതാണ് നല്ലത്. മൂന്നാഴ്ച കൂടുമ്പോൾ കഴുകി വൃത്തിയാക്കുകയും വേണം.

Tags:
  • Health Tips
  • Glam Up