Monday 01 July 2024 09:48 AM IST : By സ്വന്തം ലേഖകൻ

പ്രായ വ്യത്യാസമില്ലാതെ മരണം, രോഗങ്ങൾ വരുന്ന പ്രായവും താഴേക്കിറങ്ങുന്നു: ചെറുപ്പക്കാരില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ

checkup

രോഗങ്ങൾ വരുന്ന പ്രായം താഴേക്കിറങ്ങി വരികയാണ്.ചെറുപ്പക്കാരിൽ കൂടുന്ന അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ജോലിസംബന്ധമായ മറ്റുള്ള സമ്മർദങ്ങളും തന്നെ കാരണം. രോഗങ്ങൾ ഗുരുതരാവസ്ഥയിലെത്തുന്നതിനു മുൻപുതന്നെ കണ്ടെത്താനായി ചിട്ടയോടെ നടത്തുന്ന വാർഷിക വൈദ്യപരിശോധനകൾ ഉപകരിക്കും.

പ്രഷർ-ഷുഗർ-കോളസ്ട്രോൾ

ചെറുപ്പക്കാരിൽ പ്രമേഹവും ഹൈപ്പർ ടെൻഷനും സാധാരണമാകുന്നു. കോവിഡിനുശേഷം പ്രമേഹം ഏറി. 30 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ രക്തത്തിലെ ഷുഗർ, കൊഴുപ്പിന്റെ അളവറിയാൻ ലിപി‍ഡ് പ്രൊഫൈൽ, ബി പി പരിശോധന എന്നിവ ചെയ്യണം.

ലിവർ ഫങ്ഷൻ ടെസ്റ്റുകൾ

മദ്യപാനം, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവരിലും ഫാറ്റിലിവർ പ്രശ്നങ്ങൾ കൂടുതലാണ്. ഇങ്ങനെയുള്ളവർ വർഷത്തിലൊരിക്കൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ (LFT) ചെയ്യണം. ഡോക്ടർ നിർദേശിച്ചാൽ അൾട്രാസൗണ്ട് സ്കാനിങ്ങും വേണ്ടിവരും. 

തൈറോയ്ഡ് ടെസ്റ്റ്

പാരമ്പര്യമായി തൈറോയ്ഡ‍് പ്രശ്നങ്ങളുള്ളവർ, ശരീരം പെട്ടെന്നു മെലിയുകയോ തടിക്കുകയോ ചെയ്യുന്നവർ, അകാരണമായ ക്ഷീണമനുഭവിക്കുന്നവർ തുടങ്ങിയവർ വർഷത്തിലൊരിക്കൽ തൈറോയ്ഡ‍് ഫങ്ഷൻ ടെസ്റ്റുകൾ (ടി എഫ് ടി) നടത്തണം. 

യൂറിക് ആസിഡ്

മദ്യപിക്കുന്നവർ, പൊണ്ണത്തടിയുള്ളവർ, മൂത്രത്തിൽ കല്ലിന്റെ പ്രശ്നങ്ങളുള്ളവർ, സന്ധിവേദനകളുള്ളവർ തുടങ്ങിയവർ വർഷത്തിലൊരിക്കൽ യൂറിക് ആസിഡ് പരിശോധന നടത്തണം.

ഹെൽത് സ്ക്രീനിങ് : ഇവ ശ്രദ്ധിക്കാം

∙ അര മണിക്കൂറെങ്കിലും സ്വസ്ഥമായിരുന്ന് വിശ്രമിച്ചിട്ടു വേണം രക്തസമ്മർദം (ബി പി) നോക്കാൻ. പുകവലി, കാപ്പികുടി തുടങ്ങിയവ ഒഴിവാക്കണം.

∙ ഷുഗറിന്റെ ശരാശരി നിർണയിക്കുന്ന പരിശോധനയായ എച്ച് ബി എ1സി പ്രമേഹമുള്ളവർ ആറു മാസത്തിലൊരിക്കലും ഷുഗറില്ലാത്തവർ വർഷത്തിലൊരിക്കലും പരിശോധിച്ചാൽ മതിയാകും. പരിശോധനയ്ക്ക് ഫാസ്റ്റിങ് വേണ്ട.

∙ കൊളസ്ട്രോളിന്റെ മുഴുവൻ പരിശോധനയായ ലിപിഡ് പ്രൊഫൈൽ തന്നെ ചെയ്യണം. 12 മണിക്കൂർ ഭക്ഷണം കഴിക്കാതെ പരിശോധിക്കണം.

∙ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടർന്നു കൊണ്ടുവേണം പരിശോധന നടത്താൻ. ഇൻസുലിൻ, പ്രഷറിന്റെയും ഷുഗറിന്റെയും ഗുളികകൾ തുടരണം.

∙ പ്രഷർ, ഷുഗർ ഉള്ളവർ ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി അപ്പാരറ്റസ് എന്നിവയിൽ വീട്ടിൽ തന്നെ ഇടയ്ക്കിടെ പരിശോധിക്കാൻ മറക്കരുത്.

∙ ഡോക്ടറിന്റെ നിർദേശ പ്രകാരം മാത്രമായിരിക്കണം പരിശോധനകൾ തിരഞ്ഞെടുക്കേണ്ടത്. അനാവശ്യ പരിശോധനകൾ ഒഴിവാക്കണം.

ഡോ. ബി. പത്മകുമാർ

പ്രഫസർ & ഹെഡ്,  മെഡിസിൻ വിഭാഗം

ഗവ. മെഡിക്കൽ കോളജ്  ആലപ്പുഴ

Tags:
  • Manorama Arogyam