Saturday 09 April 2022 03:09 PM IST : By ശ്യാമ

‘ചപ്പാത്തിയിൽ പച്ചക്കറികളും ഇലക്കറികളും ചേർത്ത് കുഴയ്ക്കാം’; രോഗപ്രതിരോധത്തിന് ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

shutterstock_1926634625

രോഗം വരാതെ നോക്കാനുള്ള മാർഗങ്ങളെയാണ് രോഗപ്രതിരോധം എന്ന് പറയാവുന്നത്. വല്ലപ്പോഴും മാത്രം അക്കാര്യങ്ങൾ ശ്രദ്ധിക്കുന്ന രീതി മാറ്റാം. അത് ജീവിതചര്യയുടെ ഭാഗമാക്കുക. ആഹാരകാര്യത്തിൽ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട്. വൈറ്റമിൻ സി ആണ് ഭക്ഷണത്തിലെ ധാതുലവണങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത്. ഇലക്കറികൾ, നാരങ്ങ, മുസംബി, നെല്ലിക്ക, കിവി എന്നിവയിലൊക്കെ വൈറ്റമിൻ സി ധാരാളമുണ്ട്. അതൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുക. 

കൃത്യസമയത്ത് ഭക്ഷണം 

കാലത്ത് 7.30ന് മുൻപായി പ്രാതൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതേപോലെ വൈകുന്നേരം 7.30ന്  അത്താഴവും. ജോലിയടക്കം പല കാരണങ്ങൾ കൊണ്ട് ഇതേ സമയം തന്നെ പാലിക്കാൻ പറ്റാത്തവർ കഴിവതും കൃത്യമായ സമയം വച്ച് ആ നേരത്ത് തന്നെ കഴിക്കാൻ ശ്രമിക്കുക.  

രാവിലെ എഴുന്നേറ്റ് ആദ്യം വയറ്റിലേക്കെത്തുന്നത് വെള്ളം ആകുന്നതാണ് നല്ലത്. ഇടവേളകളിൽ നാരങ്ങാവെള്ളമോ സാലഡുകളോ നട്സോ ആവിയിൽ വേവിച്ച പലഹാരമോ കഴിക്കാം. പാക്കറ്റിൽ വരുന്ന ബിസ്ക്കറ്റ് പോലുള്ളവ, ബേക്കറി പലഹാരം എന്നിവ കഴിവതും ഒഴിവാക്കുക.  

കുട്ടികളാണ് കൂടുതലും പാക്കറ്റ് ഭക്ഷണം അകത്താക്കുന്നത്. അതിനു പകരം വീട്ടിലുണ്ടാക്കാവുന്ന കട്‌ലെറ്റ്, നട്സും ശർക്കരയും കൊണ്ടുള്ള എനർജി ബാർ, പലതരം ദോശകൾ, അവൽ നനച്ചത് തുടങ്ങി പലതും കൊടുക്കാം. 

പുതിയ രുചിയിൽ പോഷകങ്ങൾ

വാഴക്കുടപ്പൻ ഇഷ്ടമല്ലാത്തയാളുകൾക്ക് ചിലപ്പോഴത് കട്‌ലറ്റ് ആക്കിയാലോ ന്യൂഡിൽസിനൊപ്പം ചേർത്തോ സാലഡിൽ വഴറ്റി ഇട്ടാലോ ഇഷ്ടപ്പെടും.  പോഷകപ്രധാനമായ ആഹാരം തീർത്തും ഒഴിവാക്കാതെ അവയെ പുതിയ രൂപത്തിലാക്കി അകത്താക്കാനുള്ള വഴികൾ തേടാം. 

വില കൂടിയാൽ ഗുണം കൂടുമോ?

പൊതുവേ പലർക്കും വിദേശ നിർമിത വസ്തുക്കളോടും വിലക്കൂടുതൽ ഉള്ളവയോടും താൽപര്യക്കൂടുതൽ ഉണ്ട്. കൂടുതൽ വിപണി വിലയും ആകർഷകമായ പാക്കിങ്ങും ഉണ്ട് എന്ന കാരണം കൊണ്ട് അത് നല്ല സാധനമാകും എന്ന് കരുതുന്നവരും കുറവല്ല. സത്യത്തിൽ പലപ്പോഴും അതൊരു തെറ്റിധാരണയാണ്.  

നമ്മുടെ നാട്ടിൽ കിട്ടുന്ന കൂവരക്, മധുരക്കിഴങ്ങ്, പലതരം അരികൾ, വാഴപ്പിണ്ടി, മുരിങ്ങയില, ചേനത്തണ്ട്, കടച്ചക്ക, ഇരുമ്പൻപുളി, ചേമ്പ്, തേൻ, കാന്താരിമുളക്, പല തരം ചക്കകൾ, പലതരം ചീരകൾ, കശുവണ്ടി, സപ്പോട്ട തുടങ്ങിയവ കഴിവതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പോഷകങ്ങളുടെ കലവറയാണിതൊക്കെയും. 

വീട്ടിലിരുന്നാലും പുറത്തെ ഭക്ഷണം കുറയ്ക്കുക

സമയം മുൻകൂട്ടി പ്ലാൻ ചെയ്തും വീട്ടിലെ എല്ലാവരേയും പാചകത്തിൽ ഉൾപ്പെടുത്തിയും ഭക്ഷണം വീട്ടിൽ പാകം ചെയ്യാം. പുറത്തുനിന്നുള്ള ഭക്ഷണത്തിൽ മിക്കവാറും തന്നെ രുചിയും നിറവും കൂട്ടാനുള്ള രാസവസ്തുക്കളും ഉണ്ടാക്കുന്ന പദാർഥങ്ങളിലെ ഗുണമേൻമയില്ലായ്മയും ഒക്കെ കാണും. അത് പലതരം അസുഖങ്ങളുണ്ടാക്കും.

തീരെ ചെറിയ പ്രായം തൊട്ടേ പലർക്കും കൊളസ്ട്രോളും അമിതവണ്ണവും രക്താതിമർദവും ഒക്കെ വരാനുള്ള പ്രധാന കാരണം  പുറത്തു നിന്നുള്ള ഭക്ഷണം കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ടാണ്. വല്ലപ്പോഴുമൊരിക്കൽ പുറത്ത് നിന്ന് കഴിക്കുന്നതു പോലെയല്ല അത് സ്ഥിരമാക്കുന്നത്. 

സ്ഥിരം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും മറ്റും ചേർക്കുക. ചപ്പാത്തിയിൽ പച്ചക്കറികളും ഇലക്കറികളും ചേർത്ത് കുഴയ്ക്കാം. ദോശമാവിലും ഇഡ്ഡലി മാവിലും ചീര, തക്കാളി, മല്ലിയില, പുതിന, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ചേർക്കാം. 

കൂൾഡ്രിങ്ക്സിനു പകരം കരിക്ക്

പുറത്തിറങ്ങിയാൽ ചായ, കാപ്പി, ഷേയ്ക്ക്, കൂൾഡ്രിങ്ക്സ് പോലുള്ളവ അമിതമായി കുടിക്കുന്നതിന് പകരം ആരോഗ്യപ്രധാനമായ  പാനീയങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യാം. കരിക്ക്, നാരങ്ങാവെള്ളം, സൂപ്, മോരുംവെള്ളം, ഫ്രഷ് ജൂസ് പോലുള്ളവ തിരഞ്ഞെടുക്കാം. ജ്യൂസുകളിൽ കഴിവതും പഞ്ചസാര ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. 

Tags:
  • Health Tips
  • Glam Up