Friday 22 April 2022 04:25 PM IST : By സ്വന്തം ലേഖകൻ

മെറ്റബോളിസം കൂട്ടാനും മലബന്ധം അകറ്റാനും കറ്റാർവാഴ; വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവിഭവങ്ങൾ ഇതാ

weight-losss889987bur

സാധാരണ ഭക്ഷണം ഒഴിവാക്കിയല്ല അമിതവണ്ണം കുറയ്ക്കേണ്ടത്. പകരം ആരോഗ്യകരമായ ക്രമീകരണം ഭക്ഷണത്തില്‍ നടത്തിയാൽ ഈസിയായി വണ്ണം കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവിഭവങ്ങൾ ഇതാ.. 

തേൻ 

തേനും വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങയും ചേർത്തു കഴിച്ചാൽ കൂടുതൽ ഫലം ലഭിക്കും. തേനിലെ ഊർജത്തിന്റെ അളവ് പഞ്ചസാരയ്ക്കു തുല്യമായതിനാൽ കൂടുതൽ ഉപയോഗിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. രണ്ടു സ്പൂൺ വരെ സുരക്ഷിതമായി ഒരു ദിവസം കഴിക്കാം.

ഇഞ്ചി

ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും. ജിഞ്ചർ ലൈം, ജിഞ്ചർ ടീ തുടങ്ങിയവ മധുരം ചേർക്കാതെ ഉപയോഗിക്കാം.

വെളുത്തുള്ളി

ശരീരത്തിൽ കൊഴുപ്പടിയുന്നത് തടയാൻ വെളുത്തുള്ളി അല്ലി ചവച്ചോ, അരച്ചു മോരിലോ നാരങ്ങാവെള്ളത്തിലോ ചേർത്തു കഴിക്കാം.

ബദാം

ബദാമിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിനു ശരീരത്തിൽ സംഭരിച്ചുവച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയാൻ കഴിവുണ്ട്. വെറ്റും വയറ്റിൽ 3–4 ബദാം ദിവസവും കഴിക്കുന്നതു തൂക്കം കുറക്കാൻ സഹായിക്കും.

പുതിനയില 

പുതിനയിലയ്ക്കു ബൈൽ ആസിഡിന്റെ ഉൽപാദനം കുറയ്ക്കാൻ കഴിവുണ്ട്. ഇതുവഴി കൊഴുപ്പ് അധികമായി അടിയുന്നതു തടയാം. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒാക്സിഡന്റുകൾക്കു മെറ്റബോളിസം കൂട്ടാനുള്ള കഴിവുമുണ്ട്.

കറ്റാർവാഴ 

മെറ്റബോളിസം കൂട്ടാനും മലബന്ധം അകറ്റാനും കറ്റാർവാഴയ്ക്കുള്ള കഴിവ് വണ്ണം കുറയ്ക്കാൻ സഹായിക്കും. ജ്യൂസായോ മറ്റു രൂപത്തിലോ ഉപയോഗിക്കാം.

വിശപ്പിന് ഇലക്കറികൾ

ഇലവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന തൈലാക്കോയിഡ് എന്ന ഘടകത്തിനു വയർ നിറഞ്ഞ പ്രതീതി നൽകാൻ കഴിവുണ്ട്. അതിനാൽ ഭക്ഷണത്തിൽ ഇലക്കറികൾ കൂട്ടിയാൽ അമിത ഭക്ഷണം ഒഴിവാക്കാം.

ഏത്തപ്പഴം

മറ്റു പഴങ്ങളെ അപേക്ഷിച്ച് ഊർജവും അന്നജവും കൂടുതൽ ആണെങ്കിൽ മിതമായി ഉപയോഗിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ഒലിഗോ സാക്കറൈഡ് തൂക്കം കുറയാൻ സഹായിക്കും. ഏത്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളമടങ്ങിയിരിക്കുന്നതിനാൽ ക്ഷീണം മാറ്റാൻ ഉത്തമമാണ്.

മുഴുധാന്യങ്ങൾ

സംസ്കരിച്ച ധാന്യങ്ങൾക്കു പകരം നാരുകൾ ധാരാളമടങ്ങിയ ഗോതമ്പ്, ബാർളി, തിന,റാഗി, തവിടുള്ള അരി തുടങ്ങിയവ ഉപയോഗിക്കുക വഴി കൊഴുപ്പിന്റെ ആഗിരണം തടയാനും അന്നജം കുറയ്ക്കാനും സഹായിക്കും.

Tags:
  • Glam Up