Saturday 05 March 2022 03:38 PM IST

അമിത വ്യായാമം മരണം കൊണ്ടുവരുമോ? വർക്ഔട് ആരംഭിക്കുന്നതിനു മുൻപ് കാർഡിയാക് പ്രശ്നങ്ങൾ പരിശോധിച്ചറിയാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Tency Jacob

Sub Editor

shutterstock_1213268350

കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ അകാല മരണത്തോടെ വ്യായാമം ചെയ്യാന്‍ പോലും പേടിയാണ് പലര്‍ക്കും. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വ്യായാമവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം ചർച്ചയാവുകയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ(52) അപ്രതീക്ഷിത വിയോഗമാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യ വിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കാണ് വോൺ ഇവിടെ എത്തിയതെന്നാണ് സൂചന. അഞ്ചു ദിവസം മുൻപ് ഇതു സംബന്ധിച്ച് ഒരു ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ പഴയ ചിത്രം പങ്കുവച്ച് ‘വീണ്ടും ഇതു പോലെയാവണം എന്നതാണ് ലക്ഷ്യം’ എന്നായിരുന്നു വോൺ കുറിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോവിഡ് ബാധിതനായപ്പോൾ തന്നെ കുറച്ചു നേരം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നതായും വോൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഹൃദയാരോഗ്യത്തിന് തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? വനിതയിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ വായിക്കാം.. 

പ്രായം വെറും 46. അല്ലലും അലട്ടലുമില്ലാത്ത സുഖജീവിതം. ആരോഗ്യസംരക്ഷണത്തിന് കൃത്യമായ ആഹാരവും വ്യായാമവും പരിശോധനകളും ഉള്‍പ്പെടെ എല്ലാ കരുതലുകളും. പക്ഷേ, ആരാധകരെ മാത്രമല്ല െചറുപ്പക്കാരെ ഒന്നടങ്കം െഞട്ടിച്ചു െകാണ്ടാണ് കന്നട നടൻ പുനീത് രാജ്കുമാർ മരണത്തിനു കീഴടങ്ങിയത്.

വ്യായാമത്തിനിടയിൽ ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണായിരുന്നു മരണമെന്നു േകട്ടതോെട പലരും െനഞ്ചത്തു െെകവച്ചു േചാദിച്ചു, ‘അമിതവ്യായാമം കുഴപ്പത്തിലാക്കുമോ?’

പുനീത് മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആശുപത്രി കളിൽ ഹൃദയപരിശോധനയ്ക്കായി എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ജിമ്മില്‍ േപാകുന്നവരുെട എണ്ണം കുറഞ്ഞതും ഒക്കെ ഈ പേടി മൂലമാണ്. വർക്കൗട്ട് ചെയ്യുന്നതിനിടയിലും വ്യായാമം കഴിഞ്ഞുള്ള വിശ്രമവേളയിലും മരണപ്പെടുന്ന ചെറുപ്പക്കാരുെട എണ്ണം കൂടുന്നുണ്ടെങ്കിലും വ്യായാമവുമായി നേരിട്ടു ബന്ധപ്പെട്ടാകണമെന്നില്ല ഈ മരണങ്ങളെന്നുള്ളതാണ് യാഥാർഥ്യം. അൽപം കരുതലെടുത്താൽ മരണവും ആശങ്കയും ഒരുപോലെ ഒഴിവാക്കാം.

സാധാരണ  മധ്യവയസ്സ് കഴിഞ്ഞവരെയാണ് ഹൃദ്രോഗങ്ങൾക്കു‍ കാരണമാകുന്ന പ്രമേഹം, അമിതരക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ റിസ്ക് ഫാക്ടേഴ്സ് ബാധിക്കുന്നത്. മാനസിക സമ്മർദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ മൂലം ഇന്നു ചെറുപ്പക്കാരും ഈ വെല്ലുവിളികൾക്ക് അടിമകളാകുന്നു. ശരീരം നല്ല ഫിറ്റായി കാണപ്പെടുന്നതിനാൽ ഈ അസുഖങ്ങൾ വന്നു ചേരുന്നത് അറിയാതെ പോകുന്നതാണ് മറ്റൊരു പ്രശ്നം.

ചെറുപ്പക്കാർക്ക് ഈ അസുഖങ്ങൾ മൂലം വളരെ പെട്ടെന്നു തന്നെ ഹൃദയത്തിൽ ബ്ലോക് വരാം. രക്തധമനികളിൽ ചെറിയ തടസ്സമുണ്ടാകുമ്പോഴേക്കും പ്രായമായവരുടേതിൽ നിന്നു വ്യത്യസ്തമായി ഇവർക്കു ഹൃദയമിടിപ്പു ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യും. ആ മാറ്റം ഹൃദയത്തിനു തരണം ചെയ്യാൻ കഴിയാതെ വരും. രക്തം പ്രവഹിക്കുന്നതിനു തടസ്സമുണ്ടാകുമ്പോൾ ഹൃദയത്തിന്റെ പമ്പിങ് മൊത്തത്തിൽ നിലയ്ക്കുന്നു. അതു തലച്ചോറിന്റെ പ്രവർത്തനത്തെ നിശ്ചലമാക്കും. ഇതാണ് ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നതിനു കൂടുതലും കാരണമാകുന്നത്.

shutterstock_1428376907

സ്വന്തം ശരീരത്തെ അറിയുക

വ്യായാമം ആരംഭിക്കുന്നതിനു മുൻപു കാർഡിയാക് പ്രശ്നങ്ങളോ മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നു പ രിശോധിക്കേണ്ടത് ആവശ്യമാണ്. രക്തക്കുഴലിലെ ബ്ലോക്കുകൾ 70 ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടൂ. പുറമേക്ക് ലക്ഷണങ്ങളില്ല എന്നു കരുതി പരിശോധിക്കാതിരിക്കുന്നതാണ് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുന്നത്.

∙ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നിവ ഇടയ്ക്കു പരിശോധിക്കണം. ഇവയുടെ അളവ് ഉയർന്ന തോതിലല്ലാത്തവർക്കും ഹൃദയസ്തംഭനം ഉണ്ടാകുമെന്നതുകൊണ്ട് 40 വ യസ്സു കഴിഞ്ഞവർ ഇസിജി എടുത്ത് ഹൃദയാരോഗ്യ പ്രശ്നങ്ങളില്ലെന്നു ഉറപ്പു വരുത്തണം. തുടർച്ചയായി ഗ്യാസ് പ്രശ്നം വരുന്നവരും ഇസിജി എടുത്തു പരിശോധിക്കുന്നത് നല്ലതാണ്.

∙ ഇസിജിയിൽ പ്രശ്നങ്ങൾ കാണിക്കുന്നില്ലെങ്കിലും കയ റ്റം കയറുമ്പോൾ അസാധാരണമാംവിധം കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെങ്കിലും ജോലി കൂടുതൽ ചെയ്യുമ്പോൾ ഗ്യാസ് പോലെ തോന്നുന്നെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ട്രെഡ്മിൽ ടെസ്റ്റ് നടത്താം. കുഴഞ്ഞുവീണു മരിച്ച പലർക്കും തലേദിവസമോ  മരണത്തിനു തൊട്ടുമുൻപോ ഗ്യാസിന്റെ പ്രശ്നം, തോളിൽ വേദന  ഇവ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിക്കാറുണ്ട്.

∙ ട്രെഡ്മിൽ ടെസ്റ്റിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം എ ക്കോ കാർഡിയോഗ്രാം, കാർഡിയാക് സിടി ആൻജിയോ എന്നിവ ചെയ്താൽ മതി. ഹൃദ്രോഗത്തിന്റെ യാതൊരു ല ക്ഷണങ്ങളുമില്ലാതെ ആൻജിയോഗ്രാം ചെയ്യുന്നതിൽ റിസ്ക്കുകളുള്ളതുകൊണ്ടു ഡോക്ടർമാർ ആവശ്യമുണ്ടെ ങ്കിൽ മാത്രമാണ് ഇത്തരം ടെസ്റ്റുകൾ ചെയ്യിക്കുന്നത്. പ ത്തു കൊല്ലത്തിനുള്ളിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത ഈ റിപ്പോർട്ടുകളിൽ നിന്ന് അറിയാം.

∙ ഈയൊരു കാലഘട്ടത്തിൽ കോവിഡ് ബാധ, ശരീരത്തിൽ ബ്ലഡ്ക്ലോട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയാനായി ഡി ഡൈമർ ടെസ്റ്റ് നടത്തുന്നതും നല്ലതായിരിക്കും.

വ്യായാമം, ശരീരത്തെ അറിഞ്ഞ്

ഒരു വ്യക്തിയുടെ ശരീരഭാരം, പ്രായം, ആരോഗ്യം എന്നി വയനുസരിച്ചാണ് ഡോക്ടർ ഏതുതരം വ്യായാമം എത്ര സമയം ചെയ്യണമെന്നു തീരുമാനിക്കുന്നത്.

∙ എല്ലാ അവയവങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് എയ്റോബിക് വ്യായാമങ്ങൾ. നടത്തം, സൈക്ലിങ്,നീന്തൽ എന്നിവയൊക്കെ ഇത്തരത്തിലുള്ള വ്യായാമങ്ങളാണ്. അൺ എയ്റോബിക് വ്യായാമങ്ങളും നല്ലതു ത ന്നെയാണെങ്കിലും എയ്റോബിക് വ്യായാമങ്ങളാണ് ഹൃദയത്തിനു കൂടുതൽ ആരോഗ്യകരം.

∙ അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ ആഴ്ചയിൽ അഞ്ചോ ആറോ ദിവസം വ്യായാമം ചെയ്താൽ മതി.ആദ്യ പത്തു മിനിറ്റ് സാവധാനവും 30 മിനിറ്റ് വേഗം കൂട്ടിയും വീണ്ടും പത്തു മിനിറ്റ് സാവധാനവും നടന്നു വ്യായാമം അവസാനിപ്പിക്കാം. എന്തുതരം വ്യായാമം ആണെങ്കിലും തുടങ്ങുന്നതിനു മുൻപു വാംഅപ്പും കഴിഞ്ഞാൽ മസിൽ സ്ട്രെച്ചിങ്ങും ചെയ്യണം.

∙ കൂടുതൽ സമയം വ്യായാമം ചെയ്യണമെന്നുള്ളവർ ഘട്ടം ഘട്ടമായി കൂട്ടിക്കൊണ്ടു വരുന്നതാണ് നല്ലത്. രണ്ടു മണിക്കൂറൊക്കെ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ വിയർക്കുന്നതു മൂലം ശരീരത്തിലെ ജലാംശം അമിതമായി നഷ്ടപ്പെടുന്നു. ഇതു രക്തക്കുഴലുകളിൽ ക്ലോട്ട് വരാനുള്ള സാധ്യത കൂട്ടുന്നു. കൂടുതൽ വെള്ളം കുടിക്കുകയാണ് പോംവഴി.

∙ മാനസിക സമ്മർദം തരണം ചെയ്യാൻ യോഗ, മെഡിറ്റേഷൻ എന്നിവ ദിവസവും അര മണിക്കൂർ ചെയ്യുന്നത് നല്ലതാണ്. അതു റിസ്ക് ഫാക്ടേഴ്സ് കുറയ്ക്കുകയും ഹൃദയത്തിനു കരുതൽ കൊടുക്കുകയും ചെയ്യുന്നു. വ്യായാമങ്ങൾക്കു പകരമായല്ല, ഇവ ചെയ്യേണ്ടത്.

∙ 50 വയസ്സു കഴിഞ്ഞവർ ഭാരമെടുത്തുള്ള വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ജിമ്മിൽ പരിശീലിപ്പിക്കുന്നവർ കൃത്യമായി ട്രെയിനിങ് കിട്ടിയവരാണോ എന്നു പ രിശോധിക്കണം. ആരോഗ്യം ഉറപ്പാക്കുക എന്നതിലുപരി മസിൽ പെരുപ്പിക്കാനോ വണ്ണം കുറയ്ക്കാനോ എളുപ്പവഴിയിലൂടെ ക്രിയ ചെയ്യുമ്പോഴാണ് ഗുരുതരമാകുന്നത്.മസിൽ വയ്ക്കാൻ വേണ്ടി മരുന്നുകൾ കഴിക്കുന്നതുപോലെ തന്നെ പ്രശ്നമാണ് വണ്ണം കുറയാൻ അശാസ്ത്രീയ രീതിയിൽ ശ്രമിക്കുന്നതും.

docttt5566777 ഡോ. കൃഷ്ണകുമാർ പി അസോഷ്യേറ്റ് പ്രഫസർ ഓഫ് കാർഡിയോളജി, ഗവ.മെഡിക്കൽ കോളജ് തിരുവനന്തപുരം, ഡോ. സജീഷ് കെ. അസിസ്റ്റന്റ് പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

ശരിയായ ജീവിതശൈലി

∙ ആറുമണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. ആരോഗ്യ കരവും ചിട്ടയുള്ളതുമായ ഭക്ഷണം, മിതമായ ഉപ്പ് ഉപയോഗം ഇവ ഹൃദയസ്തംഭനത്തെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സഹായിക്കും.

∙ കുടുംബപാരമ്പര്യം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ ഇവയൊക്കെയാണ് ഹൃദ്രോഗത്തിന്റെ കാരണങ്ങളായി പറഞ്ഞിരുന്നത്. പക്ഷേ, മുൻനിരയിലേക്ക് കയറി വന്ന മറ്റൊരു വില്ലൻ കൂടിയുണ്ട്, അമിതവണ്ണം. മുതിർന്നവരിൽ മാത്രമല്ല 60 ശതമാനം കുട്ടികളിലും അമിതവണ്ണം പലവിധ രോഗങ്ങളുടെ കാരണമായി മാറി. ഭക്ഷണശീലത്തിൽ വന്ന മാറ്റമാണ് ഇതിന് വഴിയൊരുക്കിയത്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക. അതാണ് ആദ്യം തുടങ്ങേണ്ട പ്രതിരോധപ്രവർത്തനം.

സ്ത്രീകളും ഹൃദയവും

നാൽപതിനു മുൻപ് ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകൾ ഹൈറിസ്കിൽ പെടുന്നു. അതുപോലെ പ്രമേഹമുള്ള സ്ത്രീകൾക്ക് സമാനാവസ്ഥയുള്ള പുരുഷന്മാരേക്കാൾ ഹൃദയസ്തംഭനസാധ്യത ഇരട്ടിയാണ്. അറുപതിനു മുൻപ് സ്ത്രീക്കും അമ്പതിനു മുൻപ് പുരുഷനും ഹാർട്ട് അറ്റാക് വന്നിട്ടുണ്ടെങ്കിൽ അവരുടെ മക്കളും സഹോദരങ്ങളും ജാഗ്രത പുലർത്തണം. പാരമ്പര്യ ഘടകങ്ങൾ മൂലമുള്ള രോഗസാധ്യത അവർക്കുമുണ്ടാകാം.

 കോവിഡ് പോലുള്ള വൈറൽ ബാധകൾ ചിലരുടെ ഹൃദയപ്രവർത്തനത്തെ സാരമായി ബാധിക്കാം. പമ്പിങ് കുറഞ്ഞ് ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അവസ്ഥയിലേക്ക് എത്താം. വൈറൽബാധയ്ക്കു ശേഷം നടക്കുമ്പോൾ കിതപ്പു പോലെ വരുന്നുണ്ടെങ്കിൽ എക്കോ കാർഡിയോഗ്രാം ചെയ്തു  പമ്പിങ് കുറഞ്ഞിട്ടില്ല എന്നുറപ്പാക്കണം.

Tags:
  • Health Tips
  • Glam Up