Tuesday 30 August 2022 03:03 PM IST : By സ്വന്തം ലേഖകൻ

‘ചൂടില്ലാതെ തന്നെ പെട്ടെന്ന് വിയര്‍ക്കല്‍, തലകറക്കം’; ഹൃദയാഘാതം, ഒരു മാസം മുന്‍പ് സ്ത്രീകളില്‍ പ്രത്യക്ഷമാകുന്ന സൂചനകള്‍ അവഗണിക്കരുത്

heartayyyt66jijijuju

ഹൃദയാഘാതം പുരുഷന്‍മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും വരാം. ഏത് പ്രായത്തിലുള്ളവരെയും എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. എന്നാല്‍ ഹൃദയാഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും ശരീരം നല്‍കുന്ന ചില സൂചനകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. 

പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെ കാര്യത്തില്‍ ചെറിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക. ഇതാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള കാരണം. 

നെഞ്ചുവേദനയും സമ്മര്‍ദവും ഇരുകൂട്ടരിലും ഹൃദയാഘാതത്തിന് മുന്‍പ് വരാറുണ്ട്. എന്നാല്‍ മനംമറിച്ചില്‍, വിയര്‍ക്കല്‍, ഛര്‍ദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന തുടങ്ങിയ ലക്ഷണങ്ങള്‍ സ്ത്രീകളിലാണ് കൂടുതലും കണ്ടു വരുന്നത്. സ്ത്രീകള്‍ ഹൃദയാഘാതത്തിന് മുന്‍പ് ബോധരഹിതരാകാനുള്ള സാധ്യതയും അധികമാണ്. പുരുഷന്മാരില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തോള്‍ വേദന, താടിയ്ക്ക് വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇക്കൂട്ടത്തില്‍ ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ അമിതമായ ക്ഷീണവും തടസ്സപ്പെടുന്ന ഉറക്കവുമാണ്.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം; 

1. നെഞ്ചിന് അസ്വസ്ഥത

2. ശരീരത്തിന്റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും. കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും

3. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

4. ചൂടില്ലാതെ തന്നെ പെട്ടെന്ന് വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം

Tags:
  • Spotlight